ഇലക്ട്രോണിക്‌സ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി വകുപ്പിന് കീഴിലുള്ള കേരള സ്റ്റേറ്റ് ഐ.ടി. മിഷൻ (കെ.എസ്.ഐ.ടി.എം.), ഇലക്ട്രോണിക്‌സ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി (Meity), ഗവൺമെന്റ് ഓഫ് ഇന്ത്യയുടെ ഡിജിറ്റൽ ഇന്ത്യ ഭാഷിണി ഡിവിഷനുമായി (ഡി.ഐ.ബി.ഡി.) സഹകരിച്ച് ഭാഷിണി രാജ്യം വർക്ക്‌ഷോപ്പ്- കേരള ചാപ്റ്റർ സംഘടിപ്പിക്കുന്നു.

ഒക്ടോബർ 8ന് തിരുവനന്തപുരം ഹോട്ടൽ എസ്.പി. ഗ്രാൻഡ് ഡേയ്‌സിലാണ് ശില്പശാല. വോയ്‌സ് ഫസ്റ്റ് ഡിജിറ്റൽ ഗവേണൻസും മലയാളത്തിന്റെ ഭാഷാ ശാക്തീകരണവും എന്നതാണ് ശില്പശാലയുടെ പ്രമേയം. വിവിധ ഓൺലൈൻ സേവനങ്ങളുമായി ഇടപഴകുമ്പോൾ മലയാളം ശബ്ദവും വാചകവും ഉപയോഗിക്കാൻ പൗരന്മാരെ പ്രാപ്തരാക്കിക്കൊണ്ട് സർക്കാർ ഡിജിറ്റൽ സേവനങ്ങളെ കൂടുതൽ ജനസൗഹൃദമാക്കുക എന്നതാണ് ലക്ഷ്യം.

ശിൽപശാലയിൽ കേരള സർക്കാരും ഡിജിറ്റൽ ഇന്ത്യ ഭാഷിണി ഡിവിഷനും ധാരണാപത്രം ഒപ്പുവെക്കും. ഇതിലൂടെ ജനങ്ങൾക്ക് സ്വന്തം ഭാഷയിൽ സേവനങ്ങളും വിവരങ്ങളും ലഭിക്കും വിധം ഭാഷിണി ടൂളുകളെ സംസ്ഥാന ആപ്ലിക്കേഷനുകളിലും ഇ-ഗവേണൻസ് പ്ലാറ്റ്ഫോമുകളിലും സംയോജിപ്പിക്കും. ഭാഷിണി പ്രതിനിധികളും കേരള സർക്കാരിലെ ഉന്നത ഉദ്യോഗസ്ഥരും സാങ്കേതിക വിദഗ്ധരും അക്കാദമിക് രംഗത്തുള്ളവരും വർക്ക്ഷോപ്പിൽ പങ്കെടുക്കും. സംസ്ഥാന സർക്കാരുമായി ചേർന്ന് എ.ഐ. അധിഷ്ഠിത പരിഹാരങ്ങൾ വികസിപ്പിക്കാൻ പ്രോത്സാഹിപ്പിക്കുന്ന മിത്ര പ്രോഗ്രാം ഉൾപ്പെടെ ഭാഷിനിയുടെ ഭാഷാ വിവർത്തന ഉപകരണങ്ങളുടെ പ്രദർശനവും ഉണ്ടാവും.