സമഗ്ര കുട്ടനാട് കുടിവെള്ള പദ്ധതിയുടെ ഭാഗമായ കൈനകരിയിലെ പ്രവർത്തികൾക്ക് തുടക്കമായി. പദ്ധതി പൂർത്തിയാകുന്നതോടെ 5500 ഓളം കണക്ഷനുകൾ നൽകി കൈനകരി ഗ്രാമ പഞ്ചായത്തിലെ മുഴുവൻ വാർഡുകളിലും ശുദ്ധജലമെത്തും.

കൈനകരി, നെടുമുടി, പഞ്ചായത്തുകൾ ഉൾപ്പെടുന്ന പാക്കേജ് 8 ൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ മഹാരാഷ്ട്ര കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ബിവായ് കൺസ്ട്രക്ഷൻസിൻ്റെ മേൽനോട്ടത്തിലാകും നടക്കുക. ഇത്തരത്തിൽ 9 പാക്കേജുകളിലായി നടപ്പിലാക്കുന്ന സമഗ്ര കുട്ടനാട് കുടിവെള്ള പദ്ധതി യാഥാർത്ഥ്യമാകുമ്പോൾ 13 ഗ്രാമപഞ്ചായത്തുകളിലെയും മുഴുവൻ വാർഡുകളിലും അവശ്യനുസരണം കുടിവെള്ളം ലഭ്യമാക്കുവാൻ കഴിയുമെന്ന് തോമസ് കെ തോമസ് എംഎൽഎ അറിയിച്ചു.

ഗ്രാമപഞ്ചായത്തിൽ നടന്ന ചടങ്ങ് തോമസ് കെ തോമസ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. സമഗ്ര കുട്ടനാട് കുടിവെള്ള പദ്ധതിയുടെ പാക്കേജ് 8-ൽ ആണ് കൈനകരി ഉൾപ്പെടുന്നത്. 7 ലക്ഷം ലിറ്റർ കപ്പാസിറ്റിയുള്ള ഓവർ ഹെഡ് ടാങ്കും 112 കി.മി പൈപ്പ് ലൈൻ സ്ഥാപനവും മുണ്ടയ്ക്കലിലെ നിലവിലെ ടാങ്കിൻ്റെ നവീകരണവുമാണ് പ്രവർത്തിയിൽ ഉൾപ്പെടുന്നത്. പഴയ റബർ കമ്പനിയ്ക്ക് സമീപത്താണ് പുതിയ ഓവർ ഹെഡ് ടാങ്കുകൾ നിർമ്മിക്കുന്നത്. ഇതോടൊപ്പം പള്ളാത്തുരുത്തിയിൽ നിന്നും കൈനകരി ജംഗ്ഷൻ വഴി മുണ്ടയ്ക്കൽ ടാങ്കിലേയ്ക്കുള്ള പൈപ്പ് ലൈൻ സ്ഥാപിക്കുന്ന പ്രവർത്തിക്കും തുടക്കമായി 2.5 കോടി രൂപയാണ് ഇതിനായി വിനിയോഗിക്കുന്നത്. ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് എം.സി പ്രസാദ് അധ്യക്ഷത വഹിച്ചു.