അഞ്ചുവർഷം കൊണ്ട് സമസ്ത മേഖലകളിലും വികസനമെത്തിച്ച് പിണറായി ഗ്രാമപഞ്ചായത്ത്. റോഡുകൾ, പാലങ്ങൾ, കാർഷിക മേഖലയുടെ പുരോഗതിക്കായി കാർഷിക കർമ്മസേന ഉൾപ്പെടെയുള്ള സംരംഭങ്ങൾ, വിദ്യാഭ്യാസ മേഖലയുടെ പുരോഗതിക്കായി പിണറായി എഡ്യൂക്കേഷൻ ഹബ് അങ്ങനെ നിരവധി പദ്ധതികൾ. നാടിന്റെ സമഗ്ര വികസനത്തിനായി നടപ്പാക്കിയ പദ്ധതികളെ ജനങ്ങൾക്ക് മുന്നിൽ അവതരിപ്പിച്ച പിണറായി ഗ്രാമപഞ്ചായത്ത് വികസന സദസ്സ് പിണറായി കൺവെൻഷൻ സെന്ററിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ. കെ. രത്‌നകുമാരി ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. കെ. രാജീവൻ അധ്യക്ഷനായി.
സംസ്ഥാന സർക്കാർ നടത്തിയ വികസനനേട്ടങ്ങൾ കോർത്തിണക്കിയ വീഡിയോ പ്രദർശിപ്പിച്ചു. കില റിസോഴ്സ് പേഴ്‌സൺ പി. വി. രത്‌നാകരൻ ആമുഖം അവതരിപ്പിച്ചു. പഞ്ചായത്ത് നടത്തിയ വികസനപ്രവർത്തനങ്ങൾ സെക്രട്ടറി ലവിൻ വിൻസെന്റ് അവതരിപ്പിച്ചു. ഹരിത കർമ്മ സേന, കാർഷിക കർമ്മ സേന പ്രവർത്തകർ, സ്‌പോർട്‌സ് കൗൺസിൽ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട പി എം അഖിൽ എന്നിവരെ ചടങ്ങിൽ ആദരിച്ചു.
പിണറായി പഞ്ചായത്തിന്റെ വികസനം തുടരുന്നതിനുള്ള നിർദ്ദേശങ്ങളും അഭിപ്രായങ്ങളും ഓപ്പൺ ഫോറത്തിൽ ഉയർന്നു. പഞ്ചായത്ത് പരിധിയിലെ കളിക്കളങ്ങളുടെ നിലവാരം ഉയർത്തുക, ഡിജിറ്റൽ ലൈബ്രറി സ്ഥാപിക്കുക, മാലിന്യസംസ്‌കരണത്തിന് ആധുനിക സാങ്കേതിക വിദ്യകൾ കൂടുതൽ പ്രയോജനപ്പെടുത്തുക, വിവിധ വകുപ്പുകളുടെ ഉപയോഗശൂന്യമായി കിടക്കുന്ന സ്ഥലം ഏറ്റെടുത്ത് വികസന പ്രവർത്തനങ്ങൾ നടപ്പാക്കുക തുടങ്ങിയ നിർദ്ദേശങ്ങളാണ് പ്രധാനമായും ഉയർന്നത്.
