* തോമസ് കെ തോമസ് എംഎൽഎ സദസ്സ് ഉദ്ഘാടനം ചെയ്തു

ലൈഫ് ഭവനപദ്ധതി വഴി ഭവനരഹിത ഗുണഭോക്താക്കളിൽ 135 പേർക്ക് വീട് പൂർത്തീകരിച്ചു നൽകിയതായും 60 വീടുകളുടെ നിർമാണം പുരോഗമിക്കുന്നതായും കാവാലം പഞ്ചായത്ത് വികസന സദസ്സ്. ഭാവി വികസനം സംബന്ധിച്ച പൊതുജനാഭിപ്രായം സ്വരൂപിക്കാൻ കാവലം ഗ്രാമപഞ്ചായത്തിൽ സംഘടിപ്പിച്ച വികസന സദസ്സിലാണ് പഞ്ചായത്ത് നടത്തിയ വികസനപ്രവർത്തനങ്ങൾ ചൂണ്ടിക്കാട്ടിയത്. കാവാലം പിഎച്ച്സി ഹാളിൽ നടന്ന സദസ്സ് തോമസ് കെ തോമസ് എംഎൽഎ ഉദ്ഘാടനം ചെയ്തു.

11 അതിദരിദ്ര കുടുംബങ്ങളെ കണ്ടെത്തി പഞ്ചായത്തിനെ അതിദാരിദ്ര്യമുക്തമാക്കി. ഡിജി കേരളം വഴി 1065 പഠിതാക്കളുടെ പരിശീലനം പൂർത്തീകരിച്ചു. പ്രാഥമികാരോഗ്യ കേന്ദ്രം കുടുംബരോഗ്യകേന്ദ്രമാക്കി ഉയർത്തി. പാലിയേറ്റീവ് കെയർ പദ്ധതിയുടെ ഭാഗമായി മാസത്തിൽ രണ്ട് തവണ മെൻ്റൽ ഹെൽത്ത് ഹോം കെയറും പ്രത്യേക ഒ പിയും ലഭ്യമാക്കിവരുന്നു. മൂന്ന് ആശുപത്രികളിലായി രജിസ്റ്റർ ചെയ്ത 130 ഓളം കിടപ്പ് രോഗികൾക്ക്‌ എല്ലാ മാസവും വീടുകളിലെത്തി പരിശോധനയും ചികിത്സയും ഉറപ്പാക്കുന്നു. കാൻസർ രോഗികൾക്കാവശ്യമായ കൊളോസ്റ്റമി ബാഗുകൾ, ഡയാലിസിസ് രോഗികൾക്കുള്ള കിറ്റ് എന്നിവ വാർഷിക പദ്ധതിയുടെ ഭാഗമായി നൽകിവരുന്നു. അഭയം മാനസികാരോഗ്യ പരിപാടി, ക്ഷയരോഗ മുക്ത പഞ്ചായത്ത്, പാലിയേറ്റീവ് കെയർ പ്രവർത്തനങ്ങൾ എന്നിവ ആരോഗ്യരംഗത്ത് ശ്രദ്ധേയമായ മുന്നേറ്റങ്ങളാണെന്ന് സദസ്സിൽ അവതരിപ്പിച്ച റിപ്പോർട്ടിൽ പറഞ്ഞു.
കെ-സ്മാർട്ട് ഹെല്പ് ഡെസ്ക്, ചിത്രപ്രദർശനം, സർക്കാരിൻ്റെ വികസന, ക്ഷേമ പ്രവർത്തനങ്ങളുടെ അവതരണം, ഗ്രാമപഞ്ചായത്തിന്റെ പ്രോഗ്രസ് റിപ്പോർട്ട് പ്രകാശനം, ചർച്ച, എന്നിവ സദസ്സിൻ്റെ ഭാഗമായി നടന്നു.

ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റ്റി റ്റി സത്യദാസ് അധ്യക്ഷനായി. വെളിയനാട് ബ്ലോക്ക്‌പഞ്ചായത്തംഗം സന്ധ്യസുരേഷ് പ്രോഗ്രസ് റിപ്പോർട്ട് പ്രകാശനം ചെയ്തു. പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി കെ ശൈലേഷ് കുമാർ സംസ്ഥാന സർക്കാരിൻ്റെ വികസന ക്ഷേമ പ്രവർത്തനങ്ങളും പഞ്ചായത്ത് സെക്രട്ടറി എൻ സി ലീനമോൾ പഞ്ചായത്തിന്റെ നേട്ടങ്ങളും അവതരിപ്പിച്ചു. പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ് റിനി ചന്ദ്രൻ, വെളിയനാട് ബ്ലോക്ക്‌ പഞ്ചായത്ത്‌ വികസനകാര്യ സ്ഥിരംസമിതി അധ്യക്ഷ സബിത രാജേഷ്, പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷരായ സന്ധ്യ രാജപ്പൻ, ലത ഓമക്കുട്ടൻ, പി എ അജിത, പഞ്ചായത്തംഗങ്ങളായ സന്ധ്യ സുരേഷ്, സൗമ്യ സനൽ, ഡി മംഗളനാന്ദൻ, ബിന്ദു സലി, ടിനു കുര്യൻ, ആസൂത്രണ സമിതി ഉപാധ്യക്ഷൻ പി വി രാമഭദ്രൻ, ഹരിത കേരള മിഷൻ റിസോഴ്സ് പേഴ്സൺ സന്ധ്യ രമേശ്‌, മറ്റ് ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു. വിദ്യാർഥികൾ, കർഷകർ, കലാ പ്രതിഭകൾ, മുതിർന്ന പൗരന്മാർ, ഹരിതകർമ്മസേനാഗംങ്ങൾ എന്നിവരെ ചടങ്ങിൽ ആദരിച്ചു. സദസ്സിന്റെ ഭാഗമായി ഈ മാസം 13ന് നടന്ന വിജ്ഞാന കേരളം തൊഴിൽമേളയിൽ 32 ഓളം തൊഴിലന്വേഷകർ പങ്കെടുത്തു. നാല് കമ്പനികളിലായി വിവിധ തസ്തികകളിലേക്കാണ് അഭിമുഖം നടത്തിയത്. 19 ഉദ്യോഗാർഥികൾ ചുരുക്കപ്പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്.