ചെറുകുന്ന് ഗ്രാമപഞ്ചായത്തിന്റെ വികസന സദസ് ‘ചേലോടെ ചെറുകുന്ന്’ താവം സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ എം വിജിൻ എം എൽ എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ടി നിഷ അധ്യക്ഷയായി. റിസോഴ്സ് പേഴ്സൺ പി.വി രത്നാകരൻ സംസ്ഥാന വികസന റിപ്പോർട്ട് അവതരിപ്പിച്ചു. പഞ്ചായത്ത് അസി. സെക്രട്ടറി ദിലീപ് പുത്തലത്ത് പഞ്ചായത്ത് വികസന നേട്ടങ്ങൾ അവതരിപ്പിച്ചു. സംസ്ഥാന സർക്കാരിന്റെയും പഞ്ചായത്തിന്റെയും വികസന നേട്ടങ്ങൾ അവതരിപ്പിക്കുന്ന വീഡിയോ പ്രദർശിപ്പിച്ചു. തുടർന്ന് സംസ്ഥാന സർക്കാരിന്റെ പ്രഥമ കായകല്പ പുരസ്കാരം നേടിയ ഗവ. ആയുർവേദ ആശുപത്രി ജീവനക്കാരെ ആദരിച്ചു.
പഞ്ചായത്തിന്റെ മുന്നോട്ടുള്ള വികസന പ്രവർത്തങ്ങൾക്കായി പൊതുജനങ്ങളിൽ നിന്നുള്ള നിർദ്ദേശങ്ങളും അഭിപ്രായങ്ങളും പങ്കുവെച്ചുള്ള ഓപ്പൺ ഫോറം നടത്തി. തുടർന്ന് താവം ഗ്രാമവേദിയുടെ വടക്കൻ പെരുമ നാടൻ പാട്ട് അരങ്ങേറി. സദസ്സിൽ കെ സ്മാർട്ട് സേവനം ലഭ്യമാക്കി. വികസന സദസിനു മുന്നോടിയായി ഭിന്നശേഷി കലാമേള, വയോജന സംഗമം, തൊഴിൽ മേള തുടങ്ങിയവ സംഘടിപ്പിച്ചിരുന്നു.
കല്ല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.പി ഷാജിർ, ചെറുകുന്ന് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.വി സജീവൻ, പഞ്ചായത്ത് സ്ഥിരം സമിതി അംഗങ്ങളായ സി എച്ച് പ്രദീപ്കുമാർ, ടി.ഇ നിർമ്മല, കെ അനിത, ആസൂത്രണ സമിതി ഉപാധ്യക്ഷൻ കെ.വി നാരായണൻ, പഞ്ചായത്ത് സെക്രട്ടറി വി രാജീവൻ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ കെ പത്മിനി, രേഷ്മ പരാഗൻ എന്നിവർ പരിപാടിയിൽ പങ്കെടുത്തു.
