48,197 ഭവനരഹിതർക്ക് ‘ലൈഫ്’
ലൈഫ് പദ്ധതി പ്രകാരമുള്ള വീടുകളുടെ നിർമാണം സമയബന്ധിതമായി പൂർത്തിയാക്കുന്നതിന് ഭവന വികസന ധനകാര്യ സ്ഥാപനങ്ങളിൽ നിന്ന് വായ്പയെടുക്കാൻ ഉദ്ദേശിക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കാലവർഷക്കെടുതിയെത്തുടർന്ന് സാമ്പത്തികബുദ്ധിമുട്ട് രൂക്ഷമായ സാഹചര്യത്തിലാണിത്. നാലാഞ്ചിറ ഗിരിദീപം കൺവൻഷൻ സെന്ററിൽ നടക്കുന്ന നവകേരളം കർമ്മപദ്ധതി ശിൽപശാലയിൽ വിവിധ പദ്ധതികളെപ്പറ്റി അവലോകനം ചെയ്യുകയായിരുന്നു അദ്ദേഹം. അർഹരായവർക്കുള്ള ധനസഹായവിതരണം ഡിസംബർ 31ന് മുൻപുതന്നെ പൂർത്തിയാക്കുമെന്നും അദ്ദേഹം പറഞ്ഞു.
റവന്യൂ രേഖകളിൽ നെൽവയൽ എന്ന് രേഖപ്പെടുത്തപ്പെട്ടു പോയെങ്കിലും നെൽവയലോ തണ്ണീർത്തടമോ അല്ലാത്ത, ഡേറ്റാബാങ്കിൽ ഉൾപ്പെടാത്ത സ്ഥലമാണെങ്കിൽ ഭവനനിർമ്മാണത്തിന് തടസ്സങ്ങളില്ലെന്ന് റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറി പി.എച്ച്. കുര്യൻ പറഞ്ഞു. തോട്ടം എന്ന് രേഖകളിൽ പറഞ്ഞിട്ടുള്ള ഭൂമിയിലും ഭവനനിർമ്മാണത്തിന് നിയമതടസ്സങ്ങളില്ല. വിവിധ സർക്കാർ വകുപ്പുകളുടെ കീഴിലുള്ള ഉപയോഗയോഗ്യമായ ഭൂമി സംബന്ധിച്ച വിവരങ്ങൾ ജനപ്രതിനിധികൾ അതത് ജില്ലകളിലെ ലൈഫ് കോഡിനേറ്റർമാരെ അറിയിക്കണമെന്നും ലൈഫ് പദ്ധതി അവലോകനത്തിൽ അദ്ദേഹം പറഞ്ഞു.
വിവിധ പദ്ധതികൾപ്രകാരം ധനസഹായം നൽകിയിട്ടും ഭവനനിർമ്മാണം നടക്കാതെ പോയവർക്കാണ് ലൈഫ് പദ്ധതിയിൽ ആദ്യ ഘട്ടം മുൻഗണനനൽകിയത്. ഇതനുസരിച്ച് ഇതിനോടകം 48,197 ഗുണഭോക്താക്കൾക്ക് വീടുനൽകാൻ കഴിഞ്ഞു. 5839 വീടുകളാണ് ഇനി പൂർത്തിയാക്കാനുള്ളത്. പ്രളയത്തിന്റെ പശ്ചാത്തലത്തിൽ നിർമ്മാണപ്രവർത്തനങ്ങൾ മന്ദഗതിയിലായെങ്കിലും ഇതുവരെ 50,000 ഭവനങ്ങളുടെ നിർമ്മാണം ആരംഭിക്കാനും കഴിഞ്ഞിട്ടുണ്ട്്. ധനസഹായം നൽകിയാലും പണി പൂർത്തിയാക്കാൻ തക്ക സാമ്പത്തിക ശേഷിയില്ലാത്ത ഗുണഭോക്താക്കളെ തിരിച്ചറിഞ്ഞ് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ വഴി പ്രത്യേകം സഹായം നൽകാനാണ് പദ്ധതിയിടുന്നത്.
ഭൂമിയുള്ള ഭവനരഹിതർക്ക് വീടുവക്കാൻ ധനസഹായം നൽകുന്നതിലാണ് ലൈഫ് മിഷൻ ഇക്കൊല്ലം ഊന്നൽനൽകുന്നത്. സ്വന്തമായി ഭൂമി ഇല്ലാത്ത ഭവനരഹിതർക്ക് പൈലറ്റ് അടിസ്ഥാനത്തിൽ ജില്ലയിൽ ഒന്ന് എന്ന കണക്കിൽ ഭവനസമുച്ചയങ്ങൾ നിർമ്മിക്കാനാണ് ഇപ്പോൾ ലക്ഷ്യമിടുന്നത്. ഭൂരഹിത ഭവനരഹിതർക്ക് ഭവനസമുച്ചയങ്ങൾ നിർമ്മിക്കുന്നതിനാവശ്യമായ ഭൂമി കണ്ടെത്തുന്നതിന് ജില്ലാ കളക്ടർമാർ മുഖേന നടപടി സ്വീകരിക്കും. ഭവന നിർമ്മാണാനുമതി സംബന്ധിച്ചും ബന്ധപ്പെട്ട തടസ്സങ്ങൾ നീക്കുന്നതിനുമുള്ള പ്രവർത്തനങ്ങൾ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ ഊർജ്ജിതമാക്കണമെന്നും അവലോകന യോഗത്തിൽ ഉദ്യോഗസ്ഥർ അഭിപ്രായപ്പെട്ടു.