ഭരണസമിതിയുടെ അഞ്ചു വര്‍ഷത്തെ വികസന നേട്ടങ്ങള്‍ അവതരിപ്പിച്ചുകൊണ്ട് സംഘടിപ്പിച്ച പടിയൂര്‍ കല്ല്യാട് ഗ്രാമപഞ്ചായത്ത് വികസന സദസ്സ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ.കെ രത്നകുമാരി ഉദ്ഘാടനം ചെയ്തു. അഭിനന്ദനാര്‍ഹമായ നിരവധി വികസന പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി ആളുകളുടെ ജീവിത നിലവാരം ഉയര്‍ത്തിയ ഗ്രാമപഞ്ചായത്താണ് പടിയൂര്‍ കല്ല്യാട് എന്ന് ജില്ലാപഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. പഞ്ചായത്തിന്റെ വികസന നേട്ടങ്ങള്‍ അവതരിപ്പിച്ചുകൊണ്ടുള്ള വികസന രേഖ, പൗരവകാശ രേഖ, പടിയൂര്‍ വിവര സഞ്ചിക, ഹരിത കര്‍മ സേന സപ്ലിമെന്റ് എന്നിവ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് പ്രകാശനം ചെയ്തു.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബി ഷംസുദ്ദീന്‍ അധ്യക്ഷനായി. എല്‍ എസ് ജി ഡി അസിസ്റ്റന്റ് ഡയറക്ടര്‍ സി എം ഹരിദാസ് ആമുഖഭാഷണം നടത്തി. സംസ്ഥാന സര്‍ക്കാരിന്റെ വികസന നേട്ടങ്ങളുടെ റിപ്പോര്‍ട്ട്, ഗ്രാമ പഞ്ചായത്തിന്റെ വികസന നേട്ടങ്ങള്‍ എന്നിവ പഞ്ചായത്ത് സെക്രട്ടറി റോബര്‍ട്ട് ജോസഫ് അവതരിപ്പിച്ചു. സംസ്ഥാനതല വികസന നേട്ടങ്ങളുടെ വീഡിയോ, പഞ്ചായത്തിന്റെ വികസന നേട്ടങ്ങളുടെ വിഡിയോ എന്നിവയും വേദിയില്‍ പ്രദര്‍ശിപ്പിച്ചു. മുന്‍ പഞ്ചായത്ത് ജനപ്രതിനിധികള്‍, ആശാവര്‍ക്കര്‍മാര്‍, ഹരിതകര്‍മ സേന അംഗങ്ങള്‍, കലാ സാംസ്‌കാരിക രംഗത്തെ പ്രതിഭകള്‍ എന്നിവരെ പരിപാടിയില്‍ ആദരിച്ചു. ആസൂത്രണ സമിതി ഉപാധ്യക്ഷന്‍ പി ഷിനോജ് പുതുതായി ആരംഭിക്കുന്ന പടിയൂര്‍ കല്ല്യാട് ഗ്രാമപഞ്ചായത്ത് യൂട്യൂബ് ചാനലിന്റെ ലോഞ്ചിങ്ങും നടന്നു.
വികസന സദസിന്റെ ഭാഗമായി നടന്ന ഓപ്പണ്‍ ഫോറത്തില്‍ വയോജനങ്ങളുടെ ആരോഗ്യ സാമ്പത്തിക സുരക്ഷ ഉറപ്പുവരുത്തുന്ന പദ്ധതികള്‍ നടപ്പിലാക്കുക, പഞ്ചായത്തിന്റെ കാര്‍ഷിക രംഗം മെച്ചപ്പെടുത്തി ഭക്ഷ്യ ഉല്‍പാദനത്തില്‍ സ്വയം പര്യാപ്തത കൈവരിക്കുക, ചെറുകിട വ്യവസായങ്ങള്‍ പ്രോത്സാഹിപ്പിക്കുക, വിദ്യാഭ്യാസ, കലാ സാംസ്‌കാരിക രംഗങ്ങളില്‍ കൂടുതല്‍ പ്രവര്‍ത്തനങ്ങള്‍ക്ക് ഊന്നല്‍ നല്‍കുക എന്നിങ്ങനെ പഞ്ചായത്തിന്റെ വിവിധ മേഖലകളുടെ വികസനത്തിനായുള്ള ചര്‍ച്ചകള്‍ ഉയര്‍ന്നുവന്നു. വികസന സദസ്സിന്റെ ഭാഗമായി മൃഗ സംരക്ഷണ വകുപ്പ്, കെ സ്മാര്‍ട്ട്, പഞ്ചായത്ത് പ്രാഥമിക ആരോഗ്യ കേന്ദ്രം, കൃഷി ഭവന്‍, കുടുംബശ്രീ എന്നിവരുടെ സ്റ്റാളുകള്‍, പഞ്ചായത്ത് വികസന നേട്ടങ്ങളുടെ ചിത്ര പ്രദര്‍ശനം എന്നിവയും സജ്ജീകരിച്ചു.
ബ്ലാത്തൂര്‍ മൂത്തേടം ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ പടിയൂര്‍ കല്ല്യാട് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആര്‍ മിനി, സ്ഥിരം സമിതി അധ്യക്ഷന്‍ ഡോ. രാകേഷ്, സ്ഥിരം സമിതി അംഗം കെ.വി തങ്കമണി, മുന്‍ പഞ്ചായത്ത് പ്രസിഡന്റുമാരായ എം.എം മോഹനന്‍, കെ ശ്രീജ, ടി ശ്രീമതി, പി.പി രാഘവന്‍ മാസ്റ്റര്‍, മുന്‍ ഇരിക്കൂര്‍ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം അനില്‍കുമാര്‍ എന്നിവര്‍ സംസാരിച്ചു.
