പാണാവള്ളി : പാണാവള്ളി പഞ്ചായത്തിൽ വികസനോത്സവം സംഘടിപ്പിച്ചു. 10 വികസന പദ്ധതികൾ ഉദ്ഘാടനം ചെയ്തുകൊണ്ടാണ് പഞ്ചായത്തിൽ വികസനോത്സവം സംഘടിപ്പിച്ചത്.പ്രളയത്തിൽ കൈത്താങ്ങായവരെ ആദരിക്കൽ,ബഡ്സ് സ്കൂളിന് അധിക സൗകര്യം,ലൈഫ് പദ്ധതി രണ്ടാം ഘട്ടം പൂർത്തിയാക്കിയ വീടിന്റെ താക്കോൽ നൽകൽ,പഞ്ചായത്ത് സമ്പൂർണ്ണ തെരുവ് വിളക്ക് പ്രഖ്യാപനം,പി.എച്.സി. വികലാംഗ സൗഹൃദ ശൗചാലയം,മൃഗസംരക്ഷണ വകുപ്പിന്റെ ആട് വിതരണം,അങ്കണവാടിക്ക് വിട്ടുതന്ന ഭൂമി ഏറ്റുവാങ്ങൽ,സ്കൂൾ ലൈബ്രറി ഉദ്ഘാടനം,20 ലക്ഷം രൂപയുടെ എം.സി.എഫ്.നിർമ്മാണോദ്ഘാടനം,എന്നീ പദ്ധതികളുടെ ഉദ്ഘാടനമാണ് വികസനോത്സവത്തിൽ നടന്നത്.
കഴിഞ്ഞ പ്രളയകാലത്ത് കൈത്താങ്ങായി പ്രവർത്തിച്ച ഉദ്യോഗസ്ഥരോടൊപ്പം പോലീസ്, വില്ലേജ് ഉദ്യോഗസ്ഥർ, പ്രസ് ക്ലബ് ഭാരവാഹികൾ , ഡോക്ടർമാർ, പാണാവള്ളിയിൽ നിന്നും മറ്റു സ്ഥലങ്ങളിൽ രക്ഷ പ്രവർത്തനം നടത്തിയവർ, ക്യാമ്പ് കൺവീനർമാർ, അധ്യാപകർ, പ്രസ് ക്ലബ് ഭാരവാഹികൾ എന്നിവരെയും ചടങ്ങിൽ ആദരിച്ചു.
ലൈഫ് ഭവന പദ്ധതിയിൽ ആദ്യം പൂർത്തിയായ വീടിന്റെ ഉടമ പ്രദീപിന് വീടിന്റെ താക്കോൽ നൽകി. അർഹതയുള്ള 240 പേർക്കാണ് പാണാവള്ളി ഗ്രാമപഞ്ചായത്ത് ലൈഫ് ഭവന പദ്ധതി വഴി വീടുകൾ നിർമിച്ചുനൽകുന്നത്. ലൈഫ് പദ്ധതിവഴി ജില്ലയിൽ ഏറ്റവും കൂടുതൽ വീടുകൾ നിർമിക്കുന്ന പഞ്ചായത്താണ് പാണാവള്ളി. .വികസന പ്രവർത്തനങ്ങൾ കൃത്യമായ അസൂത്രണത്തിലൂടെ നടപ്പിലാക്കാൻ കഴിഞ്ഞതിൽ അഭിമാനമുണ്ടെന്ന് പഞ്ചായത്ത് പ്രസിഡന്റ് രാജേഷ് വിവേകാനന്ദ പറഞ്ഞു. ചടങ്ങിൽ ജില്ലാ പഞ്ചായത്ത് അംഗം പി.എം.പ്രമോദ്,ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഷീല കാർത്തികേയൻ,ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ പി.കെ.സുശീലൻ,വികസന കാര്യാ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ പ്രേംലാൽ ഇടവഴിക്കൽ ,പഞ്ചായത്ത് സെക്രട്ടറി ശിവദാസ് എന്നിവർ സംസാരിച്ചു.
