അന്താരാഷ്ട്ര താരങ്ങളുടെ സാന്നിധ്യം കൊണ്ട് സമ്പന്നമായി പതിനഞ്ചാമത് രാജ്യാന്തര മൗണ്ടൻ സൈക്ലിംഗ് ചാമ്പ്യൻഷിപ്പ് (എം.ടി.ബി. അഞ്ചാം എഡിഷൻ) ഇത്തവണയും വയനാടൻ മലമുകളിലേക്ക്. കാഴ്ചഭംഗി കൊണ്ടും സൈക്ലിംഗിന് അനുയോജ്യമായ പാതകൾ കൊണ്ടും സമ്പന്നമായ മാനന്തവാടി പഞ്ചാരക്കൊല്ലിയിലെ പ്രിയദർശിനി തേയില എസ്റ്റേറ്റിലാണ് ഡിസംബർ 7, 8 തീയതികളിൽ ചാമ്പ്യൻഷിപ്പ് നടക്കുക. ഇന്റർനാഷണൽ ക്രോസ് കൺട്രി, നാഷണൽ ക്രോസ് കൺട്രി (പുരുഷ, വനിത) വിഭാഗങ്ങളിലായി നടക്കുന്ന മത്സരങ്ങളിൽ ഏഷ്യൻ, ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നുള്ള സൈക്ലിംഗ് താരങ്ങൾ പങ്കെടുക്കും. സംസ്ഥാന ടൂറിസംവകുപ്പ്, കേരള അഡൈ്വഞ്ചർ ടൂറിസം പ്രമോഷൻ സൊസൈറ്റി, ഡിടിപിസി, സൈക്ലിംഗ് ഫെഡറേഷൻ ഓഫ് ഇന്ത്യ എന്നിവ സംയുക്തമായാണ് ചാമ്പ്യൻഷിപ്പ് നടത്തുന്നത്. മത്സരത്തിൽ യു.സി.ഐയുടെയോ സി.എഫ്.ഐയുടെയോ ലൈസൻസുള്ള താരങ്ങൾക്ക് മാത്രമാണ് പങ്കെടുക്കാൻ അവസരം ലഭിക്കുക.
ഇതിനു മുമ്പ് 2015-ലും പഞ്ചാരക്കൊല്ലി രാജ്യാന്തര മൗണ്ടൻ സൈക്ലിംഗ് ചാമ്പ്യൻഷിപ്പിന് ആതിഥേയത്വം വഹിച്ചിരുന്നു. 2012-ൽ വയനാട്ടിലെ പൊഴുതനയിലാണ് കേരളത്തിലാദ്യമായി രാജ്യാന്തര മൗണ്ടൻ സൈക്ലിംഗ് ചാമ്പ്യൻഷിപ്പ് നടന്നത്. തുടർന്ന് കൊല്ലം ജില്ലയിലെ തെൻമലയിലും തിരുവന്തപുരം ജില്ലയിലെ നെയ്യാറും ചാമ്പ്യൻഷിപ്പിന് വേദിയായി. കേരളത്തിൽ നടക്കുന്ന അഞ്ചാമത് മത്സരമാണ് ഡിസംബറിലേത്. 10 രാജ്യങ്ങളിൽ നിന്നുള്ള താരങ്ങൾ മത്സരത്തിൽ മാറ്റുരക്കും. ദേശീയ ക്രോസ് കൺട്രി വിഭാഗത്തിൽ ആദ്യമായി വനിതകൾ പങ്കെടുക്കുന്നു എന്നതും ഈ ചാമ്പ്യൻഷിപ്പിന്റെ പ്രത്യേകതയാണ്. പഞ്ചാരക്കൊല്ലിയിലെ സൈക്ലിംഗ് ട്രാക്ക് ജില്ലാ കലക്ടർ എ.ആർ. അജയകുമാറും ഡിടിപിസി ഉദ്യോഗസ്ഥരും ഉൾപ്പെട്ട സംഘം പരിശോധിച്ചു.
