ഭിന്നശേഷിക്കാര്‍ക്കായി നിരവധി സേവന പദ്ധതികള്‍ നടപ്പാക്കുന്ന ഓങ്ങല്ലൂര്‍ ഗ്രാമപഞ്ചായത്ത് ഇനി ഭിന്നശേഷി സൗഹൃദ പഞ്ചായത്താവും. സൗഹൃദ പഞ്ചായത്തിനായുള്ള നടപടി ക്രമങ്ങള്‍ ഉടന്‍ പൂര്‍ത്തീകരിക്കുമെന്ന് ഓങ്ങല്ലൂര്‍ ഗ്രാമപഞ്ചായത്ത് ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ പി.പി വിജയന്‍ പറഞ്ഞു. ഓങ്ങല്ലൂര്‍ ഗ്രാമപഞ്ചായത്ത് ഹാളില്‍ നടന്ന ഭിന്നശേഷിക്കാരുടെ പഞ്ചായത്ത് തല ഗ്രാമസഭ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ശാരീരിക -മാനസിക വെല്ലുവിളി നേരിടുന്ന 884 പേരാണ് പഞ്ചായത്തിലുള്ളത്. ഇതില്‍ 101 പേര്‍ വിദ്യാര്‍ഥികളാണ്. ഭിന്നശേഷിയുള്ള കുട്ടികള്‍ക്കായി പഞ്ചായത്തിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന ബഡ്‌സ് സ്‌കൂളില്‍ 32 പേരാണ് പഠിക്കുന്നത്. 101 കുട്ടികള്‍ക്കും പഞ്ചായത്ത് ഭിന്നശേഷി സ്‌കോളര്‍ഷിപ്പ് നല്‍കുന്നുണ്ട്. 522 പേര്‍ക്ക് പ്രതിമാസം 1100 രൂപ വികലാംഗ പെന്‍ഷനും നല്‍കുന്നുണ്ട്. കൂടാതെ ആശ്വാസകിരണം പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഭിന്നശേഷിക്കാരെ പരിചരിക്കുന്നവര്‍ക്ക് ധനസഹായം, ഭിന്നശേഷിക്കാരുടെ പെണ്‍മക്കള്‍ക്ക് വിവാഹധനസഹായം, ജീവനം പദ്ധതിയിലൂടെ ഭിന്നശേഷിക്കാര്‍ ഉള്‍പ്പെടെ കിടപ്പിലായവര്‍ക്ക് ഭക്ഷ്യധാന്യ കിറ്റ് -മരുന്ന് എന്നിവയുടെ വിതരണം, കോക്ലിയര്‍ ഇംപ്ലാന്റ് ഉള്‍പ്പെടെയുള്ള ഉപകരണങ്ങളുടെ വിതരണം, മുച്ചക്ര വാഹന വിതരണം എന്നിവയും പഞ്ചായത്ത് നടപ്പിലാക്കുന്നുണ്ട്. 2019-20 വര്‍ഷത്തേക്കുള്ള വാര്‍ഷിക പദ്ധതി രൂപീകരണത്തിന്റെ ഭാഗമായി നടന്ന ഗ്രാമസഭയില്‍ നിലവിലെ പദ്ധതികള്‍ക്ക് പുറമേ ഭിന്നശേഷിക്കാരുടെ ആവശ്യങ്ങള്‍ കൂടി ചര്‍ച്ച ചെയ്തു. പഞ്ചായത്ത് അംഗം പി.ജ്യോതിലക്ഷ്മി അധ്യക്ഷയായ യോഗത്തില്‍ ഐ.സി.ഡി.എസ് സൂപ്പര്‍വൈസര്‍ പി. ഉഷ, ബഡ്സ് സ്‌കൂള്‍ അധ്യാപിക ടി.പി മറിയ എന്നിവര്‍ സംസാരിച്ചു.
ഭിന്നശേഷി ദിനാചരണം സ്‌നേഹ സംഗമം 3ന്
ലോക ഭിന്നശേഷി ദിനത്തോടനുബന്ധിച്ച് ഓങ്ങല്ലൂര്‍ ഗ്രാമപഞ്ചായത്ത്- മരുതൂര്‍ ബഡ്‌സ് സ്‌കൂള്‍ എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ ഭിന്നശേഷി ദിനാചരണവും ജീവനം സ്‌നേഹ സംഗമവും നടത്തും. ഡിസംബര്‍ മൂന്നിന് രാവിലെ 10 ന് മരുതൂര്‍ ബഡ്സ് സ്‌കൂളില്‍ നടക്കുന്ന പരിപാടി സോപാന സംഗീതജ്ഞന്‍ റഷീദ് വലിയകത്ത് ഉദ്ഘാടനം ചെയ്യും. ചടങ്ങില്‍ ഓങ്ങല്ലൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നിഷാര്‍ പറമ്പില്‍ അധ്യക്ഷനാവും. ശാരീരിക മാനസിക വെല്ലുവിളി നേരിടുന്ന മുഴുവന്‍ ആളുകളെയും ഉള്‍പ്പെടുത്തി നടത്തുന്ന പരിപാടിയില്‍ കുട്ടികളുടെ കലാപരിപാടികള്‍, ഐ.സി.ഡി.എസ് സേവനങ്ങള്‍-ലക്ഷ്യങ്ങള്‍ എന്നീ വിഷയത്തില്‍ പ്രദര്‍ശനം, ഭിന്നശേഷി കുട്ടികള്‍ നിര്‍മിച്ച കരകൗശല വസ്തുക്കളുടെ പ്രദര്‍ശനം, വില്‍പന, ഗാനവിരുന്ന് എന്നിവ നടക്കും.