ജില്ലാ ശിശുക്ഷേമ സമിതി സംഘടിപ്പിക്കുന്ന ശിശുദിനാഘോഷത്തിന് മുന്നോടിയായി നടത്തിയ ജില്ലാതല പ്രസംഗ മത്സര വിജയികളെ കുട്ടികളുടെ നേതാക്കളായി പ്രഖ്യാപിച്ചു. എൽ.പി വിഭാഗത്തിൽ ഒന്നാം സ്ഥാനം നേടിയ തന്വംഗി സുഹാന ( ജി.എച്ച്.എസ് ഇരുളം) കുട്ടികളുടെ പ്രധാനമന്ത്രിയായും യു.പി വിഭാഗത്തിൽ ഒന്നാം സ്ഥാനം നേടിയ മുഹമ്മദ് അമിൻ ഷാ ( സെന്റ് തോമസ് ഹയർസെക്കൻഡറി സ്കൂൾ നടവയൽ) കുട്ടികളുടെ പ്രസിഡന്റായും ശിശുദിനാഘോഷത്തിന് നേതൃത്വം നൽകും.
എൽ.പി വിഭാഗത്തിൽ രണ്ടാം സ്ഥാനം നേടിയ എഡ്വിൻ ജോഹാൻ ദീപു പരിപാടിയിൽ സ്വാഗത പ്രസംഗവും മൂന്നാം സ്ഥാനം നേടിയ റോസ് (വാഴവറ്റ എ.യു.പി.എസ്) നന്ദി പ്രസംഗവും നടത്തും. യു.പി വിഭാഗത്തിൽ രണ്ടാം സ്ഥാനം നേടിയ തരിയോട് സെന്റ് മേരീസ് യു.പി സ്കൂളിലെ നിവേദ് ക്രിസ്റ്റി ജയ്സൺ സ്പീക്കർ സ്ഥാനം അലങ്കരിക്കും. മൂന്നാം സ്ഥാനം നേടിയ പി.എസ് ഫൈബി ആശംസ അർപ്പിക്കും. ശിശുക്ഷേമ സമിതി സെക്രട്ടറി കെ രാജൻ, ജോയിന്റ് സെക്രട്ടറി സി.കെ ഷംസുദ്ദീൻ, ട്രഷറർ കെ സത്യൻ, നിർവാഹക സമിതി അംഗം പി.ആർ ഗിരിനാഥൻ, സി ജയരാജൻ, പീ ഗീത എന്നിവർ മത്സരങ്ങൾക്ക് നേതൃത്വം നൽകി.
