സംസ്ഥാന സര്‍ക്കാരിന്റെയും പട്ടികജാതി വികസന വകുപ്പിന്റെയും തദ്ദേശ സ്ഥാപനങ്ങളുടെ ആഭിമുഖ്യത്തില്‍ സാമൂഹ്യ ഐക്യദാര്‍ഢ്യ പക്ഷാചരണത്തിന്റെ ബ്ലോക്ക് തല ഉദ്ഘാടനം കുഴല്‍മന്ദം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.കെ. ദേവദാസ് നിര്‍വഹിച്ചു.

പരിപാടിയുടെ ഭാഗമായി പഠനമുറി ഗുണഭോക്തൃ സംഗമവും നടത്തി. പട്ടികജാതി വികസന വകുപ്പിന്റെയും ബ്ലോക്ക് പഞ്ചായത്തിന്റെയും വിവിധ പദ്ധതികളിലായി ഇതുവരെ 480 പഠനമുറികള്‍ അനുവദിച്ചിട്ടുണ്ട്. ഈ സാമ്പത്തിക വര്‍ഷത്തില്‍ ബ്ലോക്കിന്റെ 35 പഠനമുറികളും വകുപ്പിന്റെ 63 പഠനമുറികളുടെയും താക്കോല്‍ വിതരണമാണ് നടന്നത്.ഒരു ഗുണഭോക്താവിന് രണ്ട് ലക്ഷം രൂപ നിരക്കില്‍ വീടിനോട് ചേര്‍ന്ന് 120 ചതുരശ്ര അടി വിസ്തീര്‍ണ്ണത്തില്‍ പുതിയ മുറിയാണ് പദ്ധതിയിലൂടെ നിര്‍മ്മിക്കുന്നത്. കുഴല്‍മന്ദം ബ്ലോക്ക് പട്ടികജാതി വികസന ഓഫീസര്‍ സുന്ദരന്‍ പദ്ധതി വിശദീകരണം നടത്തി.

പരിപാടിയില്‍ ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ എന്‍.എം. ഇന്ദിര അധ്യക്ഷയായി. വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയർമാൻ സിദ്ധിഖ്, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ സുബ്രഹ്മണ്യന്‍, സോമദാസന്‍, കുഞ്ഞിലക്ഷ്മി, ബി.ഡി.ഒ സക്കീര്‍ ഹുസൈന്‍,ക്ലാര്‍ക്ക് നിരഞ്ജന എന്നിവര്‍ പങ്കെടുത്തു.