നവ കേരളത്തിന്റെ വികസന നേട്ടങ്ങള്‍ അടയാളപ്പെടുത്തിയും ഭാവി വികസന-ക്ഷേമ പ്രവര്‍ത്തനങ്ങള്‍ ചര്‍ച്ച ചെയ്തും തലക്കുളത്തൂര്‍ ഗ്രാമപഞ്ചായത്ത് വികസന സദസ്സ്. സദസ്സ് മേയര്‍ ഡോ. ബീന ഫിലിപ്പ് ഉദ്ഘാടനം ചെയ്തു. സമസ്ത മേഖലകളിലും വികസന പ്രവര്‍ത്തനങ്ങള്‍ നടത്തിയാണ് സര്‍ക്കാര്‍ മുന്നോട്ട് പോകുന്നതെന്നും മികവാര്‍ന്ന വികസന പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെച്ച പഞ്ചായത്താണ് തലക്കുളത്തൂരെന്നും മേയര്‍ പറഞ്ഞു.

സദസ്സില്‍ ഗ്രാമപഞ്ചായത്തിന്റെ ഭാവി വികസന പ്രവര്‍ത്തനങ്ങള്‍ക്കുള്ള ആശയങ്ങളും നിര്‍ദേശങ്ങളും പൊതുജനങ്ങള്‍ അവതരിപ്പിച്ചു. പ്രാദേശിക തലത്തില്‍ കിഫ്ബി മോഡല്‍ പദ്ധതി ആവിഷ്‌കരിച്ച് പഞ്ചായത്തിന്റെ തനത് ഫണ്ട് കണ്ടെത്താനുള്ള പദ്ധതി, കൃഷിയില്‍ യുവാക്കളെ ആകര്‍ഷിക്കുന്നതിന് വിവിധ പദ്ധതികള്‍ ആവിഷ്‌കരിക്കുക, കലാകാരര്‍ക്ക് മാത്രമായി പൊതു ഇടം നിര്‍മിക്കുക, അങ്കണവാടി കെട്ടിടങ്ങളുടെ അറ്റകുറ്റപ്പണികള്‍ തീര്‍ക്കുക, ടൂറിസം മേഖലയില്‍ പുതിയ പദ്ധതികള്‍ നടപ്പാക്കുക തുടങ്ങിയ നിര്‍ദേശങ്ങള്‍ ചര്‍ച്ചയില്‍ ഉയര്‍ന്നു.

വികസന വീഡിയോയുടെ പ്രദര്‍ശനം, തലക്കുളത്തൂര്‍ ഗ്രാമപഞ്ചായത്തിന്റെ ഭരണ നേട്ടങ്ങളുടെ ചിത്രപ്രദര്‍ശനം, തൊഴില്‍ മേള എന്നിവ സദസ്സിന്റെ ഭാഗമായി നടത്തി. ഹരിതകര്‍മ്മസേന അംഗങ്ങളെ ചടങ്ങില്‍ ആദരിച്ചു.

അണ്ടിക്കോട് വെഡ് ലോട്ട് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ തലക്കുളത്തൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ ടി പ്രമീള അധ്യക്ഷത വഹിച്ചു. വികസന രേഖ പ്രകാശനം ചേളന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ പി സുനില്‍ കുമാര്‍ മേയര്‍ക്ക് നല്‍കി നിര്‍വഹിച്ചു.സെക്രട്ടറി എന്‍ രാജേഷ് ശങ്കര്‍വികസന റിപ്പോര്‍ട്ട് അവതരിപ്പിച്ചു.

