ശബരിമല: പുല്ലുമേടില്‍ നിന്നും തുടങ്ങി കാനനപാത വഴി ഉരക്കുഴിയിലൂടെ സന്നിധാനത്തെത്തുന്ന ഭക്തര്‍ക്ക് വേറിട്ട തീര്‍ത്ഥയാത്രാനുഭവമാണ് എന്നുമുണ്ടാവുക. മണ്ഡലകാലം തുടങ്ങിയതിനുശേഷം ഈ വഴിയിലൂടെ സന്നിധാനത്തെത്തിയത് 1100 ഓളം ഭക്തരാണ്. സത്രം, ഫോറസ്റ്റ് സെക്ഷന്‍ ഓഫീസിന് അടുത്തുനിന്നും തുടങ്ങി, ബ്ലാവനത്തോട്, സീതക്കുളം, ഉപ്പുപാറ, ആനത്തലക്കൂട്, കഴുതക്കുഴി വഴിയാണ് സന്നിധാത്തേയ്ക്ക് ഭക്തര്‍ എത്തുന്നത്.
കാനനപാതയിലൂടെ യാത്ര ചെയ്യുന്ന ഭക്തര്‍ക്ക് ടോക്കണ്‍ സബ്രദായം, ഫോട്ടോ, മേല്‍വിലാസം എന്നിവയൊക്കെ നല്‍കിയാണ് വനംവകുപ്പ് കടത്തിവിടുന്നത്. ഭക്തരുടെ സുരക്ഷയ്ക്കാണ് വനംവകുപ്പ് പ്രധാന്യം നല്‍കുന്നത്. ഭക്തര്‍ പ്ലാസ്റ്റിക് വസ്തുക്കള്‍ പൂര്‍ണമായും ഒഴിവാക്കാന്‍ വനംവകുപ്പ് നിര്‍ദേശം നല്‍കുന്നുണ്ട്. ആവശ്യമുള്ള വസ്തുക്കള്‍ പേപ്പര്‍ കവറുകളിലാക്കി നല്‍കുകയാണ് ചെയ്യുന്നത്. കാനനപാതയിലെ യാത്ര രാവിലെ ഏഴുമുതല്‍ ഉച്ചയ്ക്ക് രണ്ടുമണിവരെയാണ് ഉള്ളത്. കാനനപാതയില്‍ വനംവകുപ്പിന്റെ നേതൃത്വത്തില്‍ ഭക്തര്‍ക്ക് കുടിവെള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതുപോലെ യാത്രസൗകര്യത്തിനായി ദിശാസൂചികകളും സ്ഥാപിച്ചിട്ടുണ്ട്. വര്‍ഷങ്ങളായി കാനനപാതയിലൂടെ മാത്രം ശബരിമലയിലെത്തുന്ന ഭക്തര്‍ നിരവധിയാണ്.