താഴേക്കോട് ഗ്രാമ പഞ്ചായത്തില്‍ അഞ്ചുവര്‍ഷത്തിനിടയില്‍ നടപ്പിലാക്കിയ ക്ഷേമ പദ്ധതികള്‍ എണ്ണിപറഞ്ഞ് വികസന സദസ്സ് നടന്നു. താഴേക്കോട് സ്വാഗത് ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടി പഞ്ചായത്ത് പ്രസിഡന്റ് സോഫിയ ടീച്ചര്‍ ഉദ്ഘാടനം ചെയ്തു. ലൈഫ്, ആര്‍ദ്രം, അതിദാരിദ്ര്യനിര്‍മാര്‍ജ്ജനം, പൊതു വിദ്യാഭ്യാസം, അടിസ്ഥാന സൗകര്യ വികസനങ്ങള്‍ എന്നിവയില്‍ സര്‍ക്കാര്‍ നടപ്പിലാക്കിയ പദ്ധതികളുടെ ഗുണങ്ങള്‍ പഞ്ചായത്തിലെ ജനങ്ങളിലേക്ക് എത്തിക്കാന്‍ കഴിഞ്ഞെന്ന് പ്രസിഡന്റ് പറഞ്ഞു. കാര്‍ഷിക മേഖലയിലും ക്ഷീര മേഖലയിലും മുന്നേറാന്‍ പഞ്ചായത്തിന് കഴിഞ്ഞു. സമഗ്ര മേഖലയിലും മുന്നേറാന്‍ പഞ്ചായത്തിന് കഴിഞ്ഞിട്ടുണ്ടെന്നും അവര്‍ പറഞ്ഞു. വൈസ് പ്രസിഡന്റ് മൊയ്തുപ്പു പിലാക്കല്‍ അധ്യക്ഷത വഹിച്ചു.
സമഗ്ര മേഖലയിലും നേട്ടം കൈവരിച്ച് താഴേക്കോട് ഗ്രാമപഞ്ചായത്ത്. ആരോഗ്യ-വിദ്യാഭ്യാസ-അടിസ്ഥാന സൗകര്യ മേഖലകളില്‍ വന്‍ മുന്നേറ്റമാണ് അഞ്ച് വര്‍ഷം കൊണ്ട് പഞ്ചായത്തിന് നേടാന്‍ സാധിച്ചത്. പട്ടിക വിഭാഗക്കാര്‍ക്ക് അനുവദിച്ച ഫണ്ട് മുഴുവന്‍ ചിലവഴിച്ചതിന് സംസ്ഥാന തലത്തില്‍ അവാര്‍ഡ് നേടിയത് വലിയ നേട്ടമാണ്. ലഭ്യമായ എല്ലാ ഫണ്ടുകളും 90 ശതമാനത്തിലധികം ചെലവഴിക്കാന്‍ പഞ്ചായത്തിന് കഴിഞ്ഞു.
ലൈഫ്, മാലിന്യ നിര്‍മാര്‍ജ്ജനം, അതിദാരിദ്ര്യ മുക്ത കേരളം, സാമൂഹ്യക്ഷേമം എന്നിവയില്‍ എല്ലാം ഒന്നാമതാകാന്‍ പഞ്ചായത്തിന് കഴിഞ്ഞു. അര്‍ഹരായ മുഴുവന്‍ പേര്‍ക്കും ലൈഫ് പദ്ധതിയില്‍ വീടുകള്‍ അനുവദിച്ചു. 849 വീടുകളാണ് അഞ്ച് വര്‍ഷത്തിനിടെ പഞ്ചായത്തില്‍ നിര്‍മ്മിച്ചത്.
മാലിന്യ നിര്‍മാര്‍ജന രംഗത്തും അഭിമാനകരമായ നേട്ടം സ്വന്തമാക്കാന്‍ പഞ്ചായത്തിന് കഴിഞ്ഞു. ജില്ലയിലെ മികച്ച ഹരിതകര്‍മസേന പ്രവര്‍ത്തിക്കുന്നത് താഴേക്കോടാണ്. വിദ്യഭ്യാസ രംഗത്തും മാതൃക തീര്‍ക്കാന്‍ പഞ്ചായത്തിന് കഴിഞ്ഞിട്ടുണ്ട്. 15 സെന്റ് സ്ഥലത്ത് ഒരു കോടി ചെലവില്‍ നിര്‍മിച്ച ബഡ്‌സ് സ്‌കൂള്‍ സംസ്ഥാനത്തിന് തന്നെ മാതൃകയാണ്. വിദ്യാര്‍ഥികള്‍ക്ക് പഠനോപകരണങ്ങള്‍, പഠന മുറി, ലാപ്ടോപ്, സ്‌കോളര്‍ഷിപ്പ് എന്നിവ നല്‍കി. അങ്കണവാടികള്‍ക്ക് സ്വന്തം കെട്ടിടം ഒരുക്കിയും സ്വന്തം സ്ഥലം കണ്ടെത്തിയും പഞ്ചായത്ത് മാതൃകയായിട്ടുണ്ട്.
പെരിന്തല്‍മണ്ണ നഗരസഭ ക്ലീന്‍ സിറ്റി മാനേജര്‍ സി.കെ. വത്സന്‍, താഴെക്കോട് ഗ്രാമപഞ്ചായത്ത് സെക്രട്ടറി എ. അനിരുദ്ധ് എന്നിവര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
സ്ഥിരം സമിതി അധ്യക്ഷരായ ഷീല താഴെത്തൊടി, ഷിജില ദിലീപ്, എന്‍. ശ്രീദേവി, വാര്‍ഡ് അംഗം വി.പി. റഷീദ്, അസി. സെക്രട്ടറി എം.ആര്‍. ശ്രീകുമാര്‍, ആസൂത്രണ സമിതി വൈസ് ചെയര്‍മാന്‍ കെ.ഡി. ദേവസ്യ എന്നിവര്‍ സംസാരിച്ചു.
