മലയാള സിനിമയിലെ പുതുപ്രവണതകളും പരീക്ഷണങ്ങളും സിനിമാ പ്രേക്ഷകര്‍ക്ക് മുന്നില്‍ അവതരിപ്പിക്കുകയെന്നതാണ് മേളയിലേക്കുള്ള മലയാള ചിത്രങ്ങളുടെ തെരഞ്ഞെടുപ്പിന് അവലംബമാക്കിയതെന്ന് സിബി മലയില്‍. ജൂറിയുടെ മുന്‍പിലെത്തിയ 93 ചിത്രങ്ങളില്‍ 12 ചിത്രങ്ങള്‍ മലയാള സിനിമ ഇന്ന് വിഭാഗത്തിലേക്കും ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ഈ.മ.യൗ, സക്കറിയയുടെ സുഡാനി ഫ്രം നൈജീരിയ എന്നിവ മത്സര വിഭാഗത്തിലേക്കും തെരഞ്ഞെടുക്കപ്പെട്ടു. മലയാള സിനിമ ഇന്ന് വിഭാഗത്തിലെ പത്ത് ചിത്രങ്ങളും നവാഗത സംവിധായകരുടേതാണ് എന്നതാണ് ഈ പാക്കേജിലെ സവിശേഷത. നല്ല സിനിമയെ സ്‌നേഹിക്കുന്നവരും പുതുകാഴ്ചപ്പാടുകള്‍ സമ്മാനിക്കുന്നവരുമായ യുവതലമുറയില്‍ ഏറെ പ്രതീക്ഷയുണ്ടെന്നും സംവിധായകനും മലയാള സിനിമ സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാനുമായ സിബി മലയില്‍ പറഞ്ഞു.