വിദ്യാഭ്യാസ മേഖലയുടെ വികസനത്തിന് അടിസ്ഥാന വിവരങ്ങൾ ക്രോഡീകരിച്ച് സമഗ്രപദ്ധതി തയ്യാറാക്കും. ജില്ലാ കളക്ടർ എ.ആർ. അജയകുമാറിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനിച്ചു. പൊതുവിദ്യാഭ്യാസ വകുപ്പിന്റെയും എസ്എസ്എയുടെയും നേതൃത്വത്തിൽ വിവിധ വകുപ്പുകളുമായി സഹകരിച്ചാവും പദ്ധതി തയ്യാറാക്കുക. അടുത്ത മാസം അവസാനവാരം ചേരുന്ന യോഗത്തിൽ പദ്ധതിയുടെ ആദ്യഘട്ടം ചർച്ച ചെയ്യും. തുടർന്ന് ജനപ്രതിനിധികളുടെ സാന്നിധ്യത്തിൽ പരിശോധിച്ച് അന്തിമ രൂപരേഖയുണ്ടാക്കും.
ജില്ലയിൽ അഞ്ച് സ്‌കൂളുകൾ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുന്ന നടപടികൾ നടന്നുവരികയാണ്. നിലവിലുള്ള സാങ്കേതിക പ്രശ്‌നങ്ങൾ പരിഹരിക്കാൻ മുൻകൈയെടുക്കുമെന്ന് കളക്ടർ അറിയിച്ചു. സ്‌കൂളുകളുടെ പശ്ചാത്തല സൗകര്യങ്ങൾ വികസിപ്പിക്കുന്നതിനൊപ്പം വിദ്യാഭ്യാസ ഗുണനിലവാരം ഉറപ്പുവരുത്തണമെന്ന് അദ്ദേഹം നിർദേശിച്ചു. വിദ്യാഭ്യാസ പുരോഗതിക്ക് ദീർഘകാല പദ്ധതികളാണ് നടപ്പാക്കേണ്ടത്. ഇതിനു വേണ്ടി ബന്ധപ്പെട്ട വകുപ്പുകളുടെ ഏകോപനമുണ്ടാവണമെന്നും ജില്ലാ കളക്ടർ ആവശ്യപ്പെട്ടു. യോഗത്തിൽ ഡിഡിഇ കെ. പ്രഭാകരൻ, എസ്എസ്എ ജില്ലാ പ്രൊജക്റ്റ് ഓഫിസർ ജി.എൻ. ബാബുരാജ് തുടങ്ങിയവർ പങ്കെടുത്തു.