തദ്ദേശസ്ഥാപനങ്ങളിലെ വികസന പ്രവര്‍ത്തനങ്ങള്‍ അവതരിപ്പിക്കുന്ന വികസന സദസ്സിന് കോളയാട് പഞ്ചായത്തില്‍ തുടക്കമായി. കെ.കെ ശൈലജ ടീച്ചര്‍ എംഎല്‍എ വികസന സദസ്സ് ഉദ്ഘാടനം ചെയ്തു. വികസന പ്രവര്‍ത്തനങ്ങള്‍ ആവിഷ്‌കരിക്കുന്നതിലും സമയബന്ധിതമായി പൂര്‍ത്തിയാക്കുന്നതിലും കോളയാട് പഞ്ചായത്ത് സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് മാതൃകയാണെന്ന് കെ.കെ ശൈലജ ടീച്ചര്‍ പറഞ്ഞു.

വികസനസദസ്സില്‍ സംസ്ഥാന സര്‍ക്കാരിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ കോര്‍ത്തിണക്കിയ വീഡിയോ പ്രദര്‍ശിപ്പിച്ചു. കില റിസോഴ്‌സ് പേഴ്‌സണ്‍ തദ്ദേശ സ്വയംഭരണ വകുപ്പ് അസിസ്റ്റന്റ് ഡയറക്ടര്‍ ഉമേഷ് ബാബു കോട്ടായി ആമുഖം അവതരിപ്പിച്ചു. കോളയാട് പഞ്ചായത്ത് നടത്തിയ വികസന പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച റിപ്പോര്‍ട്ട് സെക്രട്ടറി അഖില്‍ ഭരതന്‍ അവതരിപ്പിച്ചു. വീഡിയോ പ്രദര്‍ശിപ്പിച്ചു.

വികസന പ്രവര്‍ത്തനങ്ങളില്‍ പഞ്ചായത്ത് കൈവരിച്ച നേട്ടങ്ങള്‍ അടുത്ത ഘട്ടത്തിലേക്ക് ഉയര്‍ത്തണമെന്ന അഭിപ്രായമാണ് ഓപ്പണ്‍ ഫോറത്തില്‍ ഉയര്‍ന്നത്. കശുവണ്ടി മേഖലക്കായി പദ്ധതികള്‍ നടപ്പാക്കണം, കശുമാങ്ങ സംസ്‌കരണത്തിനായി സംരംഭം തുടങ്ങണം, ഇന്‍ഡോര്‍ സ്റ്റേഡിയം സ്ഥാപിക്കണം, ഇടവട്ടം ആര്‍ബിസി പുനര്‍നിര്‍മ്മിക്കണം, ഓപ്പണ്‍ ആരോഗ്യപാര്‍ക്കുകള്‍ സ്ഥാപിക്കണം, കാര്‍ഷിക വിളകള്‍ മൂല്യവര്‍ധിത ഉല്‍പന്നങ്ങളാക്കി മാറ്റുന്നതിന് സംരംഭങ്ങള്‍ തുടങ്ങണം, വയോജനകേന്ദ്രങ്ങള്‍ ആരംഭിക്കണം എന്നിവയായിരുന്നു ചര്‍ച്ചയില്‍ പങ്കെടുത്തവര്‍ മുന്നോട്ട് വച്ച നിര്‍ദേശങ്ങള്‍.

പഞ്ചായത്ത് പ്രസിഡന്റ് എം. റിജി അധ്യക്ഷയായി. പേരാവൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. സുധാകരന്‍, ജില്ലാപഞ്ചായത്ത് അംഗം വി. ഗീത, കോളയാട് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.ഇ സുധീഷ് കുമാര്‍, ബ്ലോക്ക് പഞ്ചായത്ത് വിവിധ സ്ഥിരസമിതി അധ്യക്ഷന്‍മാരായ എ.ടി. കുഞ്ഞഹമ്മദ്, ഉമാദേവി, ജയരാജന്‍ മാസ്റ്റര്‍, സിനിജ സജീവന്‍, റീന നാരായണന്‍, ആസൂത്രണ സമിതി ചെയര്‍മാന്‍ കെ.പി സുരേഷ് കുമാര്‍ എന്നിവര്‍ സംസാരിച്ചു. വികസന സദസ്സിന്റെ തുടര്‍ച്ചയായി ഒക്ടോബര്‍ 17 വെള്ളിയാഴ്ച വനിതോത്സവം ചിറക് നടക്കും.