പടിയൂർ പ്രാഥമികാരോഗ്യ ഉപകേന്ദ്രത്തിനായി നിർമിച്ച പുതിയ കെട്ടിടം അഡ്വ. പി. സന്തോഷ് കുമാർ എം.പി നാടിന് സമർപ്പിച്ചു. പുതുതലമുറയെ നശിപ്പിക്കുന്ന ലഹരി എന്ന വിപത്തിനെതിരെ സമൂഹം ഒന്നിച്ചു നിൽക്കണമെന്ന് എം.പി പറഞ്ഞു. എം.പിയുടെ പ്രദേശിക വികസന ഫണ്ടിൽ നിന്നും 45 ലക്ഷം രൂപ ഉപയോഗിച്ചാണ് പഴയ കെട്ടിടം പൊളിച്ചുമാറ്റി പുതിയത് നിർമിച്ചത്. 2023 ൽ ആരംഭിച്ച കെട്ടിടത്തിന്റെ നിർമാണ പ്രവൃത്തി ഈ വർഷം ഫെബ്രുവരിയിൽ പൂർത്തീകരിച്ചിരുന്നു. 1,80,000 രൂപയുടെ വൈദ്യുതീകരണ പ്രവൃത്തികൾ പൂർത്തിയാക്കിയതിനുശേഷമാണ് കെട്ടിടം തുറന്നത്. നിലവിൽ സമീപമുള്ള വായനശാലയിലാണ് പ്രാഥമികാരോഗ്യ ഉപകേന്ദ്രം പ്രവർത്തിച്ചിരുന്നത്.

പടിയൂർ കല്ല്യാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബി ഷംസുദ്ദീൻ അധ്യക്ഷനായി. പടിയൂർ കല്യാട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ആർ മിനി, സ്ഥിരം സമിതി അധ്യക്ഷരായ കെ സിബി, കെ രാഗേഷ്, കെ.വി തങ്കമണി, പഞ്ചായത്ത് അംഗം സി.വി.എൻ അബൂബക്കർ, ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത് എ എക്‌സ് ഇ മനോജ് കുമാർ, സംഘാടക സമിതി കൺവീനർ കെ രാജീവ് മാസ്റ്റർ, ഊരത്തൂർ പി എച്ച് സി മെഡിക്കൽ ഓഫീസർ ടി.പി. സത്യജൻ, വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.