ഇന്ത്യയിലെ മറ്റൊരു സംസ്ഥാനത്തിനും കരസ്ഥമാക്കാൻ കഴിയാത്ത പട്ടിണിയില്ലാത്ത ഏകസംസ്ഥാനം എന്ന നേട്ടം കേരളം സ്വന്തമാക്കിയതായി എം എസ് അരുൺകുമാർ എം എൽ എ. തഴക്കര പഞ്ചായത്തിൽ സംഘടിപ്പിച്ച വികസന സദസ്സ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനങ്ങളോടൊപ്പം നിന്ന് ജനങ്ങൾക്ക് വേണ്ടി ഭരണം നടത്തുന്ന സർക്കാറാണ് നിലവിലുള്ളതെന്നും സമൂഹത്തിൽ പ്രയാസമനുഭവിക്കുന്ന മനുഷ്യരെ ഉയർച്ചയിലേക്ക് എത്തിക്കാൻ സർക്കാരിന് കഴിഞ്ഞുവെന്നും എം എൽ എ പറഞ്ഞു. സർക്കാരിന്റെ 10 വർഷത്തെ ഭരണകാലയളവിൽ ലൈഫ് പദ്ധതി പ്രകാരമുള്ള അഞ്ച് ലക്ഷത്തോളം വീടുകളാണ് പൂർത്തീകരണത്തിലേക്ക് എത്തുന്നത്. 1600 കോടി രൂപയുടെ സൗജന്യ ചികിത്സ നൽകുന്നതിലൂടെ രാജ്യത്ത് ഏറ്റവും കൂടുതല്‍ സൗജന്യ ചികിത്സ നല്കിയ സംസ്ഥാനത്തിനുള്ള കേന്ദ്ര സര്‍ക്കാരിന്റെ ആരോഗ്യ മന്ഥന് പുരസ്കാരവും കേരളം നേടിയതായി അദ്ദേഹം പറഞ്ഞു. ചടങ്ങിൽ തഴക്കര ഗ്രാമ പഞ്ചായത്തിനെ എം എൽ എ അതിദാരിദ്ര്യ മുക്തമായി പ്രഖ്യാപിച്ചു.
തഴക്കര പഞ്ചായത്തിൽ ലൈഫ് ഭവന പദ്ധതിയിലൂടെ 10.82 കോടി രൂപ ചെലവിൽ 308 വീടുകൾ ആണ് പൂർത്തീകരിച്ചത്. ഭൂരഹിതർക്ക് ഭൂമി നൽകിയതിൽ ജില്ലയിൽ ലൈഫ് മിഷന്റെ ഒന്നാം സ്ഥാനം നേടിയ പഞ്ചായത്താണ് തഴക്കര എന്ന് സെക്രട്ടറി വി ജയലത അവതരിപ്പിച്ച റിപ്പോർട്ടിൽ വ്യക്തമാക്കി. 268 വീടുകൾക്ക് 2.62 കോടി രൂപ ചെലവഴിച്ച് ഭവന പുനരുദ്ധാരണം നടത്തുകയും ഭൂരഹിതരായ 90 പേർക്ക് 2.07 കോടി രൂപ ചെലവിൽ ഭൂമി വാങ്ങി നൽകുകയും ചെയ്തു. ജനകീയ ജൈവവൈവിധ്യ രജിസ്റ്റർ പൂർണ്ണമായും തയ്യാറാക്കിയ സംസ്ഥാനത്തെ ആദ്യ പഞ്ചായത്തായി തഴക്കര ഗ്രാമ പഞ്ചായത്ത് കേന്ദ്ര പരിസ്ഥിതി മന്ത്രാലയ സൈറ്റിൽ ഇടം നേടിയിട്ടുമുണ്ട്. ജില്ലാ പഞ്ചായത്തിന്റെ സമ്പൂർണ്ണ മാലിന്യമുക്ത പഞ്ചായത്തിനുള്ള ആദരവും 100 ശതമാനം ഡിജിറ്റൽ സാക്ഷരത കൈവരിച്ച പഞ്ചായത്ത് എന്ന നേട്ടവും ജില്ലയിൽ ജല ബജറ്റ് തയ്യാറാക്കിയ പഞ്ചായത്ത് എന്ന മേന്മയും തഴക്കരക്ക് സ്വന്തം. അതിദാരിദ്ര്യ നിർമ്മാർജ്ജന പദ്ധതിയുടെ ഭാഗമായി വിവിധ വാർഡുകളിലുള്ള 36 അതിദരിദ്രരെ കണ്ടെത്തി വിവിധ പദ്ധതികളിൽ ഉൾപ്പെടുത്തി ജീവനോപാധികൾ നൽകിയെന്നും പ്രോഗ്രസ് റിപ്പോർട്ടിൽ വ്യക്തമാക്കി.
വികസന സദസ്സിന്റെ ഭാഗമായി നടത്തിയ വിജ്ഞാനകേരളം തൊഴിൽമേളയിൽ നാല് കമ്പനികളിലെ ഒഴിവുകളിലേക്ക് 73 ഉദ്യോഗാർഥികൾ പങ്കെടുത്തു. 29 പേരെ തെരഞ്ഞെടുക്കുകയും ഏഴ് പേരെ ഷോർട്ട് ലിസ്റ്റ് ചെയ്യുകയും ചെയ്തു.
തഴക്കര ഗ്രാമപഞ്ചായത്ത് ഹാളിൽ നടന്ന സദസ്സിൽ പഞ്ചായത്ത് പ്രസിഡന്റ് ഷീബ സതീഷ് അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് അംബിക സത്യനേശൻ, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ മഞ്ജുള ദേവി, ജി ആതിര, പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷരായ ഷീല രവീന്ദ്രൻ ഉണ്ണിത്താൻ, ഷീല ടീച്ചർ, എസ് അനിരുദ്ധൻ, ആസൂത്രണ സമിതി ഉപാധ്യക്ഷൻ കെ കെ വിശ്വംഭരൻ, തഴക്കര പഞ്ചായത്ത് ജൂനിയർ സൂപ്രണ്ട് കെ ഗോപാലകൃഷ്ണ പിള്ള, പഞ്ചായത്ത് അംഗങ്ങളായ എല്‍ ഉഷ, ജോർജ് ജെ തോമസ്, ഷൈനിസ, കൃഷ്ണമ്മ ഉത്തമൻ, സുജാത, സി ഡി എസ് ചെയർപേഴ്സൺ പ്രസന്ന ഷാജി, ഹരിത കർമ്മ സേനാംഗങ്ങൾ, കുടുംബശ്രീ പ്രവർത്തകർ, ജനപ്രതിനിധികൾ, മറ്റ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
