പായം ഗ്രാമപഞ്ചായത്ത് വികസന സദസ്സ് മുന്‍ എം എല്‍ എയും കെ സി സി പി എല്‍ ചെയര്‍മാനുമായ ടി.വി രാജേഷ് ഉദ്ഘാടനം ചെയ്തു. കേരളത്തില്‍ ജനകീയാസൂത്രണം നടപ്പാക്കിയതുവഴി വികസന സാമൂഹ്യ രംഗത്ത് വന്‍ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ കഴിഞ്ഞെന്നും അധികാര വികേന്ദ്രീകരണത്തില്‍ കേരളം രാജ്യത്തിന് മാതൃകയാണന്നും ടി.വി രാജേഷ് പറഞ്ഞു. പായം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി രജനി അധ്യക്ഷയായി. വികസന സദസ്സ് സംബന്ധിച്ച സംസ്ഥാനതല റിപ്പോര്‍ട്ട് ജില്ലാപഞ്ചായത്ത് റിസോഴ്സ് പേഴ്സണ്‍ ടി.വി സുഭാഷ് അവതരിപ്പിച്ചു. സംസ്ഥാന സര്‍ക്കാരിന്റെ വികസന നേട്ടങ്ങള്‍ വിവരിക്കുന്ന വീഡിയോ വേദിയില്‍ പ്രദര്‍ശിപ്പിച്ചു. പഞ്ചായത്ത് തലത്തില്‍ നടത്തിയ വികസന പ്രവര്‍ത്തനങ്ങളുടെ റിപ്പോര്‍ട്ട് പഞ്ചായത്ത് സെക്രട്ടറി ഇന്‍ ചാര്‍ജ് ജെയ്സ് ടി തോമസ് അവതരിപ്പിച്ചു. ഗ്രാമപഞ്ചായത്തിന്റെ വികസന രേഖ ടി.വി രാജേഷ് പഞ്ചായത്ത് പ്രസിഡന്റിനു നല്‍കി പ്രകാശനം ചെയ്തു.
പായം പഞ്ചായത്തിന്റെ ചരിത്രം വിവരിക്കുന്ന കാലം സാക്ഷി ചരിത്രം സാക്ഷി ചരിത്ര പുസ്തകം, റിട്ട. നഴ്സ് ഫിലോമിന ചാള്‍സിന്റെ ചെറുകഥാ സമാഹാരം എന്നിവയുടെ പ്രകാശനവും പരിപാടിയില്‍ നടന്നു. ചെറുകഥാ സമാഹാരം എഴുത്തുകാരനും സംവിധായകനുമായ ജിജേഷ് ഭാസ്‌കര്‍ ഏറ്റുവാങ്ങി. പഞ്ചായത്ത് ഭരണസമിതിയുടെ നേതൃത്വത്തില്‍ നടപ്പാക്കിയ പ്രവര്‍ത്തനങ്ങളുടെ ചിത്രപ്രദര്‍ശനവും വീഡിയോയും പ്രദര്‍ശിപ്പിച്ചു. പഞ്ചായത്തിലെ ആശാവര്‍ക്കര്‍മാര്‍, ഹരിത കര്‍മ സേനാംഗങ്ങള്‍, സി ഡി എസ് അംഗങ്ങള്‍ എന്നിവരെ പരിപാടിയില്‍ ആദരിച്ചു.
വികസനസദസിന്റെ ഭാഗമായി നടന്ന ചര്‍ച്ചയില്‍ കൂമന്‍തോട് – മണ്ഡപ പറമ്പിന്‍ പാലം നിര്‍മാണം, കരിയാല്‍- പായം- ആറളം റോഡിന്റെ വികസനം, മാടം സ്റ്റേഡിയത്തില്‍ സ്റ്റേജും അടിസ്ഥാന സൗകര്യങ്ങളുമൊരുക്കണം, പെരുവംപറമ്പ് അകംതുരുത്ത് ടൂറിസം കേന്ദ്രമായി വികസിപ്പിക്കണം, കേളംപീടിക – വിളമന – മട്ടിണി – നിരങ്ങം ചിറ്റ റോഡ് മെക്കാഡം ടാറിംഗ് നടത്തണം തുടങ്ങിയ ആവശ്യങ്ങള്‍ ഉയര്‍ന്നുവന്നു.പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. എം വിനോദ് കുമാര്‍, ആസൂത്രണ സമിതി ഉപാധ്യക്ഷന്‍ എന്‍ അശോകന്‍, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ കെ.എന്‍ പദ്മാവതി, കെ ഹമീദ്, പഞ്ചായത്ത് അംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു.
