സംസ്ഥാന ജൈവ വൈവിധ്യ ബോർഡിന്റെ ജൈവ വൈവിധ്യ പരിപാലന സമിതിയുടെയും മാന്നാർ മത്സ്യഭവന്റെയും നേതൃത്വത്തിൽ മാവേലിക്കര തഴക്കര പഞ്ചായത്തിൽ ഊത്ത മത്സ്യ സംരക്ഷണ പദ്ധതിക്ക് തുടക്കമായി. വരാൽ മത്സ്യങ്ങളെ തഴക്കര പഞ്ചായത്തിലെ പടിപ്പുര കുളത്തിൽ നിക്ഷേപിച്ച് എം എസ് അരുൺകുമാർ എംഎൽഎ പദ്ധതി ഉദ്ഘാടനം ചെയ്തു. വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്ന നാടൻ മത്സ്യങ്ങളെ പ്രജനനത്തിനായി പൊതു കുളങ്ങളിൽ നിക്ഷേപിക്കും. പ്രജനനത്തിനു ശേഷം മത്സ്യ കുഞ്ഞുങ്ങളെ ഉൾചാലുകളിലും കുളങ്ങളിലും പുഴകളിലും ഒഴുക്കി വിടും.

ചടങ്ങിൽ തഴക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീബ സതീഷ് അധ്യക്ഷയായി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് അംബിക, പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അനിരുദ്ധൻ, പഞ്ചായത്ത് അംഗം സുനിൽ വെട്ടിയാർ, ബിഎംസി കൺവീനർ കെ കെ വിശ്വംഭരൻ, ഫിഷറീസ് എക്സ്റ്റൻഷൻ ഓഫീസർ ഫിറോസിയ നസീമ ജലാൽ, ഫിഷറീസ് ഓഫീസർ എം ദീപു, ഫിഷറീസ് കോഡിനേറ്റർ എസ് സുഗന്ധി, അന്നമ്മ സജി തുടങ്ങിയവർ പങ്കെടുത്തു.