ജലസംരക്ഷണത്തിന്റെ ഭാഗമായി എല്ലാ ജില്ലകളിലും ഒരു പുഴയെങ്കിലും പുനരുജ്ജീവിപ്പിക്കുന്നതിനുള്ള പ്രവൃത്തനങ്ങൾക്ക് ഡിസംബർ എട്ടിന് തുടക്കമാകും. പുഴയുടെ പുനരുജ്ജീവനം ആവശ്യമായ സ്ഥലങ്ങളിൽ സാങ്കേതിക സമിതിയുടെ നേതൃത്വത്തിൽ വിശദമായ പദ്ധതി രേഖ തയാറാക്കി തുടർ പ്രവൃത്തനങ്ങൾ ആരംഭിച്ചു കഴിഞ്ഞു.
പ്രളയാനന്തര പാരിസ്ഥിതിക പുനഃസ്ഥാപനത്തിന്റെ ഭാഗമായി നദികളും നീർച്ചാലുകളും പ്രത്യേക പരിഗണന നൽകി ഏറ്റെടുക്കും. ഹരിത കേരളം മിഷൻ ജലസേചന വകുപ്പിന്റെ നേതൃത്യത്തിൽ കഴിഞ്ഞ രണ്ടു വർഷമായി 651 കുളങ്ങൾ നിർമ്മിക്കുകയും 20 ഓളം തോടുകളും പുഴകളും പുനരുജ്ജീവിപ്പിക്കുകയ്യും ചെയ്തിട്ടുണ്ട്.
നാലാഞ്ചിറ ഗിരിദീപം കൺവെൻഷൻ സെന്ററിൽ നടക്കുന്ന ശിൽപ്പശാലയിൽ നീർത്തട പ്ലാൻ അംഗീകരിക്കൽ, ഗ്രാമ, ബ്ലോക്ക് തല സാങ്കേതിക സമിതി സജീവമാക്കൽ തുടങ്ങി തദ്ദേശ സ്വയംഭരണ സ്ഥാപന അടിസ്ഥാനത്തിൽ നിർവഹിക്കേണ്ട വിവിധ പദ്ധതികളെക്കുറിച്ചും ശിൽപ്പശാലയിൽ ചർച്ച ചെയ്തു. ഹരിതകേരളം മിഷൻ എക്‌സിക്യൂട്ടീവ് വൈസ് ചെർപേഴ്‌സൺ ഡോ. ടി.എൻ. സീമ, തദ്ദേശ സ്വയംഭരണ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ടി.കെ. ജോസ് , ജലവിഭവ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ടിങ്കു ബിസ്വാൾ, കൃഷി വകുപ്പു ഡയറക്ടർ ഡോ. പി.കെ. ജയശ്രീ തുടങ്ങിയവർ സെഷനിൽ പങ്കെടുത്തു.