കൈത്തറി മേഖല ഉല്‍പാദനം മുതല്‍ വിപണനം വരെ ആധുനികവത്കരിക്കേണ്ടത് അനിവാര്യമാണെന്ന് കോണ്‍ക്ലേവില്‍ ഐകകണ്‌ഠ്യേന തീരുമാനിച്ചതായി നിയമ വ്യവസായ കയര്‍ വകുപ്പ് മന്ത്രി പി രാജീവ് വ്യക്തമാക്കി. സംസ്ഥാന കൈത്തറി കോണ്‍ക്ലേവില്‍ നടന്ന ചര്‍ച്ചക്ക് ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി.

കൈത്തറി മേഖലയിലെ ആധുനികവത്കരണത്തിന് നേതൃത്വം നല്‍കാന്‍ കേരള ഹാന്റ്‌ലൂം ടാസ്‌ക് ഫോഴ്‌സ് രൂപീകരിക്കും. ഉല്‍പാദനം, ഡിസൈന്‍, ഫൈനാന്‍സ്, മാര്‍ക്കറ്റിംഗ്, സാങ്കേതികവിദ്യ എന്നിങ്ങനെയുള്ള മേഖലകളിലെ മാറ്റങ്ങള്‍ക്ക് ടാസ്‌ക്‌ ഫോഴ്‌സ് നേതൃത്വം നല്‍കും. രണ്ടാഴ്ചക്കുള്ളില്‍ ടാസ്‌ക് ഫോഴ്‌സ് രൂപീകരിക്കുമെന്നും മന്ത്രി പറഞ്ഞു. തൊഴിലാളികള്‍ക്ക് എല്ലാ മാസവും സ്‌കൂള്‍ യൂണിഫോറം കൂലി ലഭിക്കുമെന്ന് ഉറപ്പുവരുത്താന്‍ റിവോള്‍വിങ്ങ് ഫണ്ട് ആരംഭിക്കും. പ്രീമിയം ഉല്‍പന്നങ്ങള്‍ നിര്‍മ്മിക്കാന്‍ സൗകര്യമുള്ള സൊസൈറ്റികളെ തെരഞ്ഞെടുത്ത് അവര്‍ക്ക് ആവശ്യമായ സാങ്കേതിക, സാമ്പത്തിക പിന്തുണ നല്‍കും.

ഡിസൈന്‍ കാലോചിതമായി പരിഷ്‌കരിക്കാന്‍ വിദഗ്ധരുടെ സഹായം ഉറപ്പുവരുത്തും. കേരള കൈത്തറി ബ്രാന്‍ഡ് വിപുലപ്പെടുത്തും. ഭൗമസൂചിക ഉല്‍പന്നങ്ങളുടെ രജിസ്‌ട്രേഷന്‍ പൂര്‍ത്തീകരിക്കും. ഒരു വര്‍ഷത്തിനുള്ളില്‍ കൈത്തറി ക്ലസ്റ്ററുകളുടെ എണ്ണം അമ്പതാക്കി ഉയര്‍ത്തും. ചെന്നെ ഐഐടി റിപ്പോര്‍ട്ട് പ്രകാരം ജോലിഭാരം ലഘൂകരിക്കുന്നതും കൈത്തറിയുടെ മൗലികത നിലനിര്‍ത്തുന്നതുമായ നവീകരിക്കണം മെഷിനറികളില്‍ നടത്തും. അതിന് അനുസൂതമായ പരിശീലനം തൊഴിലാളികള്‍ക്ക് നല്‍കും. നേമത്തും കണ്ണൂര്‍ ഐഐഎച്ച്ടിയിലും സ്റ്റാര്‍ട്ടപ്പ്, ഇന്‍ക്യുബേഷന്‍ സെന്റ്‌റുകള്‍ ആരംഭിക്കും. ഹാന്‍ടെക്‌സ്, ഹാന്‍വീവ് പുന:സംഘടിപ്പിച്ച് ആധുനികവത്കരിക്കും. പ്രവര്‍ത്തന ഏകോപനത്തിന് കമ്മിറ്റി രൂപീകരിക്കും. സൊസൈറ്റികളുടെ ഉപയോഗിക്കാത്ത ഭൂമി ഉള്‍പ്പെടെയുള ആസ്തികള്‍ വ്യവസായിക ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാന്‍ സംഘങ്ങള്‍ക്ക് അനുമതി നല്‍കും. തൊഴിലിടങ്ങള്‍ സ്ത്രീ സൗഹൃദമാക്കുന്നതിന് സംഘങ്ങള്‍ സ്വീകരിക്കുന്ന പ്രവൃത്തികള്‍ക്ക് സര്‍ക്കാര്‍ സാമ്പത്തിക സഹായം നല്‍കുമെന്നും മന്ത്രി പറഞ്ഞു.

