ഗജാ ചുഴലിക്കാറ്റില്‍ നാശനഷ്ടം സംഭവിച്ച ജില്ലയുടെ അതിര്‍ത്തി പ്രദേശങ്ങളില്‍ ആരോഗ്യം, കെ.എസ്.ഇ.ബി മറ്റ് വിവിധ വകുപ്പുകളുടെ സഹകരണത്തോടെ ദുരിതബാധിതര്‍ക്ക് സര്‍ക്കാര്‍ സംവിധാനങ്ങള്‍ കൈത്താങ്ങാവണമെന്ന്് ജില്ലാ വികസന സമിതി യോഗം ആവശ്യപ്പെട്ടു. ഗജ ബാധിത പ്രദേശങ്ങളില്‍ നിലവില്‍ ആരോഗ്യം, കെ.എസ്.ഇ.ബി വകുപ്പുകളുടെ സേവനം ഉറപ്പാക്കിയതായും വരും ദിവസങ്ങളില്‍ ദുരന്തബാധിത പ്രദേശങ്ങളിലെ വീടിന് മുകളില്‍ വീണ മരങ്ങള്‍ മുറിച്ചുമാറ്റാന്‍ തൊഴിലാളികളുടെ സേവനം ലഭ്യമാക്കുന്നതിന് വിവിധ വകുപ്പുകളുടെ സഹകരണം ആവശ്യമാണെന്നും കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന ജില്ലാ വികസന സമിതി യോഗത്തില്‍ അധ്യക്ഷനായ ജില്ലാ കലക്ടര്‍ ഡി.ബാലമുരളി ആവശ്യപ്പെട്ടു. ജില്ലയിലുണ്ടായ പ്രളയത്തില്‍ മലമ്പുഴ മണ്ഡലത്തിലെ പുതുശ്ശേരി, പുതുപ്പരിയാരം, മലമ്പുഴ ഗ്രാമപഞ്ചായത്തുകളിലെ 60 ഹെക്ടര്‍ കൃഷിഭൂമിയില്‍ അടിഞ്ഞുകൂടിയ മണ്ണ് നീക്കം ചെയ്യുന്നതിനും കര്‍ഷകരുടെ ആശങ്ക പരിഹരിക്കുന്നതിന് കാര്യക്ഷമമായ നടപടികള്‍ സ്വീകരിക്കണമെന്നും ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാനും മലമ്പുഴ എം.എല്‍.എയുമായ വി.എസ് അച്യുതാനന്ദന്റെ പേഴ്സനല്‍ അസിസ്റ്റന്റ് എന്‍.അനില്‍കുമാര്‍ പറഞ്ഞു. ഇതിന്റെ അടിസ്ഥാനത്തില്‍ കര്‍ഷകരുടെ ദുരവസ്ഥ കണക്കാക്കി വിവിധ വകുപ്പുകളുടെ സഹകരണത്തോടെ മണ്ണ് തരംതിരിച്ച് വില്പ്പന നടത്തുന്നതിന് വേണ്ട നടപടികള്‍ സ്വീകരിക്കാന്‍് ജില്ലാ കലക്ടര്‍ യോഗത്തില്‍ എ.ഡി.എം ടി.വിജയന് നിര്‍ദ്ദേശം നല്‍കി.
അകത്തേത്തറ നടക്കാവ് റെയില്‍വേ മേല്‍പ്പാലവുമായി ബന്ധപ്പെട്ട 4.52 കോടി രൂപയുടെ റോഡ് നിര്‍മ്മാണത്തിലെ നിലവിലെ പുരോഗതി വിലയിരുത്തി. പ്രവൃത്തികള്‍ക്കായി സ്ഥലം വിട്ടുനല്‍കിയ 32 പേര്‍ സമ്മതപത്രം നല്‍കിയ സ്ഥിതിയ്ക്ക് റോഡ് നിര്‍മ്മാണ പ്രവര്‍ത്തി കാര്യക്ഷമമാക്കണമെന്നും എം.എല്‍.എയുടെ പേഴ്സനല്‍ അസിസ്റ്റന്റ് യോഗത്തില്‍ പറഞ്ഞു. പദ്ധതി 2019 ഫെബ്രുവരി മാസത്തിനകം പൂര്‍ത്തീകരിക്കാന്‍ പൊതുമരാമത്ത് വകുപ്പിനോട് ജില്ലാ കലക്ടര്‍ നിര്‍ദേശിച്ചു. കഞ്ചിക്കോട് കിന്‍ഫ്ര (വ്യവസായ എസ്റ്റേറ്റ്)യിലെ വിവിധ കമ്പനികളിലേക്കുള്ള റോഡ് നിര്‍മ്മാണ പ്രവൃത്തി നടക്കുന്നതിനാല്‍ പ്രദേശവാസികള്‍ക്ക് അനുഭവപ്പെടുന്ന മാലിന്യപ്രശ്നം ആശങ്കാ ജനകമാണെന്നും യോഗം അറിയിച്ചു.
