പട്ടികവർഗ വിദ്യാർത്ഥികളെ മത്സരപ്പരീക്ഷകൾക്ക് സജ്ജരാക്കുന്നതിന് സുൽത്താൻ ബത്തേരി നഗരസഭ നടപ്പാക്കിവരുന്ന നൂതന പദ്ധതിയായ ഫ്ലൈ ഹൈ നാലാം വർഷത്തേക്ക് പ്രവേശിച്ചു. ജില്ലാ വിദഗ്ധ സമിതിയുടെ അംഗീകാരത്തോടെ കഴിഞ്ഞ മൂന്ന് വർഷമായി വിജയകരമായി നടപ്പാക്കിവരുന്ന ഈ പദ്ധതിയുടെ 2025-26 വർഷത്തെ പ്രവർത്തനങ്ങൾക്കാണ് ഇപ്പോൾ തുടക്കമായിരിക്കുന്നത്.
കഴിഞ്ഞ മൂന്ന് വർഷത്തിനിടെ മികച്ച നേട്ടങ്ങളാണ് ഫ്ലൈ ഹൈ പദ്ധതിക്ക് കൈവരിക്കാനായത്. ആറ് വിദ്യാർത്ഥികൾക്ക് 48,000 രൂപ ലഭിക്കുന്ന എൻ.എം.എം.എസ്. സ്കോളർഷിപ്പ്, നാല് പേർക്ക് യു.എസ്.എസ്, മൂന്ന് പേർക്ക് എൽ.എസ്.എസ്, സ്കോളർഷിപ്പുകൾ എന്നിവ നേടുന്നതിനുള്ള പിന്തുണയേകാൻ പദ്ധതിക്ക് കഴിഞ്ഞു. സ്കോളർഷിപ്പ് നേട്ടങ്ങൾക്കപ്പുറം, കുട്ടികളിൽ പഠനത്തോടുള്ള ക്രിയാത്മകമായ സമീപനം വളർത്താനും പദ്ധതി സഹായകമായിട്ടുണ്ട്. സംസ്ഥാനത്തെ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനങ്ങൾ സന്ദർശിക്കാനും പ്രമുഖ വ്യക്തിത്വങ്ങളുമായി ആശയവിനിമയം നടത്താനുമുള്ള അവസരം ലഭിച്ചത് കുട്ടികളുടെ കാഴ്ചപ്പാടുകളിൽ വലിയ മാറ്റം ഉണ്ടാക്കി.
നാലാം വർഷത്തേക്കുള്ള വിദ്യാർത്ഥികളെ തെരഞ്ഞെടുക്കുന്നതിനുള്ള പ്രവേശന പരീക്ഷയിൽ നഗരസഭാ പരിധിയിൽ നിന്നുള്ള 287 വിദ്യാർത്ഥികൾ പങ്കെടുത്തു. ഡെപ്യൂട്ടി ചെയർപേഴ്സൺ എൽസി പൗലോസ് പരീക്ഷയുടെ ഉദ്ഘാടനം നിർവഹിച്ചു. പ്രവേശന പരീക്ഷയിലും അഭിമുഖത്തിലും മികവ് തെളിയിക്കുന്ന വിദ്യാർത്ഥികൾക്ക് 14 അധ്യാപകരുടെ നേതൃത്വത്തിൽ ഒഴിവ് ദിവസങ്ങളിലായിരിക്കും പരിശീലനം നൽകുക. നഗരസഭ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ ടോം ജോസ് അധ്യക്ഷത വഹിച്ച പരിപാടിയിൽ സ്ഥിരം സമിതി അംഗങ്ങളായ സാലി പൗലോസ്, ഷാമില ജുനൈസ്, കൗൺസിലർമാരായ ജയചന്ദ്രൻ, പ്രിയാവിനോദ്, ഷീബാ ചാക്കോ, എം.സി ഹേമ, ബിന്ദു പ്രമോദ്, പദ്ധതി നിർവഹണ ഉദ്യോഗസ്ഥൻ പി.എ. അബ്ദുൾ നാസർ, സർവജന സ്കൂൾ പ്രധാനാധ്യാപിക ബിജി വർഗീസ് എന്നിവർ സംസാരിച്ചു.