കൈത്തറി കോണ്‍ക്ലേവ് സമാപന സമ്മേളനം നിയമസഭാ സ്പീക്കര്‍ അഡ്വ എ.എന്‍ ഷംസീര്‍ ഉദ്ഘാടനം ചെയ്തു. കൈത്തറി മേഖലയെ സംരക്ഷിക്കുന്നതിനും മൂല്യ വര്‍ധിത ഉല്‍പന്നങ്ങള്‍ നിര്‍മിച്ച് മേഖലയെ കാലോചിതമായി ശക്തിപ്പെടുത്തുന്നതിനുമുള്ള യജ്ഞത്തിന്റെ ഭാഗമാണ് കോണ്‍ക്ലേവ് എന്ന് സ്പീക്കര്‍ പറഞ്ഞു. കെ.വി സുമേഷ് എംഎല്‍എ, വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി എ പി എം മുഹമ്മദ് ഹനീഷ്, ഹാന്‍വീവ് ചെയര്‍മാന്‍ ടി.കെ ഗോവിന്ദന്‍ മാസ്റ്റര്‍, കൈത്തറി വസ്ത്ര ഡയറക്ടര്‍ ഡോ. കെ.എസ് കൃപകുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

സമഗ്ര ചര്‍ച്ചക്ക് വഴിയൊരുക്കി കൈത്തറി കോണ്‍ക്ലേവ്

കണ്ണൂര്‍ റബ്‌കോ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച സംസ്ഥാന കൈത്തറി കോണ്‍ക്ലേവ് കൈത്തറി മേഖലയിലെ ഉന്നമനം സംബന്ധിച്ച് സമഗ്ര ചര്‍ച്ചക്ക് വഴിയൊരുക്കി. ‘കൈത്തറി-പുതിയ കാലവും പുതിയ സമീപനം എന്ന വിഷയത്തില്‍ നടന്ന ചര്‍ച്ച മന്ത്രി പി രാജീവ് ഉദ്ഘാടനം ചെയ്തു. വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി എ പി എം മുഹമ്മദ് ഹനീഷ് നേതൃത്വം നല്‍കി. കൈത്തറി വ്യവസായം സ്വയംപര്യാപ്തത പ്രോത്സാഹിപ്പിക്കുക, ഉയര്‍ന്ന പ്രീമിയം വിപണിയിലേക്ക് മാറ്റിക, നൂലിനായി സബ്‌സിഡി നല്‍കുക, കൂടുതല്‍ മികച്ച ഡിസൈനുകള്‍ ഉത്പാദിപ്പിക്കാന്‍ ആധുനിക ഉപകരണങ്ങളിലേക്ക് വ്യവസായം മാറ്റുക, കുറഞ്ഞ ഉത്പാദനക്ഷമത, മൂലധനശോഷണം, പ്രവര്‍ത്തന മൂലധന പ്രശ്‌നങ്ങള്‍ തുടങ്ങിയ നിരവധി വിഷയങ്ങള്‍ കോണ്‍ക്ലേവില്‍ ചര്‍ച്ചയായി. ഹാന്‍വീവ് ചെയര്‍മാന്‍ ടി.കെ ഗോവിന്ദന്‍ മാസ്റ്റര്‍, ഹാന്റക്‌സ് കണ്‍വീനര്‍ പി വി രവീന്ദ്രന്‍, പത്മശ്രീ പി.ഗോപിനാഥന്‍, സുകുമാരന്‍ നായര്‍, ഡോ.സി.ആര്‍ എല്‍സി, പി.ആര്‍ ദിവ്യ, അരക്കന്‍ ബാലന്‍, താവം ബാലകൃഷ്ണന്‍ എന്നിവര്‍ പാനല്‍ അംഗങ്ങളായിരുന്നു.

‘കൈത്തറി മേഖല; വെല്ലുവിളികളും ബദല്‍ മാര്‍ഗങ്ങളും’ എന്നീ വിഷയത്തില്‍ നടന്ന ചര്‍ച്ചക്ക് കോഴിക്കോട് ഐഐഎം പ്രൊഫസര്‍ ആനന്ദക്കുട്ടന്‍ ബി. ഉണ്ണിത്താന്‍ നേതൃത്വം നല്‍കി. കണ്ണൂര്‍ എന്‍.ഐ.എഫ്.ടി. അസിസ്റ്റന്റ് പ്രൊഫസ്സര്‍ അഭിലാഷ് ബാലന്‍, കണ്ണൂര്‍ ഐ.ഐ.എച്ച്.ടി. എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ എന്‍. ശ്രീധന്യന്‍, കണ്ണൂര്‍ വീവേര്‍സ് സര്‍വ്വീസ് സെന്റര്‍ ഡെപ്യുട്ടി ഡയറക്ടര്‍ എം. ആനന്ദന്‍, വിദഗ്ധസമിതി അംഗം കെ. മനോഹരന്‍, കണ്ണൂര്‍ വീവേര്‍സ് സര്‍വ്വീസ് സെന്റര്‍ റിട്ട. ഡെപ്യുട്ടി ഡയറക്ടര്‍ എസ്.റ്റി സുബ്രഹ്മണ്യന്‍, കേരള ഹാന്റ്‌ലൂം ഓര്‍ഗനൈസേഷന്‍ പ്രസിഡന്റ് ബി. സുധാകരന്‍, സ്റ്റേറ്റ് ഹാന്റ്‌ലൂം വീവേര്‍സ് സൊസൈറ്റീസ് അസോസിയേഷന്‌ലെ എ.വി. ബാബു, ഇരിണാവ് വീവേഴ്‌സ് ഇന്‍ഡസ്ട്രിയല്‍ കോ.ഓപ്പറേറ്റീവ് സൊസൈറ്റി പ്രസിഡന്റ് സി. സുരേശന്‍ എന്നിവര്‍ പാനല്‍ അംഗങ്ങളായിരുന്നു.