കേരളത്തിലെ മുന്നാക്ക (സംവരണേതര സമുദായങ്ങളിൽപ്പെടുന്നവുരം സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബങ്ങളിൽ ഉൾപ്പെടുന്നവരുമായ വിദ്യാർഥികൾക്ക് വിദ്യാഭ്യാസ ധനസഹായമായി സംസ്ഥാന സർക്കാർ കേരള സംസ്ഥാന മുന്നാക്ക സമുദായ ക്ഷേമ കോർപ്പറേഷൻ (സമുന്നതി) മുഖേന നടപ്പിലാക്കുന്ന വിദ്യാസമുന്നതി മെരിറ്റ് സ്കോളർഷിപ്പിനുള്ള അപേക്ഷ ക്ഷണിച്ചു. ഇതോടൊപ്പം വിവിധ മത്സര പരീക്ഷകളുടെ പരിശീലനത്തിനുള്ള ധനസഹായം അനുവദിക്കുന്ന വിദ്യാസമുന്നതി കോച്ചിംഗ് അസിസ്റ്റൻസ് പദ്ധതിയിലേക്കും അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. അപേക്ഷകൾ നവംബർ 4 നകം നൽകണം. കോച്ചിംഗ് അസിസ്റ്റൻസ് പദ്ധതിയിലേക്കുള്ള അപേക്ഷകൾ നവംബർ 7നകം ലഭിക്കണം. ഹൈസ്കൂൾ, ഹയർസെക്കൻഡറി, ഡിപ്ലോമ/ സർട്ടിഫിക്കറ്റ് കോഴ്സുകൾ, ബിരുദം, ബിരുദാനന്തര ബിരുദം, സി.എ/ സി.എം.എ/ സി.എസ്, ദേശീയ നിലവാരമുള്ള സ്ഥാപനങ്ങളിലെ ബിരുദം/ ബിരുദാനന്തരബിരുദം, ഗവേഷണ വിദ്യാർഥികൾക്കുള്ള സ്കോളർഷിപ്പ് (Ph.D) എന്നീ വിഭാഗങ്ങളിലേക്കാണ് സ്കോളർഷിപ്പുകൾ ലഭ്യമാകുന്നത്. മെഡിക്കൽ/ എൻജിനീയറിങ്/ നിയമ (LAW) പഠനം/ കേന്ദ്ര സർവകലാശാല (CUET) പ്രവേശനം (ബിരുദം & ബിരദാനന്തര ബിരുദം) എന്നിവയ്ക്കുള്ള പ്രവേശന പരീക്ഷകൾ, സിവിൽ സർവീസസ്, ബാങ്ക്/ എസ്.എസ്.സി/ പി.എസ്.സി/ യു.പി.എസ്.സി/ മറ്റിതര മത്സര പരീക്ഷകൾ/ വിവിധ യോഗ്യത നിർണ്ണയ പരീക്ഷകൾ (NET/ SET/ KTET/ CTET etc.) തുടങ്ങിയവയുടെ പരിശീലനത്തിനുള്ള ധനസഹായമാണ് കോച്ചിംഗ് അസിസ്റ്റൻസ് പദ്ധതിയിൽ നൽകുന്നത്. വിശദ വിവരങ്ങൾക്കും ഓൺലൈൻ അപേക്ഷ സമർപ്പിക്കുന്നതിനും www.kswcfc.org സന്ദർശിക്കുക.