ചൊക്ലി ഗ്രാമപഞ്ചായത്ത് വികസന സദസ്സ് രാമവിലാസം ഹൈസ്‌ക്കൂള്‍ അങ്കണത്തില്‍ നിയമസഭാ സ്പീക്കര്‍ അഡ്വ. എ.എന്‍ ഷംസീര്‍ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.കെ രമ്യ അധ്യക്ഷയായി. പഞ്ചായത്തിന്റെ വികസന പത്രിക സ്പീക്കര്‍ പഞ്ചായത്ത് പ്രസിഡന്റിന് നല്‍കി പ്രകാശനം ചെയ്തു.
സംസ്ഥാന സർക്കാർ നടത്തിയ വികസന പ്രവർത്തനങ്ങൾ സംബന്ധിച്ച ആമുഖം പാനൂര്‍ ബ്ലോക്ക് പഞ്ചായത്ത് ആസൂത്രണ സമിതി വൈസ് ചെയര്‍മാന്‍ കെ.പി സജീന്ദ്രന്‍ മാസ്റ്റര്‍ അവതരിപ്പിച്ചു. സർക്കാരിന്റെ വികസന നേട്ടങ്ങൾ കോർത്തിണക്കിയ വീഡിയോ പ്രദർശിപ്പിച്ചു. ചൊക്ലി പഞ്ചായത്ത് തല വികസന റിപ്പോര്‍ട്ട് പഞ്ചായത്ത് സെക്രട്ടറി വി അനിഷ അവതരിപ്പിച്ചു.
ഹരിതകര്‍മ സേനയ്ക്കുള്ള യൂണിഫോം, ചവറ്റുകുട്ട എന്നിവയുടെ വിതരണം ജില്ലാ പഞ്ചായത്തംഗം വിജയന്‍ മാസ്റ്റര്‍ നിര്‍വഹിച്ചു.
ഓപ്പണ്‍ ഫോറം വിവിധ മേഖലകളിലുള്ള വികസനആശയങ്ങൾ മുന്നോട്ടുവച്ചു. കോടിയേരി ബാലകൃഷ്ണന്‍ സ്മാരക കോളേജിലേക്കുള്ള റോഡിലെ ഗതാഗതം സുഗമമാക്കണം, ചൊക്ലിയില്‍ കണ്‍വെന്‍ഷന്‍ സെന്ററും സിനിമ തിയേറ്ററും നിര്‍മിക്കണം, മോന്താല്‍-പാത്തിക്കല്‍ റോഡ് ടൂ വേ ട്രാഫിക് ആക്കണം, ഗ്രാമീണ റോഡുകള്‍ നവീകരിക്കണം, കവിയൂര്‍ വായനശാല സാംസ്‌കാരിക നിലയമായി ഉയര്‍ത്തണം, ആര്‍ട്ട് ഗ്യാലറി സ്ഥാപിക്കണം, കാഞ്ഞിരം തൃക്കണ്ണാപുരം റോഡ് ഉയര്‍ത്തി ടാറിടണം തുടങ്ങിയ നിര്‍ദേശങ്ങള്‍ ജനങ്ങൾ മുന്നോട്ടുവച്ചു.
പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.ഒ ചന്ദ്രന്‍, ജില്ലാ പഞ്ചായത്തംഗം ഇ വിജയന്‍, ബ്ലോക്ക് പഞ്ചായത്തംഗം എ.കെ ഖാലിദ്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ നവാസ് പരത്തീന്റെവിട, എന്‍.വി സജിത, വി.എം റീത്ത, കെ പ്രദീപ് എന്നിവര്‍ സംസാരിച്ചു.
