ലൈഫ് ഗുണഭോക്തൃപട്ടികയിൽ കൂടുതൽ മത്സ്യത്തൊഴിലാളി കളെ ഉൾപ്പെടുത്തണമെന്നും പദ്ധതി നിർവഹണത്തിൽ ഫിഷറീസ് വകുപ്പും തദ്ദേശ സ്വയംഭരണ വകുപ്പും കൈകോർക്കണമെന്നും ഫിഷറീസ് മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ. നാലാഞ്ചിറ ഗിരിദീപം കൺവൻഷൻ സെന്ററിൽ നവകേരളം കർമപദ്ധതി സെമിനാറിൽ സംസാരിക്കുകയായിരുന്നു മന്ത്രി.
സംസ്ഥാനത്ത് 3,685 മത്സ്യത്തൊഴിലാളികളാണ് ഭൂമിയുണ്ടായിട്ടും വീട് ഇല്ല എന്ന പട്ടികയിലുള്ളത്. ഇവർക്കു വീട് നൽകുന്നതിനു കുടുംബശ്രീയുടെ നേതൃത്വത്തിൽ നടത്തിയ സർവെയിൽ 1,220 പേരെയാണ് ഗുണഭോക്താക്കളായി കണ്ടെത്തിയത്. ഇതിൽത്തന്നെ 520 പേരെ മാത്രമേ ആദ്യ ഗഡു നൽകുന്നതിനു തെരഞ്ഞെടുത്തുള്ളൂ. ശേഷിക്കുന്നവരെക്കൂടി പദ്ധതിയുടെ ഭാഗമാക്കേണ്ടതുണ്ട്. ഇതിനുള്ള സർവെ നടത്തി പട്ടിക തയാറാക്കി ഫിഷറീസ് വകുപ്പ് പഞ്ചായത്ത് വകുപ്പിനു നൽകും.
ലൈഫ് പദ്ധതി ക്രിയാത്മകമായും വേഗത്തിലും നടപ്പാക്കാൻ വിവിധ വകുപ്പുകൾ തമ്മിൽ സഹകരണം വർധിപ്പിക്കണമെന്നും മന്ത്രി പറഞ്ഞു.