സംസ്ഥാനത്ത് അടുത്ത വർഷം ലക്ഷ്യമിടുന്നത് 12.71 ലക്ഷം മെട്രിക് ടൺ നാടൻ പച്ചക്കറി ഉത്പാദനം. നെൽകൃഷി വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി 2.24 ലക്ഷം ഹെക്ടർ തരിശു നിലത്ത് വിത്തിടും. സംസ്ഥാന സർക്കാരിന്റെ ഹരിത കേരളം മിഷന്റെ ഭാഗമായാണ് നെൽക്കൃഷിയും പച്ചക്കറി ഉത്പാദനവും വർധിപ്പിക്കുന്നതിനുള്ള വിപുലമായ കർമ പദ്ധതി തയാറാക്കുന്നത്. നാലാഞ്ചിറ ഗിരിദീപം കൺവൻഷൻ സെന്ററിൽ നടക്കുന്ന നവകേരളം കർമപദ്ധതി സെമിനാറിൽ കാർഷിക രംഗത്ത് കുതിച്ചുചാട്ടമുണ്ടാക്കുന്ന നിർദേശങ്ങൾ കൃഷി വകുപ്പ് ഡയറക്ടർ ഡോ. പി.കെ. ജയശ്രീ അവതരിപ്പിച്ചു.
പച്ചക്കറി ഉത്പാദനം പ്രോത്സാഹിപ്പിക്കുന്നതിനായി വിത്തുകൾ അടങ്ങിയ കിറ്റുകൾ, പച്ചക്കറി തൈകൾ, ഗ്രോ ബാഗ് എന്നിവ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ വഴി നൽകും. വിദ്യാർഥികൾക്കിടയിൽ കൃഷി പ്രോത്സാഹിപ്പിക്കുന്നതിനായി സ്‌കൂളുകളിലെ പച്ചക്കറി കൃഷിക്കു കൂടുതൽ പ്രോത്സാഹനം നൽകും. കുടുംബശ്രീ പ്രവർത്തകർക്ക് ജൈവ കംപോസ്റ്റ് നിർമാണത്തിൽ പരിശീലനം നൽകും. മട്ടുപ്പാവ് കൃഷി പരിപോഷിപ്പിക്കും. പച്ചക്കറി വിപണനത്തിനായി സംസ്ഥാനത്ത് 149 ഇക്കോ ഷോപ്പുകളും 17 പായ്ക്കിങ് ആൻഡ് ലേബലിങ് യൂണിറ്റ് തുടങ്ങിയവ ആരംഭിക്കും. പച്ചക്കറി രംഗത്ത് ഗുണനിലവാരമുള്ളതും വിഷവിമുക്തമായതുമായ ഉത്പന്നങ്ങൾ ഗുണഭോക്താക്കൾക്കു നൽകുകയാണു ലക്ഷ്യം.
തരിശു നിലങ്ങളിൽ നെൽക്കൃഷി വ്യാപിപ്പിക്കുന്നതിനൊപ്പം സാധ്യമായ സ്ഥലങ്ങളിലെല്ലാം കരനെൽക്കൃഷി തുടങ്ങും. കാർഷിക കർമസേനയുടെ പ്രവർത്തനം കാര്യക്ഷമമാക്കും. കർഷകർക്ക് വിള ഇൻഷ്വറൻസ് നൽകുമെന്നും ഹരിത കേരളം കർമ പദ്ധതിയുടെ ഭാവി പരിപാടി സംബന്ധിച്ച അവതരണത്തിൽ ഡോ. പി.കെ. ജയശ്രീ പറഞ്ഞു. ഹരിതകേരളം മിഷൻ എക്‌സിക്യൂട്ടീവ് വൈസ് ചെർപേഴ്‌സൺ ഡോ. ടി.എൻ. സീമ, തദ്ദേശ സ്വയംഭരണ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ടി.കെ. ജോസ് , ജലവിഭവ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ടിങ്കു ബിസ്വാൾ തുടങ്ങിയവർ സെഷനിൽ പങ്കെടുത്തു.