കാങ്കോല്‍- ആലപ്പടമ്പ് ഗ്രാമപഞ്ചായത്ത് വികസന സദസ്സ് ടി.ഐ മധുസൂദനന്‍ എം എല്‍ എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ പഞ്ചായത്ത് പ്രസിഡന്റ് എം.വി സുനില്‍ കുമാര്‍ അധ്യക്ഷനായി. പഞ്ചായത്തിന്റെ വികസന നേട്ടങ്ങള്‍ ഉള്‍ക്കൊള്ളിച്ച ‘പടവുകള്‍’ പ്രോഗ്രസ് റിപ്പോര്‍ട്ട് എം എല്‍ എ ഗ്രാമപഞ്ചായത്ത് മുന്‍ വൈസ് പ്രസിഡന്റ് കെ.പി രാഘവനു നല്‍കി പ്രകാശനം ചെയ്തു.

ഭരണസമിതി കാലയളവില്‍ വിവിധ ആവശ്യങ്ങള്‍ക്കായി പഞ്ചായത്തിന് സ്ഥലം സൗജന്യമായി നല്‍കിയവരെയും ഹരിത കര്‍മ സേനാംഗങ്ങളെയും പരിപാടിയില്‍ ആദരിച്ചു. വികസന സദസ്സിനെക്കുറിച്ച് കില ജില്ലാ റിസോഴ്സ് പേഴ്സണ്‍ ടി.പി സോമനാഥ് വിഷയാവതരണം നടത്തി. സംസ്ഥാന സര്‍ക്കാറിന്റെ വികസന നേട്ടങ്ങള്‍ കോര്‍ത്തിണക്കിയ വീഡിയോ പ്രദര്‍ശിപ്പിച്ചു. വികസന നേട്ടങ്ങളുടെ റിപ്പോര്‍ട്ട് ജനങ്ങള്‍ക്കു മുന്നില്‍ പഞ്ചായത്ത് സെക്രട്ടറി ഡി.എന്‍ പ്രമോദ് അവതരിപ്പിച്ചു. സദസിനോടനുബന്ധിച്ച് തൊഴില്‍മേള, കെ സ്മാര്‍ട്ട് ക്ലിനിക് സ്റ്റാളുകളും സജ്ജമാക്കി.

കാങ്കോല്‍ – ആലപ്പടമ്പ് ഗ്രാമപഞ്ചായത്ത് വികസനം പുതിയ തലത്തിലേക്ക് ഉയര്‍ത്തുന്നതിനും സമഗ്രമായ മുന്നേറ്റം സാധ്യമാക്കുന്നതിനും പൊതുജനങ്ങള്‍ ആശയങ്ങളും നിര്‍ദേശങ്ങളും മുന്നോട്ടുവെച്ചു. പരമ്പരാഗത ജലസ്രോതസുകളുടെ പുനരുദ്ധാരണം, എല്ലാ വാര്‍ഡുകളിലും പച്ചത്തുരുത്ത്, വനവല്‍ക്കരണം, പൊതു കുളങ്ങളുടെ നിര്‍മാണം, ‘പാതയോരം മനോഹരം’ പദ്ധതി നടപ്പാക്കല്‍, നീര്‍ച്ചാലുകളുടെ നവീകരണം, തോടുകളുടെ പാര്‍ശ്വഭിത്തി നിര്‍മാണം എന്നിങ്ങനെയുള്ള പദ്ധതികളും കൂടുതല്‍ മെച്ചപ്പെടുത്തേണ്ട മേഖലകളും ശ്രദ്ധയൂന്നേണ്ട വികസന പരിപാടികളും ഓപ്പണ്‍ ഫോറത്തില്‍ ഉയര്‍ന്നുവന്നു.

പയ്യന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.വി വത്സല, ജില്ലാ പഞ്ചായത്ത് അംഗം എം രാഘവന്‍, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ പത്മിനി, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ കെ പങ്കജാക്ഷി, ലിസ്സി ഏലിയാസ്, പഞ്ചായത്ത് സ്ഥിരം സമിതി അംഗങ്ങളായ കെ.വി സുരേഷ് ബാബു, കെ.ജി ബിന്ദുമോള്‍, ടി.എം സതീശന്‍ മാസ്റ്റര്‍, ആസൂത്രണ സമിതി ഉപാധ്യക്ഷന്‍ കെ ഗോവിന്ദന്‍, മുന്‍ പ്രസിഡന്റുരായ പി ശശിധരന്‍, പി ഉഷ, അസിസ്റ്റന്റ് സെക്രട്ടറി ഇ.ബി രമാദേവി, കെ.പി കണ്ണന്‍, പി.പി സിദിന്‍, ഭരണസമിതി അംഗങ്ങള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.