പൊതുവിദ്യാഭ്യാസ രംഗം മെച്ചപ്പെടുത്തുന്നതിനു ജനപ്രതിനിധികളുടെ
പങ്കാളിത്തത്തോടെ വിശദമായ അക്കാദമിക് മാസ്റ്റർ പ്ലാൻ തയ്യാറാക്കുമെന്ന്
പൊതുവിദ്യാഭ്യാസ ഡയറക്ടർ കെ.വി മോഹൻകുമാർ. ഓരോ കുട്ടിയുടെയും കഴിവുകളും
സവിശേഷതകളും തിരിച്ചറിഞ്ഞ് എങ്ങിനെയെല്ലാം വിനിമയം ചെയ്യാമെന്ന
അന്വേഷണമാണു അക്കാദമിക് പ്ലാൻ മുന്നോട്ടു വെയ്ക്കുന്നതെന്നും അദ്ദേഹം
പറഞ്ഞു. നാലാഞ്ചിറ ഗിരിദീപം കൺവൻഷൻ സെന്ററിൽ നടക്കുന്ന നവകേരളം കർമപദ്ധതി
ശിൽപ്പശാലയിൽ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാവി പ്രവർത്തന
പരിപാടികൾ അവതരിപ്പിക്കുകയായിരുന്നു അദ്ദേഹം.
എല്ലാ പൊതുവിദ്യാലയങ്ങളെയും മികവിന്റെ കേന്ദ്രങ്ങളാക്കി മാറ്റുകയാണു
മാസ്റ്റർ പ്ലാനിന്റെ ലക്ഷ്യം. വിദ്യാലയങ്ങളിൽ ഹരിത നിയമാവലി കർശനമാക്കും.
മെച്ചപ്പെട്ട ഭൗതിക സാഹചര്യം ഒരുക്കുന്നതിന്റെ ആദ്യഘട്ടത്തിൽ 141
വിദ്യാലയങ്ങളെ തെരഞ്ഞെടുത്തിട്ടുണ്ട്. ഭാഷാ ശേഷി, ആശയവിനിമയ പാടവം, ജീവിത
നൈപുണ്യം ഇവയിൽ ഓരോ കുട്ടിക്കും മികച്ച പരിശീലനം നൽകും. ലബോറട്ടറികളും,
ലൈബ്രറി സംവിധാനവും കൂടുതൽ മെച്ചപ്പെടുത്തും. സംസ്ഥാനത്താകെ നിലവിൽ
43,329 ക്ലാസ് മുറികളെ ഹൈടെക്കാക്കിയിട്ടുണ്ട്. ബാക്കിയുള്ള 1,671 ക്ലാസ്
മുറികൾ ഹൈടെക്കാക്കുന്നതിനുള്ള നടപടികൾ നടന്നുവരികയാണെന്നും അദ്ദേഹം
പറഞ്ഞു.
ഹൈടെക്ക് ക്ലാസ് മുറികളുടെ സുഗമമായ പ്രവർത്തനത്തിനായി സൗരോർജ പാനലുകൾ
സ്ഥാപിക്കും. സ്‌കൂൾ ക്യാമ്പസുകൾ 33 ശതമാനം ഹരിതാവരണമുള്ളതാക്കുന്നതിന്റെ
ഭാഗമായി ജൈവ വൈവിധ്യ ഉദ്യാനം നിർമിക്കും. അക്കാദമിക പ്രവർത്തനങ്ങളുടെ
ഫലപ്രാപ്തി പഠനങ്ങൾ നടത്തൽ, പഠന ദിനങ്ങൾ ഉറപ്പാക്കൽ, കുട്ടികൾ കുറഞ്ഞ
വിദ്യാലയങ്ങളെ മെച്ചപ്പെടുത്തൽ, അവയുടെ ശാസ്ത്രീയമായ ഡോക്യുമെന്റേഷൻ,
സവിശേഷ ശ്രദ്ധ അർഹിക്കുന്ന കുട്ടികൾക്ക് പ്രത്യേക പരിപാടികൾ,
പ്ലാസ്റ്റിക്, കീടനാശിനി, ലഹരി മുക്ത ക്യാമ്പസ് സൃഷ്ടിക്കൽ എന്നിവയും
പൊതുവിദ്യാഭ്യാസ യജ്ഞത്തിന്റെ ഭാവി പരിപാടികളാണ്. ഇവയെ കൃത്യമായി
നടപ്പിലാക്കി അക്കാദമിക് മികവുകളോടെ കേരള വിദ്യാഭ്യാസ മാതൃക
സൃഷ്ടിക്കലാണ് സർക്കാരിന്റെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.
പൊതു വിദ്യാഭ്യാസ സെക്രട്ടറി എ. ഷാജഹാൻ, ആസൂത്രണ ബോർഡ് അംഗം ഡോ. ബി.
ഇക്ബാൽ, നവകേരളം കർമപദ്ധതി സംസ്ഥാന കോ-ഓർഡിനേറ്റർ ചെറിയാൻ ഫിലിപ്പ്,
ജനപ്രതിനിധികളായ എ.ജി.സി. ബഷീർ, അഡ്വ. വി. രാജേന്ദ്രബാബു, സാബു കെ.
ജേക്കബ്, പി. ഖാലിദ് മാസ്റ്റർ തുടങ്ങിയവർ സെഷനിൽ പങ്കെടുത്തു.