ഭക്ഷണത്തിന്റെ പുതുമായാർന്ന രുചിക്കൂട്ടുകൾ സമ്മാനിക്കുന്ന കുടുംബശ്രീ ഭക്ഷ്യമേളയിൽ വൻ ജനപങ്കാളിത്തം. കുടുംബശ്രീ ജില്ലാ മിഷന്റെ ആഭിമുഖ്യത്തിൽ കൽപ്പറ്റ വിജയാ പമ്പ് പരിസരത്ത് പ്രത്യേകം തയ്യാറാക്കിയ വേദിയിലാണ് ഭക്ഷ്യമേള. ‘താളും തകരയും’ എന്നു പേരിട്ടിരിക്കുന്ന മേളയുടെ ആദ്യദിനം തന്നെ ഭക്ഷണപ്രിയരുടെ ശ്രദ്ധ പിടിച്ചുപറ്റി. 12 സ്റ്റാളുകളിലായി വിവിധ കുടുംബശ്രീ യൂണിറ്റുകളിൽ നിന്നുമുള്ള കാറ്ററിംഗ് സംരംഭകരാണ് രുചിക്കൂട്ടുകളൊരുക്കുന്നത്. മേളയിൽ തയ്യാറാക്കുന്ന വിഭവങ്ങൾ നിമിഷ നേരം കൊണ്ടാണ് തീരുന്നത്. പാരമ്പര്യത്തനിമയും പുതുമയും ഒത്തുചേർന്ന നിരവധി വിഭവങ്ങളാണ് ഭക്ഷ്യമേളയിലുള്ളത്. ഒരോ ദിവസവും വ്യത്യസ്ത വിഭവങ്ങൾ തയ്യാറാക്കുന്ന പ്രത്യേക കൗണ്ടറും മേളയിൽ ഏർപ്പടുത്തിയിട്ടുണ്ട്. മലബാറുകാരുടെ തനത് വിഭവമായ പിടിയും കോഴിയും തേടിയെത്തുന്നവരും നിരവധിയാണ്. കൂടാതെ കഞ്ഞി, താള് തോരൻ, വിവിധയിനം പുട്ടുകൾ, കൂൺ വിഭവങ്ങൾ, തട്ടുദോശ, കൊഴുക്കട്ട, ഔഷധക്കഞ്ഞി, ചുട്ട പപ്പടം, ബീഫ് അട, മധുര അട, പാൽക്കാപ്പി, മിക്സഡ് പുഴുക്ക്, മീൻക്കറി, പിടി കോഴിക്കറി, കപ്പ ബിരിയാണി, നാടൻ ഊണ്, ചിക്കൻ റോൾ, മീൻ പത്തിരി, അടപ്പായസം, കാരറ്റ് പായസം, വിവിധയിനം ജ്യൂസുകൾ എന്നിവയും മേളയിലെ ശ്രദ്ധേയ ഇനങ്ങളാണ്. ഇലക്കറികളും തോരനും രസവും മോരുമടക്കമുള്ള നാടൻ ഉച്ചഭക്ഷണത്തിനും വലിയ തിരക്കാണ് അനുഭവപ്പെടുന്നത്.
