ജില്ലയുടെ അടിസ്ഥാനസൗകര്യ വികസനത്തിന് മുതൽക്കൂട്ടായി കേരളാ ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്മെന്റ് ഫണ്ട് ബോർഡ് (കിഫ്ബി). കഴിഞ്ഞ രണ്ടുവർഷത്തിനിടെ പൊതുമരാമത്ത് (നിരത്തുകൾ) വകുപ്പിന്റെ കീഴിലുള്ള റോഡുകൾക്കായി 182.16 കോടി രൂപയാണ് അനുവദിച്ചത്. കേരളാ റോഡ് ഫണ്ട് ബോർഡാണ് നിർവഹണ ഏജൻസി. ബിഎം ആൻഡ് ബിസി അടിസ്ഥാനത്തിൽ നിർമിക്കുന്ന കൽപ്പറ്റ-വാരാമ്പറ്റ 17.725 കിലോമീറ്റർ റോഡിന് 56.66 കോടിയും മാനന്തവാടി-കൈതക്കൽ 10.4115 കിലോമീറ്റർ റോഡിന് 45.55 കോടിയും വകയിരുത്തി. കണിയാമ്പറ്റ-മീനങ്ങാടി റോഡിന് 38.99 കോടിയും മേപ്പാടി-ചൂരൽമല റോഡിന് 40.96 കോടിയും അനുവദിച്ചു.
കേരള വാട്ടർ അതോറിറ്റിയുടെ നേതൃത്വത്തിൽ മാനന്തവാടി മുനിസിപ്പാലിറ്റിയിലേക്കും എടവക, നല്ലൂർനാട് പഞ്ചായത്തുകളിലേക്കും കുടിവെള്ളമെത്തിക്കുന്ന പദ്ധതിക്കായി കിഫ്ബി 18 കോടി രൂപയാണ് അനുവദിച്ചത്. നബാർഡിന്റെ നേതൃത്വത്തിൽ തുടങ്ങിയ പദ്ധതി ഫണ്ടില്ലെന്ന കാരണത്താൽ പാതിവഴിയിൽ നിലയ്ക്കുമെന്ന ഘട്ടത്തിൽ കിഫ്ബി ഏറ്റെടുക്കുകയായിരുന്നു.
സർക്കാരിന്റെ പ്രഖ്യാപിത ലക്ഷ്യമായ പൊതുവിദ്യാഭ്യാസ സംരക്ഷണത്തിന് ശക്തിപകരാൻ 15 കോടി നൽകി. ജിവിഎച്ച്എസ്എസ് കൽപ്പറ്റ, ജിഎച്ച്എസ്എസ് മീനങ്ങാടി, ജിവിഎച്ച്എസ്എസ് മാനന്തവാടി എന്നിവിടങ്ങളിൽ അടിസ്ഥാനസൗകര്യ വികസനത്തിന് അഞ്ചുകോടി വീതമാണ് നൽകിയത്. കിറ്റ്കോയാണ് നിർവഹണ ഏജൻസി. ടെൻഡർ നടപടികൾ ആരംഭിച്ചിട്ടുണ്ട്. സർക്കാർ, എയ്ഡഡ് ഹൈസ്കൂൾ, ഹയർസെക്കൻഡറി, വൊക്കേഷനൽ ഹയർസെക്കൻഡറി സ്കൂളുകളിൽ ലാപ്ടോപ്, പ്രൊജക്റ്ററുകൾ, പ്രൊജക്റ്റർ സ്ക്രീനുകൾ, സ്പീക്കറുകൾ, അനുബന്ധ ഉപകരണങ്ങൾ കൈറ്റ് (കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്നോളജി ഫോർ എജ്യുക്കേഷൻ) വഴി നൽകി.
കൽപ്പറ്റ ജില്ലാ സ്റ്റേഡിയത്തിന് 18.67 കോടിയാണ് അനുവദിച്ചത്. മുണ്ടേരി മരവയലിൽ ജില്ലാ സ്റ്റേഡിയം യാഥാർഥ്യമാക്കുന്നതിന് സ്പോർട്സ് കൗൺസിൽ മുൻകൈയെടുത്ത് വിവിധ പ്രവർത്തനങ്ങൾ നടത്തുന്നുണ്ട്. ആദ്യഘട്ടത്തിൽ ഭൂമി നിരപ്പാക്കൽ, ഗാലറി, സിന്തറ്റിക് ട്രാക്ക്, ഡ്രെയിനേജ്, ഫെൻസിങ്, ഫുട്ബോൾ ഗ്രൗണ്ട് എന്നിവയ്ക്കായി 8,35,53,000 രൂപ വിനിയോഗിക്കും. പവലിയൻ, ഹോസ്റ്റൽ ബ്ലോക്ക് പൊതുവിശ്രമമുറി, പാർക്കിങ് ഏരിയയും അനുബന്ധ പ്രവൃത്തികളും, ചുറ്റുമതിൽ, ഗേറ്റ്, അഗ്നിരക്ഷാ സംവിധാനം, മഴവെള്ളസംഭരണം, സോളാർ സംവിധാനം എന്നിവ രണ്ടാംഘട്ടത്തിൽ ജില്ലാ സ്റ്റേഡിയത്തിലൊരുക്കും. 10,37,12,000 രൂപയാണ് ഇതിനു വകയിരുത്തിയത്.
സുൽത്താൻ ബത്തേരി താലൂക്ക് ആശുപത്രി ഡയാലിസിസ് സെന്ററിൽ ഉപകരണങ്ങൾ ലഭ്യമാക്കുന്നതിന് 1.57 കോടി അനുവദിച്ചു. ബ്ലോക്ക് പഞ്ചായത്ത് ജില്ലാ നിർമിതികേന്ദ്രം വഴിയാണ് കെട്ടിടനിർമാണം പൂർത്തിയാക്കിയത്.
