കേരളത്തിലെ രണ്ടാമത്തെ അത്യാധുനിക എ.ഐ റോബോട്ടിക്‌സ് ലാബ് കുഞ്ഞിമംഗലം സെന്‍ട്രല്‍ യു.പി സ്‌കൂളില്‍ സ്ഥാപിക്കുമെന്ന് എം വിജിന്‍ എം.എല്‍.എ പറഞ്ഞു. വിദ്യാഭ്യാസ രംഗത്ത് വലിയ മാറ്റങ്ങള്‍ സൃഷ്ടിക്കുന്ന പദ്ധതികളാണ് സംസ്ഥാനത്ത് നടപ്പാക്കിക്കൊണ്ടിരിക്കുന്നതെന്നും അതിന്റെ ഭാഗമായി കല്ല്യാശ്ശേരി മണ്ഡലത്തിലെ എല്ലാ സര്‍ക്കാര്‍ സ്‌കൂളുകളും ഹൈടെക് ആക്കാനുള്ള തുക ഇതിനോടകം അനുവദിച്ചതായും എം.എല്‍.എ പറഞ്ഞു. മല്ലിയോട്ട് നന്ദലാല ഓഡിറ്റോറിയത്തില്‍ കുഞ്ഞിമംഗലം ഗ്രാമപഞ്ചായത്ത് വികസന സദസ്സ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പഞ്ചായത്തിന്റെ വികസന നേട്ടങ്ങള്‍ ഉള്‍ക്കൊള്ളിച്ച പ്രോഗ്രസ് റിപ്പോര്‍ട്ട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.വി വത്സല ആസൂത്രണ സമിതി ഉപാധ്യക്ഷന്‍ എ ശ്രീധരന്‍ മാസ്റ്റര്‍ക്ക് നല്‍കി പ്രകാശനം ചെയ്തു. ഹരിത കര്‍മ സേനാംഗങ്ങളെ പരിപാടിയില്‍ ആദരിച്ചു. വികസന സദസ്സിനെക്കുറിച്ച് കില ജില്ലാ റിസോഴ്സ് പേഴ്സണ്‍ ടി.പി സോമനാഥന്‍ വിഷയാവതരണം നടത്തി. സംസ്ഥാന സര്‍ക്കാരിന്റെ വികസന നേട്ടങ്ങള്‍ കോര്‍ത്തിണക്കിയ വീഡിയോ പ്രദര്‍ശിപ്പിച്ചു. ആര്‍ദ്ര കേരളം പുരസ്‌കാരം, ജില്ലയിലെ മികച്ച കമ്മ്യൂണിറ്റി കമ്പോസ്റ്റ്, ജില്ലയിലെ മികച്ച മാലിന്യമുക്ത പഞ്ചായത്തിനുള്ള പുരസ്‌കാരം തുടങ്ങിയ വികസന നേട്ടങ്ങളുടെ റിപോര്‍ട്ട് പഞ്ചായത്ത് സെക്രട്ടറി എം.പി വിനോദ് കുമാര്‍ അവതരിപ്പിച്ചു. വികസന സദസ്സിന്റെ ഭാഗമായി ബാലസഭ, മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് തൊഴിലാളി സംഗമം, കുടുംബശ്രീ സംഗമം തുടങ്ങിയ അനുബന്ധ പരിപാടികളും സംഘടിപ്പിച്ചു. സദസിനോടനുബന്ധിച്ച് തൊഴില്‍മേള, മിനി എക്സിബിഷന്‍, കെ-സ്മാര്‍ട്ട് ക്ലിനിക് എന്നീ സ്റ്റാളുകളും സജ്ജമാക്കി.
കുഞ്ഞിമംഗലം ഗ്രാമപഞ്ചായത്ത് വികസനം പുതിയ തലത്തിലേക്ക് ഉയര്‍ത്തുന്നതിനും സമഗ്രമായ മുന്നേറ്റം സാധ്യമാക്കുന്നതിനും പൊതുജനങ്ങള്‍ നിര്‍ദേശങ്ങളും ആശയങ്ങളും മുന്നോട്ടുവെച്ചു. സ്ത്രീകള്‍ക്കായി പ്രദേശത്തു തന്നെ തൊഴില്‍ സൃഷ്ടിക്കുക, പുഴയോരങ്ങളിലെ ടൂറിസം മേഖല ശക്തിപ്പെടുത്തുക, മാങ്ങകളും ചക്കകളും ഉപയോഗിച്ച് നാട്ടില്‍ വ്യവസായം സൃഷ്ടിക്കുക, എടാട്ട് ഭാഗത്ത് വയോജന പാര്‍ക്ക് നിര്‍മിക്കുക, കാര്‍ഷിക മേഖലക്കാവശ്യമായ കൂടുതല്‍ പദ്ധതികള്‍ സൃഷ്ടിക്കുക, പാടശേഖരത്തെ സംരക്ഷിക്കാനുള്ള നടപടികള്‍ സ്വീകരിക്കുക എന്നിങ്ങനെ ഇനി നടപ്പിലാക്കേണ്ട പദ്ധതികളും കൂടുതല്‍ മെച്ചപ്പെടുത്തേണ്ട മേഖലകളും ഓപ്പണ്‍ ഫോറത്തില്‍ ഉയര്‍ന്നുവന്നു.ഒക്ടോബര്‍ 17, 18 തീയ്യതികളില്‍ ഭിന്നശേഷി കലാമേളയും വയോജന സംഗമവും നടക്കും.
കുഞ്ഞിമംഗലം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എം ശശീന്ദ്രന്‍, ജില്ലാ പഞ്ചായത്ത് അംഗം സി.പി ഷിജു, പയ്യന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ കെ.പി റീന, പയ്യന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് അംഗം എം.വി ദീപു, ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അംഗങ്ങളായ കെ ജിഷ ബേബി, കെ ശോഭ, പി കരുണാകരന്‍ മാസ്റ്റര്‍, അസിസ്റ്റന്റ് സെക്രട്ടറി സതീശന്‍ പുളുക്കു തുടങ്ങിയവര്‍ പങ്കെടുത്തു.
