അഴീക്കോട് നിയമസഭാ മണ്ഡലത്തിലെ പ്രതിനിധിയായ കെ.എം. ഷാജിയുടെ നിയമസഭാംഗത്വം സംബന്ധിച്ച് നിയമസഭാ സെക്രട്ടേറിയറ്റ് നവംബർ 24ന് ബുള്ളറ്റിൻ പുറപ്പെടുവിച്ചത് നിയമപരമായ ബാധ്യത നിർവഹിക്കുന്നതിന്റെ ഭാഗമായാണെന്ന് സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
കീഴ്‌വഴക്കം പരിശോധിച്ചാൽ പത്താം നിയമസഭയുടെ കാലയളവിൽ ഇത്തരത്തിൽ ബുള്ളറ്റിൻ പുറപ്പെടുവിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ജനപ്രാതിനിധ്യനിയമത്തിലെ സെക്ഷൻ 107ലെ വ്യവസ്ഥ പാലിക്കുന്നതിന്റെ ഭാഗമായി ഹൈക്കോടതിയുടേയോ, സുപ്രീംകോടതിയുടേയോ സ്‌റ്റേ വരാത്ത സാഹചര്യത്തിലാണ് നിയമസഭയുടെ നവംബർ 24 ലെ ബുള്ളറ്റിൻ ഭാഗം-2 നമ്പർ 547 അനുസരിച്ച് കെ.എം. ഷാജി നിയമസഭാംഗം അല്ലാതായിരിക്കുന്നു എന്ന വിവരം സഭാംഗങ്ങളെ അറിയിച്ചത്. അതിനുശേഷം സുപ്രീംകോടതി നവംബർ 27ന് പുറപ്പെടുവിച്ച ഉത്തരവിലെ നിബന്ധനകൾക്ക് വിധേയമായി കെ.എം. ഷാജിക്ക് 28 മുതൽ സഭാനടപടികളിൽ പങ്കെടുക്കാവുന്നതാണെന്നും ബുള്ളറ്റിൻ നൽകിയിട്ടുണ്ട്. ജനപ്രാതിനിധ്യനിയമത്തിലെ സെക്ഷൻ 107 ൽ ‘ആസ് സൂൺ അസ്’ എന്ന് പറയുമ്പോൾ അത് അനുസരിക്കാനേ നിയമസഭയ്ക്ക് നിർവാഹമുള്ളൂ.
നേരത്തെ, പത്താം നിയമസഭയുടെ കാലയളവിൽ തമ്പാനൂർ രവിയുടെ തെരഞ്ഞെടുപ്പ് ഹൈക്കോടതി അസാധുവാക്കുകയും 1997 നവംബർ വരെ ഉത്തരവ് സ്‌റ്റേ ചെയ്യുകയും ചെയ്തിരുന്നു. സ്‌റ്റേ സമയപരിധി നീട്ടി കൊടുക്കാത്ത സാഹചര്യത്തിൽ സ്‌റ്റേ അവസാനിച്ച തൊട്ടടുത്തദിവസമായ 1997 നവംബർ 11ന് അദ്ദേഹം നിയമസഭാംഗമല്ലാതായി തീർന്നതായി ബുള്ളറ്റിൻ പുറപ്പെടുവിച്ചിരുന്നതായും സ്പീക്കർ ചൂണ്ടിക്കാട്ടി.