വീടുകളില്‍ പരസഹായം ആവശ്യമായവര്‍ക്ക് ആശ്രയവും കരുതലുമാവുകയാണ് കുടുംബശ്രീയുടെ കെ 4 കെയര്‍ പദ്ധതി. സംസ്ഥാന സര്‍ക്കാരും തദ്ദേശ സ്വയം ഭരണ വകുപ്പും സംയുക്തമായി 2018 ല്‍ ആരംഭിച്ച ഹര്‍ഷം ജെറിയാട്രിക് പദ്ധതിയുടെ തുടര്‍ച്ചയാണ് കെ 4 കെയര്‍.പദ്ധതിയിലൂടെ നിലവില്‍ ജില്ലയിലെ പതിനായിരത്തോളം പേര്‍ക്ക് സേവനം ലഭിച്ചു കഴിഞ്ഞു.

വയോജന പരിപാലനം, ശിശു പരിപാലനം, വീടുകളിലെയും, ആശുപത്രികളിലെയും രോഗി പരിചരണം, മാനസിക വെല്ലുവിളി നേരിടുന്ന കുട്ടികളുടെ പരിചരണം എന്നിവ പദ്ധതിയിലൂടെ ഉറപ്പാക്കുന്നു.15 ദിവസം, ഒരു മാസം എന്നിങ്ങനെ വീട്ടുകാര്‍ ആവശ്യപ്പെടുന്ന കാലയളവനുസരിച്ച് സേവനം ലഭിക്കും. പകല്‍/രാത്രി മാത്രമോ രാത്രിയും പകലുമായോ പരിചരണം ലഭ്യമാണ്.1800 4252018, 0491-2505111 ( സ്‌നേഹിത ജന്‍ഡര്‍ ഹെല്‍പ് ഡസ്‌ക്ക്) എന്നിവയാണ് സേവനം ലഭിക്കുന്നതിനായി വിളിക്കേണ്ട നമ്പറുകള്‍.

വയോജന പരിപാലനത്തിന്റെ പ്രാധാന്യം വര്‍ദ്ധിച്ചു വരുന്ന കാലഘട്ടമായതിനാലും പരിശീലനം ലഭിച്ച കെയര്‍ ഗീവര്‍മാരുടെ ദൗര്‍ലഭ്യം പൊതുവേ നേരിടുന്നതിനാലും പദ്ധതിക്ക് ഏറെ പ്രാധാന്യമുണ്ട്. സാമൂഹ്യ സേവനത്തോടൊപ്പം കുടുംബശ്രീ പ്രവര്‍ത്തകര്‍ക്ക് വരുമാനവും പദ്ധതി ഉറപ്പാക്കുന്നു.

പാലക്കാട് ജില്ലാ മിഷന്റെ നേതൃത്വത്തില്‍ അമ്പതോളം കുടുംബശ്രീ വനിതകള്‍ (പ്രൊഫഷനല്‍ എക്‌സിക്യൂട്ടീവുകള്‍) സേവന നിരതരായി ജില്ലയില്‍ പ്രവര്‍ത്തിച്ചു വരുന്നു. നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കല്‍ മെഡിസിന്‍ ആന്‍ഡ് റിഹാബിലിറ്റേഷന്‍ ( NIPMR) ന്റെ 30 ദിവസത്തെയും, ആസ്പിരന്റ് ലേണിങ് അക്കാദമിയുടെ കീഴില്‍ വാണിയംകുളം പി കെ ദാസ് ആശുപത്രിയില്‍ 15 ദിവസത്തെയും പരിശീലനം ലഭിച്ച ഇവര്‍ ജോലിത്തിരക്കുമൂലം മക്കള്‍ അരികിലില്ലാത്തതും, വാര്‍ദ്ധക്യ സഹജമായ അവശതകള്‍ നേരിടുന്ന പരസഹായം ആവശ്യമായ മറ്റു വിഭാഗത്തിലുള്ള രോഗികള്‍ക്ക് ആശ്രയവും ആശ്വാസവുമാണ്.

25 നും 40 നും ഇടയില്‍ പ്രായമുള്ള പത്താം ക്ലാസ് / തത്തുല്യ യോഗ്യതയുള്ള കുടുംബശ്രീ, ഓക്‌സിലറി ഗ്രൂപ്പ് അംഗങ്ങള്‍, കുടുംബശ്രീ കുടുംബാംഗങ്ങള്‍ എന്നിവരെയാണ് പദ്ധതിക്കായി തിരഞ്ഞെടുത്ത് പരിശീലനം നല്‍കുന്നത്.

സിറിഞ്ചുകള്‍ മാറ്റുക, യൂറിന്‍ ട്യൂബ് മാറ്റുക, കൃത്യസമയത്ത് മരുന്നുകള്‍ കൊടുക്കുക തുടങ്ങി അടിസ്ഥാനപരമായ ആവശ്യങ്ങള്‍ പ്രവര്‍ത്തകര്‍ ചെയ്തു കൊടുക്കും. ഇവര്‍ക്കുള്ള വേതനം അതാതു ഗുണഭോക്താക്കളുടെ വീടുകളില്‍ നിന്നാണ് ഈടാക്കുന്നത്.

കുടുംബശ്രീ ജില്ലാ മിഷന്റെ കീഴിലുള്ള സ്‌നേഹിത ജെന്‍ഡര്‍ ഹെല്‍പ് ഡസ്‌കിന്റെ ഫോണ്‍ നമ്പറിലൂടെയാണ് സേവകരെ ആവശ്യപ്പെടാന്‍ സാധിക്കുക. ഹെല്‍പ് ഡസ്‌ക്കില്‍ നിന്നും ആവശ്യപ്പെടുന്നതനുസരിച്ച് ഗുണഭോക്താവിന്റെ വീട് സ്ഥിതി ചെയ്യുന്ന ബ്ലോക്കിലെ കോര്‍ഡിനേറ്റര്‍ വഴി സി ഡി എസി ല്‍ പരിശീലനം ലഭിച്ചയാളെ നിയോഗിക്കും.