അഭിമാനാര്‍ഹമായ നേട്ടമാണ് അഞ്ചുവര്‍ഷകാലയളവില്‍ എടപ്പാള്‍ ഗ്രാമപഞ്ചായത്തിന് കൈവരിക്കാനായത്. വികസന സദസ്സില്‍ ഇതുവരെ നടത്തിയ പ്രവര്‍ത്തനങ്ങളുടെ വിലയിരുത്തലുകള്‍ ഉള്‍ക്കൊള്ളിച്ച വികസനരേഖ പഞ്ചായത്ത് പ്രതിനിധികള്‍ പൊതുജനങ്ങള്‍ക്ക് സമര്‍പ്പിച്ചു.
സംസ്ഥാനതലത്തില്‍ തന്നെ ശ്രദ്ധേയമായതാണ് എടപ്പാള്‍ ഗ്രാമപഞ്ചായത്തിന്റെ സൗരപ്രഭ പദ്ധതി. കൃഷിഭവന്‍ കെട്ടിടത്തിന്റെ മുകളില്‍ 20 കിലോ കപ്പാസിറ്റിയുള്ള സൗരോര്‍ജ്ജ പാനല്‍ സ്ഥാപിച്ച ദിനംപ്രതി 80 മുതല്‍ 100 യൂണിറ്റ് വരെ വൈദ്യുതി ഉല്പാദിപ്പിക്കുന്ന സൗരോര്‍ജ്ജ പദ്ധതിയാണിത്. കൃഷിഭവന്‍ കെട്ടിടത്തിലെ ആവശ്യം കഴിഞ്ഞുള്ള വൈദ്യുതി കെഎസ്ഇബി ഗ്രിഡ്ഡിലേക്ക് കൈമാറി. അത് പഞ്ചായത്തിലെ ഘടക സ്ഥാനങ്ങളില്‍ ഉപയോഗിക്കുന്ന രീതിയിലാണ് നടപ്പാക്കിയിട്ടുള്ളത്. 10 ലക്ഷം രൂപ ചെലവിലാണ് പദ്ധതി നടപ്പാക്കിയത്.
കിടപ്പു രോഗികളെ പരിചരിക്കുകയും സാന്ത്വനിപ്പിക്കുകയും ചെയ്യുന്ന ‘അരികെ’ എന്ന പരിരക്ഷ ഹോം കെയര്‍ പദ്ധതിയാണ് മറ്റൊന്ന്. ജനകീയ ധനസമാഹരണം നടത്തിയും കൂടിയാണ് പദ്ധതി നടന്നുവരുന്നത്. മാലിന്യമുക്ത നവകേരളം പദ്ധതിയുടെ ഭാഗമായി പഞ്ചായത്തും അത്യുജ്ജല നേട്ടം കൈവരിച്ചു. 30 ലക്ഷം രൂപ ചെലവഴിച്ച് എന്‍സിഎഫ് നിര്‍മ്മിച്ചു. എല്ലാ വാര്‍ഡുകളിലും മിനി എംസിഎഫുകളും സ്ഥാപിച്ചു. എന്‍ഫോഴ്‌സ്‌മെന്റ് ശക്തമാക്കി ഒരു ലക്ഷത്തി അറുപതിനായിരം രൂപ ഇതുവരെ പിഴ ഈടാക്കി.
10,18,20862 രൂപ ചെലവഴിച്ചാണ് ലൈഫ് ഭവന പദ്ധതി നടപ്പിലാക്കിയത്. 400 പേര്‍ക്ക് പദ്ധതി വഴി ആനുകൂല്യം നല്‍കി. പെരുമ്പറമ്പ്, പൊന്‍കുന്ന് ഭാഗങ്ങളിലുണ്ടായിരുന്ന ഇരട്ട വീടുകള്‍ ഭൂമി തിരിച്ച് ഒറ്റ വീടുകള്‍ ആക്കാന്‍ സാധിച്ചു.
88 പെണ്‍കുട്ടികളുടെ വിവാഹത്തിനായി ഒന്നേകാല്‍ ലക്ഷം രൂപ വച്ച് സഹായം നല്‍കി. ഉന്നത പഠനത്തിനായി സ്‌കോളര്‍ഷിപ്പ് നല്‍കുന്ന പദ്ധതിയും ആരംഭിച്ചു. ഭിന്നശേഷി വിദ്യാര്‍ഥികള്‍ക്കായി അയിലക്കാട് ബഡ്‌സ് സ്‌കൂള്‍ സ്ഥാപിച്ചു. 7 വിദ്യാലയങ്ങള്‍ക്ക് പുതിയതായും നവീകരിച്ചുമുള്ള കെട്ടിടങ്ങള്‍ നിര്‍മ്മിച്ചു. തവനൂര്‍ മണ്ഡലത്തിലേക്ക് അനുവദിച്ച ഗവണ്‍മെന്റ് ഐ.ടി.ഐ എടപ്പാളില്‍ തുടങ്ങുവാന്‍ സാധിച്ചു.
