പാട്യം ഗ്രാമപഞ്ചായത്ത് വികസന സദസ്സ് ‘പാട്യം പൊലിമ’ കൊട്ടയോടിയിൽ കെ പി മോഹനൻ എം എൽ എ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൻ.വി ഷിനിജ അധ്യക്ഷയായി.

പഞ്ചായത്തിന്റെ പ്രോഗ്രസ് റിപ്പോർട്ട് മുൻ എംഎൽഎ പി ജയരാജൻ പ്രകാശനം ചെയ്തു. പഞ്ചായത്തിലെ വിവിധ മേഖലയിൽ കഴിവ് തെളിയിച്ചവരെ പരിപാടിയിൽ ഡിപിസി ഗവ. നോമിനി കെ.വി ഗോവിന്ദൻ ആദരിച്ചു. ജില്ലാ റിസോഴ്സ് പേഴ്സൺ സുജിത് കുമാർ പയ്യമ്പളളി വിഷയാവതരണം നടത്തി. സംസ്ഥാന സർക്കാറിന്റെ വികസന നേട്ടങ്ങൾ കോർത്തിണക്കിയ വീഡിയോ പ്രദർശിപ്പിച്ചു. പഞ്ചായത്ത്തല വികസന നേട്ടങ്ങളുടെ റിപ്പോർട്ട് സെക്രട്ടറി ജോയ്സ് വർഗീസ് അവതരിപ്പിച്ചു.

ഓപ്പൺ ഫോറത്തിൽ പഞ്ചായത്ത് വികസനത്തിനായി പൊതുജനങ്ങൾ നിർദേശങ്ങളും ആശയങ്ങളും മുന്നോട്ടുവെച്ചു. അങ്കണവാടികൾക്ക് കൂടുതൽ സ്ഥലസൗകര്യം നൽകുക, സ്ട്രീറ്റ് ലൈറ്റ് സ്ഥാപിക്കുക, നടപ്പാത നിർമാണം, കാൻസർ രഹിത പഞ്ചായത്ത് എന്ന ലക്ഷ്യം, ചെറുകിട വ്യവസായം വളർത്താനുള്ള സാഹചര്യം ഒരുക്കുക, വയോജന വിശ്രമ കേന്ദ്രം എന്നിങ്ങനെ ഇനി നടപ്പിലാക്കേണ്ട പദ്ധതികളും കൂടുതൽ മെച്ചപ്പെടുത്തേണ്ട മേഖലകളും ഇനി ശ്രദ്ധയൂന്നേണ്ട വികസന പരിപാടികളും ഉയർന്നുവന്നു.

വികസന സദസ്സിന്റെ ഭാഗമായി ഊരുത്സവം, ന്യൂട്രീഷൻ എക്സിബിഷൻ, അങ്കണവാടി കലോത്സവം, വയോജന ഭിന്നശേഷി സഹായ ഉപകരണ വിതരണം, കർഷക സംഗമം, ജോബ് ഫെയർ, കലാസന്ധ്യ, വിവിധ മേഖലകളിൽ കഴിവ് തെളിയിച്ചവരെ ആദരിക്കൽ തുടങ്ങിയ അനുബന്ധ പരിപാടികൾ സംഘടിപ്പിച്ചു.

പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.പി പ്രദീപ് കുമാർ, ജില്ലാ പഞ്ചായത്തംഗം ഉഷ രയരോത്ത്, ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ടി ദാമോദരൻ, പഞ്ചായത്ത് സ്ഥിരം സമിതി അംഗങ്ങളായ ടി സുജാത, മുഹമ്മദ് ഫായിസ് അരുൾ, ശോഭ കോമത്ത്, പി റോജ, പി.പി സുരേന്ദ്രൻ, ആസൂത്രണ സമിതി വൈസ് ചെയർമാൻ കെ പ്രവീൺകുമാർ, സിഡിഎസ് ചെയർപേഴ്സൺ പി ശ്രീഷ്മ, എം.സി രാഘവൻ മാസ്റ്റർ, എ പ്രദീപൻ, കെ.എം ചന്ദ്രൻ മാസ്റ്റർ, അസിസ്റ്റന്റ് സെക്രട്ടറി എസ് ശ്രീജ പുത്തൻപുരയിൽ, ഭരണസമിതി അംഗങ്ങൾ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.