വികസന, ക്ഷേമത്തിന്റെ തലക്കുളത്തൂര്‍ മാതൃക

സംസ്ഥാന സര്‍ക്കാരിന്റെ പ്രധാന പദ്ധതികളായ ലൈഫ് മിഷന്‍, അതിദാരിദ്ര്യ നിര്‍മാര്‍ജനം, ഡിജി കേരളം എന്നിവയെല്ലാം പ്രാദേശികമായി നടപ്പാക്കുന്നതില്‍ മാതൃകാപരമായ പ്രകടനം കാഴ്ചവെച്ച തലക്കുളത്തൂര്‍ ‘ഡിജി കേരളം’ പദ്ധതിയിലൂടെ നൂറ് ശതമാനം ഡിജിറ്റല്‍ സാക്ഷരത കൈവരിച്ചിട്ടുണ്ട്. ഗ്രാമപഞ്ചായത്തിലെ 39 കുടുംബങ്ങളെ അതിദാരിദ്രാവസ്ഥയില്‍ നിന്നും മുക്തരാക്കി. ലൈഫ് ഭവന നിര്‍മ്മാണ പദ്ധതിയില്‍ വീടുകളും വരുമാനമാര്‍ഗ്ഗം കണ്ടെത്താന്‍ സ്വയം തൊഴില്‍ പദ്ധതികളും ആവിഷ്‌കരിച്ചു. ഭക്ഷണ കിറ്റുകള്‍ വീടുകളില്‍ ലഭ്യമാക്കി. പാലിയേറ്റീവ് സേവനം ആവശ്യമുള്ള 277 രോഗികള്‍ക്ക് സേവനം നല്‍കി.

ലൈഫ് പദ്ധതി വഴി ഭവനരഹിതരായ 149 പേര്‍ക്ക് തണലേകി. 100 വീടുകളുടെ നിര്‍മ്മാണം പൂര്‍ത്തിയായി. 49 വീടുകളുടെ നിര്‍മ്മാണ പ്രവര്‍ത്തനം പുരോഗമിക്കുന്നു. കീഴരിയൂര്‍ ഗ്രാമപഞ്ചായത്തില്‍ നമ്പ്രത്തുകരയിലെ രാധടീച്ചറും കുടുംബവും മതിലകം ക്ഷേത്രത്തിനു സമീപം പറപ്പാറയില്‍ പതിനെട്ടേകാല്‍ സെന്റ് ഭൂമി പഞ്ചായത്തിന് കൈമാറിയത് ആറ് കുടുംബങ്ങള്‍ക്ക് വീടൊരുക്കുന്നതിലേക്ക് നയിച്ചു.

ആരോഗ്യ മേഖലയിലെ മികച്ച പ്രവര്‍ത്തനത്തിനുള്ള സംസ്ഥാനതല കായകല്‍പ്പ പുരസ്‌കാരം ഒന്നാം സ്ഥാനം തലക്കുളത്തൂര്‍ സിഎച്ച്‌സിന് ലഭിച്ചിരന്നു. മൂന്നു തവണ സംസ്ഥാന തലത്തില്‍ കായകല്‍പ്പ പുരസ്‌കാരത്തില്‍ രണ്ടാം സ്ഥാനത്ത് എത്താനും പഞ്ചായത്തിനായി. ജല്‍ ജീവന്‍ മിഷന്‍ കുടിവെള്ള പദ്ധതിയിലൂടെ 5247 വീടുകളില്‍ കുടിവെള്ളമെത്തിച്ചു. കാര്‍ഷിക മേഖലയില്‍ പ്രതിവര്‍ഷം ഏകദേശം ആയിരം ടണ്‍ പച്ചക്കറി ഉല്പാദിപ്പിക്കാന്‍ പഞ്ചായത്തിന് സാധിക്കുന്നു. മഴക്കാല പച്ചക്കറി കൃഷി 30 ഹെക്ടറിലും വേനല്‍ക്കാല കൃഷി 50 ഹെക്ടറിലുമായി വ്യാപിച്ചു കിടക്കുന്നു. ഗതാഗത രംഗത്ത് 12.21 കോടി രൂപ പഞ്ചായത്ത് ചെലവഴിച്ചു.

പഞ്ചായത്ത് ‘മാലിന്യമുക്ത പദവി’ പ്രഖ്യാപിക്കപ്പെട്ട മേഖലയാക്കുകയുംഒരു എംസിഎഫും 34 മിനി എംസിഎഫും 34 ഹരിത കര്‍മ്മസേന പ്രവര്‍ത്തകരും പഞ്ചായത്തിന്റെ മാലിന്യമുക്ത പ്രവര്‍ത്തനങ്ങളില്‍ നിരന്തരം ശ്രദ്ധ കേന്ദ്രീകരിക്കുന്നു. അടിസ്ഥാന സൗകര്യ വികസനത്തിനൊപ്പം പുതുതലമുറയ്ക്ക് ആവശ്യമായ വികസന പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കാനും പഞ്ചായത്തിന് സാധിച്ചു.