22-മത് അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ ഇന്ത്യന്‍ ജീവിതങ്ങളെ ആഴത്തില്‍ തൊട്ടറിഞ്ഞ 47 ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും. ലോക സിനിമ ഇന്ന്, മലയാള സിനിമ ഇന്ന്, മത്സര വിഭാഗം, ഐഡന്റിറ്റി ആന്റ് സ്‌പേസ്, ഹോമേജ് എന്നീ വിഭാഗങ്ങളിലായാണ് ഈ ചിത്രങ്ങള്‍ പ്രദര്‍ശനത്തിന് എത്തുന്നത്.
ഇന്ത്യന്‍ സിനിമ ഇന്ന് എന്ന വിഭാഗത്തില്‍ 7 ഇന്ത്യന്‍ ചിത്രങ്ങളാണ് പ്രദര്‍ശിപ്പിക്കുന്നത്. വടക്ക് കിഴക്കന്‍ മേഖലയിലെ രാഷ്ട്രീയ സാമൂഹിക സംഭവ വികാസങ്ങളെ കോര്‍ത്തിണക്കിയ സഞ്ജയ് ദേ യുടെ ചിത്രം ത്രീ സ്‌മോക്കിംഗ് ബാരല്‍സ്, 1980കളുടെ സാമൂഹിക പശ്ചാത്തലത്തില്‍ ഒരുക്കിയ പ്രസാദ് ഓക്ക് ചിത്രം കച്ചാ ലിമ്പു, മൂന്ന് വ്യത്യസ്ത കാലഘട്ടങ്ങളില്‍ ഒരു കെട്ടിടത്തില്‍ ജീവിക്കുന്ന ആളുകളുടെ ജീവിത സാഹചര്യങ്ങളെ ആധാരമാക്കി നിര്‍മ്മിച്ച ദര്‍ ഗൈ ചിത്രം തീന്‍ ഔര്‍ ആധാ, അസമിലെ സ്ത്രീ ജീവിതങ്ങളെ അവതരിപ്പിക്കുന്ന റിമ ദാസ് ചിത്രം വില്ലേജ് റോക്ക് സ്റ്റാര്‍സ്, യാഥാസ്ഥിതികതയില്‍ നിന്ന് പിന്‍വലിയേണ്ടിവന്ന നായക കഥാപാത്രത്തെ അവതരിപ്പിക്കുന്ന ദീപേഷ് ജയിന്‍ ചിത്രം ഗാലി ഗുലിയാന്‍, നഗ്‌നതയെ സൗന്ദര്യാത്മകവും സാമൂഹികവുമായി വിശകലനം ചെയ്യുന്ന രവി ജാദവ് ചിത്രം ന്യുഡ്, രാവുറങ്ങാത്ത മുംബൈ നഗരത്തില്‍ എത്തിപ്പെടുന്ന കാശ്മീരി കുടുംബത്തിന്റെ കഥ പറയുന്ന നിഖില്‍ അല്ലുഗ് ചിത്രം ശേഹ്ജര്‍ എന്നിവയാണ് ഇന്ത്യന്‍ സിനിമ ഇന്ന് എന്ന വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കുന്നത്. സമകാലിക ഇന്ത്യയുടെ സ്പന്ദനങ്ങള്‍ തൊട്ടറിഞ്ഞവയാണ് ഈ ചിത്രങ്ങള്‍. ഫിലിംസ് ഓണ്‍ ഐഡന്ററിറ്റി ആന്റ് സ്‌പേസ് എന്ന വിഭാഗത്തില്‍ ഗീതു മോഹന്‍ദാസ് സംവിധാനം ചെയ്ത ലയേഴ്‌സ് ഡയസ് പ്രദര്‍ശിപ്പിക്കും.
നഷ്ട്ടപ്പെട്ടു പോയ ഭര്‍ത്താവിനെ അന്വേഷിച്ചു നഗരത്തില്‍ എത്തുന്ന സ്ത്രീയും മകളും, ആ അന്വേഷണത്തില്‍ നേരിടുന്ന തിരിച്ചടികളും തിരിച്ചറിവുകളുമാണ് ലയേഴ്‌സ് ഡയസിന്റെ ഇതിവൃത്തം.
