മുണ്ടക്കയം കുടുംബാരോഗ്യകേന്ദ്രത്തിലെ വിവിധ പദ്ധതികള്‍ ആരോഗ്യ-വനിതാ ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ഉദ്ഘാടനം ചെയ്തു. അഡ്വ. സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ എം.എല്‍.എ. അധ്യക്ഷത വഹിച്ചു. 24 മണിക്കൂര്‍ ഐ.പി. വിഭാഗം, എക്സ്-റേ യൂണിറ്റ്, പാലിയേറ്റീവ് യൂണിറ്റ് എന്നിവയുടെ ഉദ്ഘാടനമാണ് മന്ത്രി നിര്‍വഹിച്ചത്.

ബ്ലോക്ക് പഞ്ചായത്തിന്റെ 2020-25 ഭരണസമിതിയുടെ കാലത്ത് ഈ ആശുപത്രിയില്‍ 3.55 കോടി രൂപയുടെ വികസന-സേവന പ്രവര്‍ത്തനങ്ങള്‍ നടത്തി. എക്സ്-റേ യൂണിറ്റിനായി 31.25 ലക്ഷം രൂപയും പാലിയേറ്റീവ് കെയര്‍ ഫര്‍ണിഷിംഗിനായി 35 ലക്ഷം രൂപയുമാണ് ബ്ലോക്ക് പഞ്ചായത്തിന്റെ ഫണ്ടില്‍ നിന്ന് വിനിയോഗിച്ചത്.

അവശ്യ മരുന്നുകള്‍ വാങ്ങുന്നതിന് 77 ലക്ഷം രൂപയും സെക്കന്‍ഡറി പാലിയേറ്റീവ് കെയറിന് 50 ലക്ഷം രൂപയും വനിതാ ക്യാന്‍സര്‍ നിര്‍ണയ ക്യാമ്പിന് ആറു ലക്ഷം രൂപയും കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് 45 ലക്ഷം രൂപയും ചെലവിട്ടു. കുടിവെളളം എത്തിക്കാന്‍ മൂന്നു ലക്ഷം രൂപയും ബയോമെഡിക്കല്‍ മാലിന്യ പ്ലാന്റ് സ്ഥാപിക്കാന്‍ മൂന്നുലക്ഷം രൂപയും വിനിയോഗിച്ചു.