ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ നേതൃത്വത്തില്‍ അന്താരാഷ്ട്ര ദുരന്ത നിവാരണ ദിനത്തില്‍ വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ക്കായി ജില്ലാതല ശില്‍പശാല സംഘടിപ്പിച്ചു. പ്രകൃതി ദുരന്ത പ്രതിരോധം, ദുരന്ത നിവാരണ ഫണ്ട് വിനിയോഗം എന്നിവയെ ആസ്പദമാക്കി നടന്ന ശില്‍പശാല അസിസ്റ്റന്റ് കലക്ടര്‍ എഹ്തെദ മുഫസിര്‍ ഉദ്ഘാടനം ചെയ്തു. ദുരന്തങ്ങളെ നേരിടാനും അതില്‍നിന്നും പെട്ടെന്ന് കരകയറാനുമുള്ള കഴിവ് സമൂഹത്തിനും ഭരണ സംവിധാനങ്ങള്‍ക്കും അത്യാവശ്യമാണെന്ന് അസിസ്റ്റന്റ് കലക്ടര്‍ പറഞ്ഞു. അതിന് ഇത്തരം അവബോധ പരിപാടികള്‍ നിര്‍ണായക പങ്ക് വഹിക്കുന്നുണ്ടെന്നും അസിസ്റ്റന്റ് കലക്ടര്‍ പറഞ്ഞു.

സംസ്ഥാന ദുരന്ത ലഘൂകരണ ഫണ്ട് വിനിയോഗത്തെക്കുറിച്ച് ഹസാര്‍ഡ് അനലിസ്റ്റ് എസ് ഐശ്വര്യ, കണിച്ചാര്‍ ഗ്രാമപഞ്ചായത്തില്‍ ആരംഭിച്ച ലിവിംഗ് ലാബ് മാതൃകയില്‍ കമ്മ്യൂണിറ്റി തലത്തിലുള്ള ദുരന്ത പ്രതിരോധ തയ്യാറെടുപ്പിനെക്കുറിച്ച് ദുരന്തനിവാരണ അതോറിറ്റി റെസിലിന്‍സ് ഓഫീസര്‍ കെ നിതിന്‍ എന്നിവര്‍ ക്ലാസെടുത്തു. ദുരന്തങ്ങള്‍ക്കല്ല, അതിജീവനശേഷിക്ക് വേണ്ടി നിക്ഷേപിക്കുക’ എന്നതാണ് ഈ വര്‍ഷത്തെ ദിനാചാരണ പ്രമേയം.

ഡെപ്യൂട്ടി കലക്ടര്‍ കെ.വി ശ്രുതി അധ്യക്ഷയായി. താവക്കര റോയല്‍ ഒമേഴ്സില്‍ നടന്ന പരിപാടിയില്‍ ഫയര്‍ഫോഴ്സ്, മണ്ണ് പര്യവേക്ഷണ മണ്ണ് സംരക്ഷണം, പി ഡബ്ല്യു ഡി, ഇറിഗേഷന്‍, എല്‍ എസ് ജി ഡി, സാമൂഹ്യ നീതി, ആരോഗ്യം, ഫിഷറീസ്, മൃഗസംരക്ഷണം, ഹാര്‍ബര്‍ എഞ്ചിനീയറിംഗ്, വനിതാ ശിശു വികസനം, വനം വന്യജീവി, വിദ്യാഭ്യാസം, പട്ടികജാതി, ടൂറിസം, കൃഷി, ഖനന ഭൂവിജ്ഞാനം, പി ആര്‍ ഡി തുടങ്ങിയ വകുപ്പ് പ്രതിനിധികള്‍ പങ്കെടുത്തു.