ശബരിമല: ശബരിമലയിലെത്തുന്ന ഭക്തര്‍ക്ക് എന്തിനും ഏതിനും ആശ്രയമായി നിസ്വാര്‍ഥ സേവനം കാഴ്ചവെയ്ക്കുന്ന അഖിലഭാരത അയ്യപ്പസേവാസംഘത്തിന്റെ പ്രവര്‍ത്തനങ്ങള്‍ മുക്തകണ്ഠ പ്രശംസ നേടുന്നു. സന്നിധാനത്തെ വൃത്തിയും വെടിപ്പും നിലനിര്‍ത്തുന്നതിനും അടിയന്തിരഘട്ടങ്ങളില്‍ ഭക്തജനങ്ങളെ സ്‌െട്രച്ചറില്‍ ആശുപത്രിയില്‍ എത്തിക്കുന്നതിനും മുന്നിട്ടിറങ്ങുന്നത് അയ്യപ്പസേവ സംഘത്തിന്റെ വോളന്റിയേഴ്‌സാണ്.
1945ല്‍ തിരുവനന്തപുരം സ്വദേശിയായ ഡോ. വേലായുധന്‍പിള്ളയാണ് അഖിലഭാരത അയ്യപ്പസേവാസംഘം സ്ഥാപിച്ചത്. ശബരിമലയിലെത്തുന്ന ഭക്തര്‍ക്ക് വേണ്ട അടിസ്ഥാന സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുക എന്ന ലക്ഷ്യത്തോടുകൂടി ആരംഭിച്ച സംഘം ഇന്ന് ഭക്തരുടെ ഒട്ടുമിക്ക ആവശ്യങ്ങളും നിറവേറ്റുന്ന ഒരു വലിയ പ്രസ്ഥാനമായി മാറിക്കഴിഞ്ഞിട്ടുണ്ട്. അയ്യപ്പസേവ സംഘത്തിന്റെ ഏറ്റവും ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങളില്‍ ഒന്നാണ് എമര്‍ജന്‍സി സ്‌ട്രെച്ചര്‍ സര്‍വീസ്. നീലിമല, അപ്പാച്ചിമേട്, മരക്കൂട്ടം, ശരംകുത്തി, സന്നിധാനം, ചരല്‍മേട് തുടങ്ങിയ സ്ഥലങ്ങളില്‍ 24 മണിക്കൂറും വോളന്റിയര്‍മാര്‍ തീര്‍ഥാടകരുടെ സേവനത്തിനായി നിലയുറപ്പിച്ചിട്ടുണ്ട്.പമ്പ മുതല്‍ സന്നിധാനംവരെയുള്ള ആരോഗ്യവകുപ്പിന്റെ 14 ഓക്‌സിജന്‍ പാര്‍ലറുകളിലും അയ്യപ്പസേവാ സംഘത്തിന്റെ വോളന്റിയര്‍മാരാണ് സേവനം നല്‍കുന്നത്. ചെളിക്കുഴി, മടുക്ക, ചരല്‍മേട്, നീലിമല, അപ്പാച്ചിമേട്, ശബരീപീഠം, മരക്കൂട്ടം, ശരംകുത്തി, ക്യൂ കോംപ്ലക്‌സ് തുടങ്ങി 14 സ്ഥലങ്ങളിലെ ഓക്‌സിജന്‍ പാര്‍ലറുകളിലാണ് സംഘത്തിന്റെ സന്നദ്ധസേവകര്‍ ഉള്ളത്.