സൈലന്റ്വാലി വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള റോഡ് 49 ഇടങ്ങളില്‍ ഒഴുകി പോവുകയും കേടുപാട് സംഭവിക്കുകയും ചെയ്തതിനാല്‍ റോഡിന്റെ പ്രവൃത്തികള്‍ അടിയന്തരമായി പൂര്‍ത്തിയാക്കാന്‍ പൊതുമരാമത്ത് റോഡ് വിഭാഗത്തോട് ജില്ലാ വികസന സമിതി നിര്‍ദ്ദേശിച്ചു. നിലവില്‍ യാത്ര സൗകര്യമില്ലാത്തതിനാല്‍ വിനോദസഞ്ചാരകേന്ദ്രം അടച്ചിട്ടിരിക്കുകയാണ്. പാലക്കാട് വണ്ടിത്താവളത്ത് തകര്‍ന്ന കനാലിന്റെ പുനര്‍ നിര്‍മ്മാണ പ്രവര്‍ത്തികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ ബന്ധപ്പെട്ട വകുപ്പുകളോട് യോഗം ആവശ്യപ്പെട്ടു. പാലക്കാട് നഗരസഭാ പരിധിയിലെ വിവിധ റോഡുകളുടെ അറ്റകുറ്റ പ്രവൃത്തികള്‍ കാര്യക്ഷമമാക്കണമെന്ന് യോഗം പി.ഡബ്ല്യു.ഡി റോഡ്സ് നഗരസഭാ സെക്രട്ടറി എന്നിവര്‍ക്ക് നിര്‍ദ്ദേശം നല്‍കി. യോഗത്തില്‍ വിവിധ വകുപ്പുകള്‍ നടപ്പാക്കുന്ന പദ്ധതികളുടെ അവലോകനവും നടത്തി. പാലക്കാട് സബ് കലക്ടര്‍ ആസിഫ് കെ.യൂസഫ്, എം.ഡി.എം. ടി.വിജയന്‍, ജില്ലാ പ്ലാനിംഗ് ഓഫീസര്‍ ഏലിയാമ്മ നൈനാന്‍, ജില്ലാതല ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.

ജില്ലാ വികസന സമിതി യോഗത്തില്‍ നവകേരള മിഷന്റെ അവലോകനം നടന്നു

ഹരിതകേരള മിഷന്‍
ജില്ലയില്‍ 25 ഹെക്ടര്‍ തരിശുഭൂമി കൃഷിയോഗ്യമാക്കി.59868 ഹെക്ടറിലേക്ക് നെല്‍കൃഷി വ്യാപനവും നടത്തിയതായി ഹരിതകേരളം മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ വൈ. കല്യാണകൃഷ്ണന്‍ അറിയിച്ചു. 31.65 ഹെക്ടര്‍ തരിശ്ഭൂമിയില്‍ പച്ചക്കറികൃഷിയും 2125 യൂണിറ്റ് ഗ്രോബാഗ് വിതരണവും എന്നിവ പൂര്‍ത്തിയായി. സ്‌കൂള്‍-വീട്- സന്നദ്ധസംഘടനകള്‍ എന്നിവക്ക് 728400 പാക്കറ്റ് പച്ചക്കറി വിത്തുകളും, 705600 പച്ചക്കറി തൈകളും വിതരണം ചെയ്തു.
ജില്ലയില്‍ വിവിധയിടങ്ങളില്‍ നിന്നായി 2018 ഏപ്രില്‍ ഒന്നു മുതല്‍ ഒക്ടോബര്‍ 31 വരെ 91760 കിലോഗ്രാം അജൈവ മാലിന്യം നീക്കം ചെയ്തു. നഗരസഭകളില്‍ മാലിന്യം വലിച്ചറിഞ്ഞതുമായി ബന്ധപ്പെട്ട് 126- ഓളം നിയമ നടപടികള്‍ സ്വീകരിച്ചു.
ലൈഫ്മിഷന്‍
ജില്ലയിലെ 87 പഞ്ചായത്തുകളില്‍ പദ്ധതിയുടെ ആദ്യഘട്ട ഗഡു വിതരണം നടത്തി. അര്‍ഹരായ ഗുണഭോക്താകളെ പദ്ധതിയില്‍ ഉള്‍പ്പെടുത്താനും ഡിസംബര്‍ 15 ഓടെ പൂര്‍ത്തികരിക്കാത്ത ഭവനങ്ങളുടെ നിര്‍മ്മാണം പൂര്‍ത്തീകരിക്കും.
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം
പൊതുവിദ്യാഭ്യാസത്തിന്റെ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി ജില്ലയിലെ വിവിധ സ്‌കൂളുകളില്‍ 3283 ഹൈടെക് ക്ലാസ് മുറികള്‍ നിര്‍മ്മിക്കും.ഹൈസ്‌കൂള്‍ തലത്തിലെ 8.9.10 ക്ലാസുകളിലെ വിദ്യാര്‍ത്ഥികള്‍ക്കായി മലയാളഭാഷാ പ്രാവീണ്യം വര്‍ധിപ്പിക്കുന്ന മലയാളതിളത്തിളക്കം പദ്ധതിയില്‍ ഉള്‍പ്പെടുത്തി 164 വിദ്യാലയങ്ങളിലെ 10244 വിദ്യാര്‍ഥികളെയും 18 ഓളം ഇതര സംസ്ഥാന വിദ്യാര്‍ത്ഥികളേയും ഉള്‍പ്പെടുത്തി പദ്ധതിക്ക് തുടക്കമായി. ഇംഗ്ലീഷ്-ഹിന്ദി ഭാഷയില്‍ പ്രാവീണ്യം നല്‍കുന്നതിനായുള്ള ഹലോ ഇംഗ്ലീഷ്,സുരീലി പദ്ധതികളും നടപ്പാക്കുന്നുണ്ട്.
ആര്‍ദ്രം
ആര്‍ദ്രം പദ്ധതിയിലുള്‍പ്പെടുത്തി ജില്ലയിലെ 16 പ്രാഥമികാരോഗ്യകേന്ദ്രങ്ങളില്‍ 10 എണ്ണം കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി. രണ്ടാം ഘട്ടത്തില്‍ മാത്തൂര്‍, കുത്തനൂര്‍, കല്ലടിക്കോട്, കൊല്ലങ്കോട്, നെല്ലായ, പുത്തൂര്‍ എന്നിവയും പരിഗണിക്കും.