*ഹാന്റക്സിന്റെ പ്രീമിയം റോയൽ ഡബിൾ ധോത്തി വിപണിയിലിറക്കി
കൈത്തറി മേഖലയെ പുനരുജ്ജീവിപ്പിക്കാനും തൊഴിലാളികളുടെ തൊഴിൽ ഉറപ്പാക്കാനും സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് വ്യവസായ, വാണിജ്യ വകുപ്പ് മന്ത്രി ഇ.പി. ജയരാജൻ പറഞ്ഞു. ഹാന്റക്സിന്റെ പുതിയ ഉത്പന്നമായ പ്രീമിയം റോയൽ ഡബിൾ ധോത്തി വിപണിയിലിറക്കുന്നതിന്റെ ഭാഗമായി നടത്തിയ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളം കൈത്തറിയുടെ നാടാണെന്നും ലോക വിപണിയിൽത്തന്നെ കേരള കൈത്തറിക്ക് പ്രിയമേറെയാണെന്നും അദ്ദേഹം പറഞ്ഞു. ആരോഗ്യദായകവും അന്തരീക്ഷത്തിനിണങ്ങുന്നതും രോഗപ്രതിരോധ ശേഷിയുള്ളതുമാണ് കൈത്തറി ഉത്പന്നങ്ങൾ. യന്ത്രവത്കൃത കൈത്തറിയുടെ 25 ശതമാനത്തോളം മാത്രം ഉത്പന്നങ്ങളേ പരമ്പരാഗത കൈത്തറിയിൽ ഉത്പാദിപ്പിക്കുന്നുള്ളൂ. നെയ്ത്തുതൊഴിലാളികൾക്ക് വളരെ കുറഞ്ഞ കൂലിയാണ് ലഭിക്കുന്നത്. കൈത്തറി ഉത്പാദനം വർധിപ്പിക്കുകയും കൈത്തറി മേഖലയെ സജീവമായി നിലനിർത്തുകയുമാണ് സർക്കാരിന്റെ ലക്ഷ്യം. പുതിയ ഉത്പന്നങ്ങൾ വിപണിയിലെത്തിക്കുന്നത് ഇതിന്റെ ഭാഗമാണ്. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ കൈത്തറി വ്യാപനം ശക്തിപ്പെടുത്തുമെന്നും വാണിജ്യ മിഷൻ രൂപീകരിച്ച് വിദേശ മാർക്കറ്റിൽ കൈത്തറിക്ക് വിപണിയുണ്ടാക്കുമെന്നും മന്ത്രി പറഞ്ഞു.
ഉണക്ക് പാവ് ഉപയോഗിച്ച് കുഴിത്തറികളിൽ വിദഗ്ധരായ നെയ്ത്തുകാർ നെയ്തെടുക്കുന്ന വേഷ്ടികളും ധോത്തികളുമാണ് ഹാന്റെക്സ് പുതിയതായി വിപണിയിലെത്തിക്കുന്നത്. നൂറു മീറ്റർ നീളത്തിൽ പാവ് തയ്യാറാക്കി അത് തെരുവിൽ നിവർത്തിക്കെട്ടി പ്രത്യേകതരം പുല്ലിൽ നിർമിച്ച ബ്രഷ് ഉപയോഗിച്ച് ആറോളം തൊഴിലാളികൾ ചേർന്ന് കൈകൊണ്ട് പശ പിടിപ്പിച്ച് നൂലിനെ ബലപ്പെടുത്തുന്ന രീതിയാണ് ഉണക്ക് പാവ് നിർമാണം. പുലർച്ചെയുള്ള അന്തരീക്ഷത്തിലാണ് ഇത് ചെയ്യുന്നത്.

പ്രകൃതിദത്തമായ അരിപ്പശ, ചൗവ്വരി, വെളിച്ചെണ്ണ തുടങ്ങിയ ഉത്പന്നങ്ങളാണ് പശപിടിപ്പിക്കാനായി ഉപയോഗിക്കുന്നത്. യാതൊരു രാസപദാർത്ഥങ്ങളും ഉപയോഗിക്കുന്നില്ല. നൂലിൽ രാസപദാർത്ഥങ്ങൾ ഉപയോഗിക്കാത്തതിനാൽ ആരോഗ്യ പ്രശ്നങ്ങളും പരിസ്ഥിതി മലിനീകരണവും ഉണ്ടാകുന്നില്ല.
തനതായ കൈത്തറി ഉത്പന്നമായ ബാലരാമപുരം വേഷ്ടിയും ധോത്തിയും കൂടുതൽ ജനങ്ങളിലെത്തിക്കുന്നതിന്റെ ഉത്തരവാദിത്വം ഹാന്റെക്സ് ഏറ്റെടുത്തിരിക്കുകയാണ്. ഇതിനായി കൈത്തറി സംഘങ്ങളെ ബോധവത്കരിക്കുകയും കൂടുതൽ വേതനവും തൊഴിലും ഉറപ്പാക്കാൻ നടപടി സ്വീകരിച്ചിട്ടുണ്ട്. പ്രതിമാസം 1500 വേഷ്ടികളെങ്കിലും മാർക്കറ്റിലെത്തിക്കാനാകുമെന്നും ഉത്പാദനം കൂട്ടാൻ നടപടി സ്വീകരിച്ചു വരികയാണെന്നും അദ്ദേഹം അറിയിച്ചു. തുടക്കത്തിൽ ഹാന്റെക്സിന്റെ മേജർ ഷോറൂമുകളിലൂടെ വിപണിയിലെത്തിക്കുന്ന ഡബിൾ ധോത്തിയുടെ ശരാശരി വില 1120 രൂപയാണ്.
വാർത്താ സമ്മേളനത്തിൽ ഹാന്റെക്സ് എംഡി അനിൽകുമാർ, ഹാന്റെക്സ് പ്രസിഡന്റ് പെരിങ്ങമ്മല വിജയൻ, വൈസ് പ്രസിഡന്റ് വണ്ടന്നൂർ സദാശിവൻ, കൈത്തറി കൗൺസിൽ ചെയർമാൻ അരക്കൻ ബാലൻ തുടങ്ങിയവർ സംബന്ധിച്ചു.