ഭവനരഹിതരായ തോട്ടം തൊഴിലാളികൾക്കു വീട് നിർമിച്ചു നൽകുന്നതും ലൈഫ് പദ്ധതിയുടെ ഭാഗമാക്കണമെന്നു തൊഴിൽ മന്ത്രി ടി.പി. രാമകൃഷ്ണൻ. ഇക്കാര്യത്തിൽ തൊഴിൽ വകുപ്പും തദ്ദേശ സ്വയംഭരണ വകുപ്പും ഒന്നിച്ചു പ്രവർത്തിക്കണമെന്നും മന്ത്രി പറഞ്ഞു. നാലാഞ്ചിറ ഗിരിദീപം കൺവൻഷൻ സെന്ററിൽ നടക്കുന്ന നവകേരളം കർമപദ്ധതി സെമിനാറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സംസ്ഥാനത്ത് 32454 തോട്ടം തൊഴിലാളികൾ ഭൂമിയോ വീടോ ഇല്ലാത്തവരാണെന്നു തൊഴിൽ വകുപ്പ് നടത്തിയ സർവെയിൽ കണ്ടെത്തിയിട്ടുണ്ടെന്നു മന്ത്രി ചൂണ്ടിക്കാട്ടി. ഇതിൽ ചെറിയൊരു ഭാഗം മാത്രമേ ഭവന നിർമാണ പദ്ധതിയുടെ ഭാഗമായി വന്നിട്ടുള്ളൂ. ബാക്കിയുള്ളവർക്കു കൂടി ഭൂമിയും വീടും ലഭ്യമാക്കണം. വീട് വയ്ക്കാൻ ഭൂമിയില്ലാത്തവർക്കു തോട്ടം ഉടമകൾ ഭൂമി നൽകണമെന്നാണു സർക്കാരിന്റെ നിലപാട്. ഇതിനുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുന്നുണ്ട്. ഭൂമി ലഭ്യമാകുന്ന മുറയ്ക്ക് ലൈഫ് പദ്ധതിക്കു വിധേയമായി വീട് നിർമിച്ചു നൽകണം. ഭൂമി ലഭ്യത കുറവുള്ള സ്ഥലങ്ങളിൽ ടൗൺഷിപ്പ് മാതൃകയിൽ വീട് നിർമിച്ചു നൽകുന്നതിനാണു തൊഴിൽ വകുപ്പ് ആലോചിക്കുന്നത്.
ലൈഫ് പദ്ധതി പ്രകാരമുള്ള വീടുകളുടെ നിർമാണത്തിന് സംസ്ഥാനത്തെ ഐ.ടി.ഐ. വിദ്യാർഥികളുടെ സേവനം പ്രയോജനപ്പെടുത്തണമെന്നു മന്ത്രി പറഞ്ഞു. ഇക്കാര്യത്തിൽ ഓരോ പ്രദേശത്തെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ മുൻകൈയെടുക്കണം. പ്രളയത്തിൽ അകപ്പെട്ട വീടുകളുടെ വയറിങ്, ഫർണിച്ചർ തുടങ്ങിയവ പൂർവസ്ഥിതിയിലെത്തിക്കുന്നതിന് സംസ്ഥാനത്തെ ഐ.ടി.ഐ വിദ്യാർഥികൾ നൽകിയ പങ്ക് നിസ്തുലമാണെന്നും മന്ത്രി പറഞ്ഞു.