കോർപ്പറേറ്റ് റീട്ടെയിൽ വില്പനശാലകളോട് കിടപിടിക്കുന്ന അത്യാധുനിക സൗകര്യങ്ങളുമായി സപ്ലൈകോയുടെ ‘സിഗ്നേച്ചർ മാർട്ട്’ ഈ വർഷം എല്ലാ ജില്ലകളിലും നിലവിൽ വരും. ഉപഭോക്താക്കൾക്ക് ആധുനിക രീതിയിലുള്ള ഷോപ്പിംഗ് അനുഭവം പ്രദാനം ചെയ്യുന്നതിനൊപ്പം പ്രമുഖ കോർപ്പറേറ്റ് റീട്ടെയിൽ ശൃംഖലകൾ നൽകുന്നതിന് സമാനമായ സേവനങ്ങൾ സർക്കാർ വിപണിയിലൂടെ ലഭ്യമാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
കോട്ടയത്തും എറണാകുളത്തുമാണ് ഉടൻതന്നെ സിഗ്നേച്ചർ മാർട്ടുകൾ പ്രവർത്തനമാരംഭിക്കുക. കോട്ടയത്ത് തിരുനക്കര മൈതാനത്തിന് എതിർവശത്തുള്ള സപ്ലൈകോ ഹൈപ്പർമാർക്കറ്റും എറണാകുളം കടവന്ത്ര ഗാന്ധിനഗറിലെ സപ്ലൈകോ കേന്ദ്ര കാര്യാലയത്തോട് ചേർന്നുള്ള ഹൈപ്പർമാർക്കറ്റുമാണ് പദ്ധതിയുടെ ഭാഗമാകുന്നത്. ഇതിൽ കോട്ടയത്തെ മാർട്ടിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ഇപ്പോൾ അവസാന ഘട്ടത്തിലാണ്.
പദ്ധതിയുടെ ഭാഗമായുള്ള സംസ്ഥാനത്തെ ആദ്യ സിഗ്നേച്ചർ മാർട്ട് തലശ്ശേരിയിൽ ജനുവരി 10ന് ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ. അനിൽ ഉദ്ഘാടനം ചെയ്തിരുന്നു. തലശ്ശേരി നഗരത്തിലെ സപ്ലൈകോ ഹൈപ്പർമാർക്കറ്റാണ് ഇത്തരത്തിൽ സിഗ്നേച്ചർ മാർട്ടായി മാറിയത്. ഗ്ലോബൽ ഇന്നവേറ്റീവ് ടെക്നോളജീസ് ഡിസൈൻ ചെയ്ത തലശ്ശേരി നഗരത്തിലെ സിഗ്നേച്ചർ മാർട്ട് സപ്ലൈകോ യാഥാർത്ഥ്യമാക്കിയത് ടീം തായിയുമായി സഹകരിച്ചാണ്.
