ശബരിമല: ശബരിമല സമാധാന ക്ഷേത്രമായി നിലനിര്‍ത്തുന്നതിനും അയ്യപ്പഭക്തര്‍ക്കായി അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുന്നതിനും ദേവസ്വം ബോര്‍ഡ് പ്രതിജ്ഞാബദ്ധമാണെന്ന് പ്രസിഡന്റ് എ. പത്മകുമാര്‍ പറഞ്ഞു. തീര്‍ഥാടകര്‍ക്ക് സുഗമമായി ദര്‍ശനം നടത്തുന്നതിനുള്ള എല്ലാ സൗകര്യങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും കുപ്രചാരണങ്ങള്‍ തള്ളിക്കളയണമെന്നും അദ്ദേഹം പറഞ്ഞു. സന്നിധാനത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു പ്രസിഡന്റ്. ശബരിമലയില്‍ സമാധാനം നിലനിര്‍ത്തുന്നതിന് എല്ലാവരുമായി ആലോചിച്ച് തീരുമാനമെടുക്കുമെന്നും  അദ്ദേഹം അറിയിച്ചു.
നിലയ്ക്കലില്‍ ഇപ്പോള്‍ പതിനായിരം പേര്‍ക്കാണ് വിരിവെയ്്ക്കാന്‍ സൗകര്യം. ജനുവരി, ഫെബ്രുവരിയോടെ ഇരുപതിനായിരം പേര്‍ക്കുകൂടി വിരിവെയ്ക്കാന്‍ സൗകര്യമൊരുക്കും. കൂടാതെ മറ്റ് അനുബന്ധ സൗകര്യങ്ങളും വര്‍ധിപ്പിക്കും. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ സഹായം വാഗ്ദാനം ചെയ്തിട്ടുണ്ട്. ശബരിമലയില്‍ ആചാര-അനുഷ്ഠാനങ്ങളുടെ മേല്‍നോട്ടം ദേവസ്വംബോര്‍ഡിന് ആണെങ്കില്‍ സുരക്ഷാചുമതല പോലീസിനാണെന്ന് പ്രസിഡന്റ് വ്യക്തമാക്കി. സുരക്ഷയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ഡി.ജി.പി. ഉള്‍പ്പടെയുള്ളവരുമായി ചര്‍ച്ച ചെയ്തിട്ടുണ്ട്. ഇപ്പോഴുള്ള ചില ക്രമീകരണങ്ങളുടെ കാര്യത്തില്‍ അന്തിമ തീരുമാനം പോലീസ് സ്വീകരിക്കും. സന്നിധാനത്ത് എന്തൊക്കെ സുരക്ഷാക്രമീകരണങ്ങള്‍ വേണമെന്ന് തീരുമാനിക്കുന്നതും പോലീസാണ്. ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ പോലീസും സര്‍ക്കാരുമാണ് ചിലകാര്യങ്ങളില്‍ അന്തിമ തീരുമാനമെടുക്കുന്നതെന്ന് പ്രസിഡന്റ് പറഞ്ഞു.
ദേവസ്വംബോര്‍ഡിന്റെ ക്ഷേത്രങ്ങളില്‍ കാണിക്ക ഇടരുതെന്ന് പ്രചാരണം നടത്തുന്നത് ക്ഷേത്രങ്ങളെ തകര്‍ക്കുന്നതിന് മാത്രമേ വഴി തെളിയിക്കുകയുള്ളു. ക്ഷേത്രങ്ങളെ തകര്‍ക്കുകയാണോ നിക്ഷിപ്ത താല്‍പ്പര്യക്കാരുടെ ശ്രമമെന്ന് പ്രസിഡന്റ് ചോദിച്ചു. ഈ ക്ഷേത്രങ്ങളില്‍ ജോലി ചെയ്യുന്ന ആറായിത്തോളം ജീവനക്കാരുടെ കുടുംബങ്ങളാണ് ഇതുമൂലം തകര്‍ക്കപ്പെടുകയെന്നത് ഓര്‍ക്കണം. അതുപോലെ പന്തളം കൊട്ടാരത്തിന്റെ പേരില്‍ നടത്തുന്ന അരവണ വിതരണവുമായി ഒരു ബന്ധവുമില്ലെന്ന് കൊട്ടാരം വ്യക്തമാക്കിയിട്ടുണ്ട്. സാമ്പത്തിക നേട്ടമാണ് ഇതിന് പിന്നിലെന്ന് സംശയിക്കുന്നു.
പ്രളയത്തിന് മുന്‍പും ശേഷവും പമ്പ കണ്ടിട്ടില്ലാത്തവരാണ് അവിടുത്തെ ക്രമീകരണങ്ങളുടെ പേരില്‍ അനാവശ്യ വിമര്‍ശനങ്ങള്‍ നടത്തുന്നതെന്നും പ്രസിഡന്റ് പറഞ്ഞു.