ദര്‍ശനത്തിന് തീര്‍ഥാടകരുടെ നീണ്ടനിര അനുഭവപ്പെടുന്ന സമയങ്ങളിലും വിരി വെച്ചിരിക്കുന്ന സ്ഥലങ്ങളിലും തീര്‍ഥാടകര്‍ക്ക് ചുക്കുവെള്ള വിതര
ണവും അയ്യപ്പസേവാസംഘം നടത്തുന്നുണ്ട്. വര്‍ഷങ്ങളായി നടത്തിവന്നിരുന്ന അന്നദാനം മുന്‍വര്‍ഷം നടത്തുവാന്‍ അനുമതി ലഭിച്ചിരുന്നില്ല. ഈവര്‍ഷം ഹൈക്കോടതിയുടെ അനുമതിയോടെ അയ്യപ്പ സേവാസംഘത്തിന്റെ അന്നദാനം പുനരാരംഭിച്ചു. ശരാശരി പതിനായിരംപേര്‍ വരെ അന്നദാനത്തില്‍ പ്രതിദിനം പങ്കെടുക്കുന്നുണ്ട്. രാവിലെ ഏഴുമുതല്‍ 11 വരെ ഉപ്പുമാവ്, പൊങ്കല്‍, സാമ്പാര്‍, ചട്ണി എന്നിവയാണ് പ്രഭാതഭക്ഷണമായി നല്‍കുന്നത്. ഉച്ചയ്ക്ക് 12 മുതല്‍ മൂന്നുവരെ ചോറ്, സാമ്പാര്‍, രസം, കൂട്ടുകറി എന്നിവയോട് കൂടിയുള്ള ഉച്ചഭക്ഷണം നല്‍കുന്നു. വൈകീട്ട് 6.30 മുതല്‍ രാത്രി 11വരെ ഉപ്പുമാവും കഞ്ഞിയുമാണ് നല്‍കുന്നത്. അയ്യപ്പ സേവാസംഘത്തിന്റെ ഓഫീസിനോട് ചേര്‍ന്ന് ഒരു അലോപ്പതി ആശുപത്രിയും പ്രവര്‍ത്തിക്കുന്നുണ്ട്. പ്രഥമ ശുശ്രൂഷയാണ് പ്രധനമായും ഇവിടെ നല്‍കുന്നത്. തുടര്‍ചികില്‍സ ആവശ്യമുള്ളവരെ അപ്പോള്‍തന്നെ വോളന്റിയേഴ്‌സ് സര്‍ക്കാര്‍ ആശുപത്രിയിലേക്കോ സഹസ് ആശുപത്രിയിലേയ്‌ക്കോ എത്തിക്കും. ഈ സീസണില്‍ ഇതുവരെ ആറ് തീര്‍ഥാടകരാണ് ശബരിമലയില്‍ മരണമടഞ്ഞത്. ഇവരുടെ ഭൗതികശരീരം പമ്പയില്‍ എത്തിക്കുന്നത് ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ അയ്യപ്പ സേവാസംഘം വോളന്റിയേഴ്‌സാണ് നിര്‍വഹിച്ചിട്ടുള്ളത്.
ദേവസ്വംബോര്‍ഡിന്റെ ശുചീകരണ വിഭാഗവുമായും ശബരിമല സാനിറ്റേഷന്‍ സൊസൈറ്റിയുടെ വിശുദ്ധി സേനാംഗങ്ങളുമായും ചേര്‍ന്ന് ശബരിമല സന്നിധനവും പരിസരവും ശുചിയാക്കുന്ന പുണ്യംപൂങ്കാവനം പദ്ധതിയിലും അയ്യപ്പ സേവാസംഘം വോളന്റിയേഴ്‌സ് കാര്യക്ഷമമായ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നു. നിലവില്‍ 260 സന്നദ്ധ സേവകരാണ് പ്രവര്‍ത്തനങ്ങള്‍ക്കായി സന്നിധാനത്തുള്ളത്. ഇവരില്‍ ഭൂരിഭാഗവും തമിഴ്‌നാട്ടില്‍ നിന്ന് എത്തിയിട്ടുള്ളവരാണ്. കേരളത്തില്‍ നിന്നുള്ള സന്നദ്ധ സേവകരുമുണ്ട്.
തെന്നല ബാലകൃഷ്ണപിള്ള പ്രസിഡന്റായിട്ടുള്ള അയ്യപ്പ സേവാസംഘത്തിന്റെ ഇപ്പോഴത്തെ ജനറല്‍ സെക്രട്ടറി എന്‍ വേലായുധന്‍ നായരാണ്. ശബരിമലയില്‍ അയ്യപ്പ സേവാസംഘത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത് സംഘത്തിന്റെ വൈസ് പ്രസിഡന്റായ പി. ബാലനാണ്.