മികച്ച ചിത്രത്തിനുള്ള ദേശീയ പുരസ്‌കാരത്തിന് അര്‍ഹമായ വില്ലേജ് റോക്ക്‌സ്റ്റാര്‍സിന്റെ സംവിധായിക റിമ ദാസിന്റെ പുതിയ ചിത്രമായ ബുള്‍ബുള്‍ കാന്‍ സിംഗ് രാജ്യാന്തര ചലച്ചിത്രമേളയില്‍ പോട്ട്പുരി ഇന്ത്യ വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കും. ലിംഗബോധവുമായി സമരസപ്പെടുന്ന മൂന്ന് കൗമാരക്കാരുടെ ജീവിതം പ്രമേയമാക്കിയ ബുള്‍ബുള്‍ കാന്‍ സിംഗ് ടൊറന്റോ രാജ്യാന്തര ചലച്ചിത്രമേളയില്‍ പ്രേക്ഷകശ്രദ്ധ നേടിയ ചിത്രമാണ്. ഇന്ത്യയുടെ സാംസ്‌കാരിക വൈവിധ്യങ്ങളെ പ്രതിനിധാനം ചെയ്യുന്ന വിവിധ ഭാഷാ ചിത്രങ്ങള്‍ കോര്‍ത്തിണക്കിയതാണ് ഈ പാക്കേജ്.
മികച്ച നവാഗത സംവിധായകന്‍, മികച്ച ജസരി ഭാഷാ ചിത്രം എന്നീ വിഭാഗങ്ങളില്‍ ദേശീയ പുരസ്‌കാരം നേടിയ പാമ്പള്ളിയുടെ സിന്‍ജാര്‍, പ്രിയ രമാസുബ്ബന്റെ ലഡാക്കി ചിത്രമായ ചുസ്‌കിറ്റ്, ബോബി ശര്‍മ്മ ബറുവയുടെ ദി അപ്പാരിഷന്‍, അരൂപ് മന്നയുടെ അസമീസ് ചിത്രമായ ദി ക്വസ്റ്റ്, റിതുസരിന്‍, ടെന്‍സിംഗ് സോനം എന്നിവരുടെ ടിബറ്റന്‍ ചിത്രമായ ദി സ്വീറ്റ് റെക്വിം തുടങ്ങിയ ചിത്രങ്ങള്‍ ഈ വിഭാഗത്തില്‍ മേളയുടെ ഭാഗമാകും.