ആരോഗ്യ മേഖലയില്‍ അയിലക്കാട് സബ് സെന്ററിന് പുതിയതായി കെട്ടിടം പണിതു. കോലളമ്പ്, തുയ്യം, പെരുമ്പറമ്പ് സബ് സെന്ററുകള്‍ നവീകരിച്ചു. സ്വന്തമായി കെട്ടിടമുള്ള മുഴുവന്‍ അംഗനവാടികളും പുനരുദ്ധാരണം നടത്തി. എടപ്പാള്‍ ചുങ്കത്ത് മനോഹരമായ ടേക്ക് എ ബ്രേക്ക് ഒരുക്കി. 234 ചെറു റോഡുകള്‍ കോണ്‍ക്രീറ്റ് ചെയ്തും ടാറിങ് ചെയ്തും യാത്രയോഗ്യമാക്കി. 131 റോഡുകള്‍ പുനരുദ്ധീകരിക്കുകയും 103 റോഡുകള്‍ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി പ്രവൃത്തി പൂര്‍ത്തീകരിക്കുകയും ചെയ്തു.
കൂടാതെ പച്ചക്കറി ഉല്‍പാദനം വര്‍ദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ പഞ്ചായത്തിലെ വീടുകളില്‍ നടപ്പിലാക്കിയ മറ്റൊരു പദ്ധതിയാണ് വെജിറ്റബിള്‍ വില്ലേജ് 19/19. മുഴുവന്‍ വീടുകളിലെ നേന്ത്രവാഴ കൃഷി പ്രോത്സാഹിപ്പിക്കുന്നതിനായി ‘നാടിനൊന്ന് വീടിനൊന്ന്’ നേന്ത്രക്കുല പദ്ധതിയും നടപ്പിലാക്കി. നാളികേര കര്‍ഷകരുടെ തേങ്ങ സംഭരിച്ച് ശുദ്ധമായ വെളിച്ചെണ്ണ ലഭ്യമാക്കാന്‍ കഴിയുന്ന ‘എടപ്പാള്‍ അമൃതം’ വെളിച്ചെണ്ണ പദ്ധതി നടപ്പിലാക്കി. തേന്‍ ഉല്‍പാദനത്തിന്റെ ഭാഗമായി ‘തേന്‍ ഗ്രാമം’ പദ്ധതി, പഞ്ചായത്തിലെ ശിശുക്കളുടെ ആരോഗ്യവും പ്രതിരോധശേഷിയും വര്‍ദ്ധിപ്പിക്കുന്നതിനായി ആവിഷ്‌കരിച്ച ‘ബലമേറും ബാല്യം’ പദ്ധതിയും പഞ്ചായത്തില്‍ വിജയകരമായി നടപ്പിലാക്കി വരുന്നു
തട്ടാൻ പടി സ്റ്റാർ പാലസ് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി പഞ്ചായത്ത് പ്രസിഡന്റ് സി.വി. സുബൈദയുടെ അദ്ധ്യക്ഷതയിൽ പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി. രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ബ്ലോക്കിന് കീഴിലെ ഏറ്റവും മികച്ച പ്രവർത്തനം നടത്തുന്ന പഞ്ചായത്താണ് എടപ്പാൾ പഞ്ചായത്തെന്ന് അദ്ദേഹം പറഞ്ഞു. ജനകീയ പദ്ധതികളാണ് പഞ്ചായത്ത് നടപ്പിലാക്കിയതത്രയും. ആരോഗ്യം, കായികം, അടിസ്ഥാന വികസനം, വിദ്യാഭ്യാസം മേഖലകളിൽ ഏറെ മുന്നേറാൻ പഞ്ചായത്തിന് സാധിച്ചതായും അദ്ദേഹം പറഞ്ഞു. പഞ്ചായത്ത് സെക്രട്ടറി എം.എൻ. ഷൈന വികസനരേഖ അവതരിപ്പിച്ചു.
പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ. പ്രഭാകരൻ, , ജില്ലാ പഞ്ചായത്തംഗം അഡ്വ. പി.പി. മോഹൻദാസ്, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആർ. ഗായത്രി, ആരോഗ്യ – വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എൻ.ആർ. അനീഷ്, പഞ്ചായത്ത് വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ക്ഷമ റഫീഖ്, മെമ്പർമാർ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ സംബന്ധിച്ചു.
കുടുംബശ്രീ പ്രവർത്തകരുടെ ഉത്പന്നങ്ങളുടെയും പഞ്ചായത്തിന്റെ വികസന പ്രവർത്തനങ്ങൾ അവതരിപ്പിച്ച ഫോട്ടോ പ്രദർശനവും കെ-സ്മാർട്ട് സേവനവും വികസന സദസ്സിനെ ആകർഷകമാക്കി.
