കേരളത്തിന്റെ ടൂറിസം മേഖല ഉറ്റു നോക്കുന്ന നാടുകാണി സൂ സഫാരി പാർക്ക് ഉൾപ്പെടെ സംസ്ഥാനത്ത് മറ്റൊരു പഞ്ചായത്തിനും അവകാശപ്പെടാൻ കഴിയാത്ത വികസന പ്രവർത്തനങ്ങളാണ് കുറുമാത്തൂർ പഞ്ചായത്തിൽ നടപ്പാക്കുന്നതെന്ന് എം.വി. ഗോവിന്ദൻ മാസ്റ്റർ എം.എൽ.എ പറഞ്ഞു. കുറുമാത്തൂർ ഗ്രാമ പഞ്ചായത്ത് വികസന സദസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കരിമ്പം കില കാമ്പസിൽ വരുന്ന ജില്ലാ സ്റ്റേഡിയം ഉൾപ്പെടെ വലിയ പദ്ധതികൾ പഞ്ചായത്തിൽ നടപ്പാക്കും. കുറുമാത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.എം സീന അധ്യക്ഷത വഹിച്ചു.

വികസന സദസ്സ് സംബന്ധിച്ച സംസ്ഥാനതല റിപ്പോർട്ട് എൽ എസ് ജി ഡി അസി. ഡയറക്ടർ സി എം ഹരിദാസും പഞ്ചായത്ത് വികസന റിപ്പോർട്ട് സെക്രട്ടറി എം.വി പവിത്രനും അവതരിപ്പിച്ചു. തുടർന്ന് പഞ്ചായത്തിന്റെ വികസന പ്രവർത്തനങ്ങൾ വിവരിക്കുന്ന വീഡിയോ ഡോക്യുമെന്ററി പ്രദർശിപ്പിച്ചു.

വികസന സദസിനോടനുബന്ധിച്ച് മിനി ജോബ് ഫെയറും കെ സ്മാർട്ട് ക്ലിനിക്കും കുടുംബശ്രീ സി ഡി എസ് സംയോജിത കൃഷി ക്ലസ്റ്റർ ഗ്രൂപ്പുകളുടെ കാർഷിക ഉൽപണങ്ങളുടെ വിപണന മേളയും നാട്ടു ചന്തയും നടത്തി. വികസന നേട്ടങ്ങളുടെ ഫോട്ടോ പ്രദർശനവും സംഘടിപ്പിച്ചു. സദസിന്റെ ഭാഗമായി നടത്തിയ പൊതു ചർച്ചയിൽ നാട്ടുകാർ നിർദ്ദേശങ്ങൾ പങ്കുവച്ചു.

പനക്കാട് ജി എൽ പി സ്‌കൂളിൽ നടന്ന വികസന സദസിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ.കെ രത്നകുമാരി, തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.എം കൃഷ്ണൻ, എന്നിവർ മുഖ്യാതിഥികളായി. തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ഷനോജ് മാസ്റ്റർ, സി.എം സവിത, കുറുമാത്തൂർ പഞ്ചായത്തംഗങ്ങൾ, അസിസ്റ്റന്റ് സെക്രട്ടറി സജി സെബാസ്റ്റ്യൻ വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികൾ തുടങ്ങിയവർ സംസാരിച്ചു.