ജനകീയ ആരോഗ്യ കേന്ദ്രങ്ങള്‍ വഴി സ്ത്രീകളുടെയും കുട്ടികളുടെയും ആരോഗ്യസംരക്ഷണം ഉറപ്പാക്കുന്നതിനായി സെപ്റ്റംബര്‍ 17 മുതല്‍ 2026 മാര്‍ച്ച് 8 വരെ സംഘടിപ്പിക്കുന്ന സ്ത്രീ ക്യാമ്പയിന്‍ ബ്ലോക്ക്തല ഉദ്ഘാടനം നടത്തി. പുറപ്പുഴ ബ്ലോക്കിന് കീഴിലുള്ള എല്ലാ ജനകീയ ആരോഗ്യ കേന്ദ്രങ്ങളും വഴിയാണ് സേവനം ഉറപ്പാക്കുന്നത്. വിളര്‍ച്ച, പ്രമേഹം, രക്തസമ്മര്‍ദം, വായിലെ ക്യാന്‍സര്‍, ഗര്‍ഭാശയ ഗള ക്യാന്‍സര്‍, ക്ഷയരോഗ സ്‌ക്രീനിംഗ്,കുഞ്ഞുങ്ങള്‍ക്കുള്ള പ്രതിരോധ കുത്തിവയ്പുകള്‍, ഗര്‍ഭകാല പരിചരണം, മുലയൂട്ടല്‍ ആര്‍ത്തവ സംബന്ധമായ പ്രശ്‌നങ്ങള്‍ എന്നിവയ്ക്കുള്ള പരിചരണം ഇവയാണ് സ്ത്രീ ക്ലിനിക്കുകള്‍ വഴി ലഭ്യമാക്കുന്നത്.
പുറപ്പുഴ സാമൂഹികാരോഗ്യ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ പുറപ്പുഴ സെന്റ് സെബാസ്റ്റ്യന്‍സ് പള്ളി ഹാളില്‍ സംഘടിപ്പിച്ച ബ്ലോക്ക് തല ഉദ്ഘാടന ചടങ്ങ് പി.ജെ. ജോസഫ് എം.എല്‍.എ നിര്‍വഹിച്ചു. തൊടുപുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുനി സാബു അധ്യക്ഷത വഹിച്ചു. പുറപ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.കെ. ഭാസ്‌കരന്‍ മുഖ്യാതിഥിയായി. തൊടുപുഴ ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ. അജി പി.എന്‍. മുഖ്യ പ്രഭാഷണം നടത്തി. തൊടുപുഴ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോബി മാത്യു പൊന്നാട്ട് സ്ത്രീ ക്യാമ്പയിന്‍ പോസ്റ്റര്‍ എം.എല്‍.എയ്ക്ക് നല്‍കി പ്രകാശനം ചെയ്തു. തൊടുപുഴ ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ മാര്‍ട്ടിന്‍ ജോസഫ് സന്ദേശം നല്‍കി.
പുറപ്പുഴ സാമൂഹികാരോഗ്യ കേന്ദ്രം ജീവനക്കാരുടെ നേതൃത്വത്തില്‍ സ്ത്രീ കാമ്പയിന്‍ ഗാനം ആലപിച്ചു. പൊതുജനങ്ങള്‍ക്കായുള്ള ആരോഗ്യ ബോധവത്കരണ ക്യാമ്പും ചടങ്ങിന്റെ ഭാഗമായി സംഘടിപ്പിച്ചു.