മേളയിലെ  ഇന്ത്യന്‍ വിഭാഗങ്ങള്‍ക്ക് പുറമെ സത്യജിത്ത് റേയുടെ ചാരുലത, അപര്‍ണ്ണാ സെന്നിന്റെ സോനാറ്റാ, വൈ എം മൂവീസിന്റെ വണ്‍ ഹാര്‍ട്ട് : ദി എ ആര്‍ റഹ്മാന്‍ കണ്‍സര്‍ട്ട് എന്നീ  ചിത്രങ്ങളും പ്രദര്‍ശിപ്പിക്കും. എ ആര്‍ റഹ്മാന്റെ  വിഖ്യാതമായ കണ്‍സര്‍ട്ട് ടൂറിനെ ആസ്പദമാക്കിയാണ് ഈ ചിത്രം തയ്യാറാക്കിയിരിക്കുന്നത്.
മണ്‍ മറഞ്ഞുപോയ സിനിമാ പ്രതിഭകള്‍ക്കുള്ള  ആദരസൂചകമായി ഹോമേജ് വിഭാഗത്തില്‍ ഐ.വി. ശശി, കെ.ആര്‍. മോഹനന്‍, ജയലളിത, ഓം പുരി, കുന്ദന്‍ ഷാ, ഗീതാ സെന്‍ , രാമാനന്ദ സെന്‍ ഗുപ്ത എന്നിവരുടെ ചിത്രങ്ങളും പ്രദര്‍ശിപ്പിക്കും.
ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യത്തില്‍ രാജ്യമെങ്ങുമലയടിച്ച സ്വാതന്ത്ര്യ സമരത്തിന്റെ പ്രാദേശികമായ ഒരു അധ്യായത്തെ അവതരിപ്പിച്ച 1921, വ്യക്തിപരമായ താത്പര്യങ്ങളുടെ ഇടയില്‍ തനിയെ ആകുന്ന നായകനെ അവതരിപ്പിച്ച ആള്‍ക്കൂട്ടത്തില്‍ തനിയെ, കുടുംബ ബന്ധങ്ങളുടെ കഥ പറഞ്ഞ ആരൂഢം, നാട് വിട്ടുപോയി വര്‍ഷങ്ങള്‍ക്ക് ശേഷം തിരിച്ചു വന്ന നായകന്റെ വൈകാരികതകളെ അവതരിപ്പിച്ച ഇതാ ഇവിടെ വരെ, സ്വാഭാവിക ജീവിതങ്ങള്‍ക്ക്  പുറത്തു നില്്ക്കുന്ന വേട്ടക്കാരന്‍ വാറുണ്ണിയുടെ കഥ പറഞ്ഞ മൃഗയ എന്നിവയാണ് ഈ വിഭാഗത്തിലെ ഐ.വി.ശശി ചിത്രങ്ങള്‍.
ആധുനിക ജീവിതത്തിന്റെ അസ്ഥിത്വവാദ ചിന്തകളെ പുരാണവുമായി ഇടകലര്‍ത്തിയവതരിപ്പിച്ച അശ്വത്ഥാമാവ്, അപരിഹാര്യമായ ജീവിത വൈരുധ്യങ്ങളെ പശ്ചാത്തലമാക്കിയ പുരുഷാര്‍ത്ഥം , ഭൂതകാലത്തോടുള്ള മോഹവും അവ യഥാര്‍ത്ഥ  ജീവിതത്തിലുണ്ടാക്കുന്ന വിരുദ്ധമാനങ്ങളും പ്രമേയമാക്കിയ സ്വരൂപം എന്നീ കെ ആര്‍ മോഹനന്‍ ചിത്രങ്ങളും ഈ വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കും. മുന്‍ തമിഴ്‌നാട് മുഖ്യമന്ത്രിയും സിനിമാ താരവുമായ ജയലളിതയുടെ വിഖ്യാത ചിത്രം ‘ആയിരത്തില്‍ ഒരുവന്‍’ ജയലളിതയോടുള്ള സ്മരണാര്‍ഥം  മേളയില്‍ പ്രദര്‍ശിപ്പിക്കും. ഓം പുരിയുടെ അര്‍ദ്ധ സത്യ, ഗീതാ സെന്‍, രാമാനന്ദ സെന്‍ഗുപ്ത എന്നിവരുടെ നാഗരിക് എന്നിവയാണ് ഈ വിഭാഗത്തിലെ മറ്റു ചിത്രങ്ങള്‍.